എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു കാര്യമാണ് സെൽഫി എടുക്കുക എന്നത്. നമ്മളെ തന്നെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായി പോലും വേണമെങ്കിൽ സെൽഫിയെ വിശേഷിപ്പിക്കാം. ഒരു നല്ല ഡ്രസ്സ് ഇട്ടാലോ ഒരുങ്ങിയാലോ സെൽഫി എടുക്കുക എന്നത് എല്ലാവരുടെയും ഒരു ശീലമായി മാറിയിരിക്കുന്നു.എന്നാൽ സെൽഫി എടുക്കുന്ന രീതി ശരിയായില്ലെങ്കിലോ,സാങ്കേതിക തടസങ്ങളാലോ നല്ല സെൽഫി കിട്ടാതെ ഇരിക്കാം.
സെൽഫി എങ്ങനെ മനോഹരമാക്കാം?
ഒരു നല്ല സെൽഫി എടുക്കുന്നതിൽ നിരവധി കാര്യങ്ങൾ അടങ്ങിയിട്ടുണ്ട്.ലൈറ്റിങ്, ആംഗിൾസ്, ഷാഡോ ഇവയെല്ലാം ഫോട്ടോയെ മനോഹരമാക്കുന്നുണ്ട്. ആയതിനാൽ ടെക്നിക്കലായ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ ആകർഷകമായ സെൽഫികൾ ലഭിക്കുകയുള്ളൂ.കുറച്ചു സമയം ഇതിനായി ചിലവഴിക്കുകയാണെങ്കിൽ ഏവരാലും ആകർഷിക്കപ്പെടുന്ന സെൽഫി എടുക്കാനാകും.
ലൈറ്റിങ് ക്രമീകരിക്കുന്നത് എങ്ങനെ
നമ്മൾ എല്ലാവരും കേട്ടിരിക്കുന്ന ഒരു കാര്യമാണ് ലൈറ്റിംഗ് നന്നായാൽ മാത്രമ ഫോട്ടോയും നന്നായിരിക്കൂ.എന്നാൽ ഇത് വെറുതെ പറയുന്നതല്ല,ഏറ്റവും പ്രാഥമികമായ ഘടകമാണ് ലൈറ്റിംഗ് എന്ന് പറയുന്നത്.പ്രധാനമായും സൂര്യപ്രകാശമാണ് സെൽഫി എടുക്കാനായി ആവശ്യമായിട്ടുള്ളത്.സൂര്യപ്രകാശം നിങ്ങളുടെ അടുത്ത സുഹൃത്തായി മാറും സെൽഫി ഇഷ്ടപെടുകയാണെങ്കിൽ.
നിങ്ങളുടെ കവിളുകളിലും കണ്ണുകളിലും പ്രകാശം പരത്തും.എന്നാൽ കണ്ണിനടിയിലുള്ള കറുത്ത നിറം,കുരുക്കളുടെ പാടുകൾ ഇവയെല്ലാം ചിലപ്പോൾ തെളിഞ്ഞു കാണാനാകും.എന്നാൽ ഇതിനെതിരെ പരീക്ഷിക്കാവുന്ന ഒരു നുറുങ്ങു വിദ്യയുണ്ട്.ഒരു വെള്ളപേപ്പർ താടിക്ക് താഴെ വെക്കുക ൯.ഫ്രെയിമിനകത്ത് ആയിരിക്കരുത്.ഇത് സൂര്യപ്രകാശം പ്രതിഫലിപ്പിക്കുകയും സെൽഫി മനോഹരമാക്കുകയും ചെയ്യും.
ഗോൾഡൻ ഹൗറും ഫോട്ടോഗ്രാഫേഴ്സും
പുറത്തു സൂര്യപ്രകാശത്തിനു താഴെ മാത്രമല്ല നല്ല ഫോട്ടോസ് കിട്ടുന്നത്.വീടിനുള്ളിൽ വെച്ചും ഫോട്ടോസ് എടുക്കാം.അവിടെയാണ് ഗോൾഡൻ ഹൗറിന്റെ പ്രാധാന്യം.ജനാലയിലൂടെയും മറ്റും വീടിനുള്ളിലേക്ക് വരുന്ന വരുന്ന ലൈറ്റിനെ വേണ്ട വിധം പ്രയോജനപ്പെടുത്താൻ കഴിയണം.
എന്നാൽ എല്ലാ പ്രകാശവും ഫോട്ടോ എടുക്കാൻ പറ്റുന്നതല്ല,ഫോട്ടോ എടുക്കാൻ പറ്റിയ സമയവും പ്രകാശവുമാണ് ഗോൾഡൻ ഹൗർ .ഇനി ആ സമയത്ത് ഫോട്ടോ എടുക്കാൻ പറ്റിയില്ലെങ്കിൽ ഉള്ളിലുള്ള അതേ പ്രകാശമുള്ള ലൈറ്റ് ബൾബുകൾ ഉപയോഗിച്ചാൽ മതിയാകും.
നിഴൽ ഒഴിവാക്കി സെൽഫി എടുക്കാം
സെൽഫി എടുക്കുമ്പോൾ നിഴൽ വരുന്നത് നമ്മൾ നിൽക്കുന്ന സ്ഥാനം ശരിയല്ലാത്ത കാരണമാണ്.കൃത്യമായ ആംഗിളിൽ നിന്നാൽ മാത്രമേ നിഴലില്ലാത്ത ഫോട്ടോ ലഭിക്കൂ.സെൽഫി എടുക്കുമ്പോൾ നിഴലിലാണെങ്കിൽ ലൈറ്റിന് നേരെ തിരിഞ്ഞു നിൽക്കുക,ഉദാഹരണത്തിന് വെളുത്ത ചുവരിനടുത്തേക്ക് തിരിഞ്ഞു നിന്നാൽ സൂര്യപ്രകാശത്തിന്റെ പ്രതിഫലനം ഉണ്ടാകും.
എന്നാൽ ചില സാഹചര്യങ്ങളിൽ ഫോട്ടോ എടുക്കാനായി നിഴലുകൾ ഉപയോഗിക്കാം.ഉദാഹരണമായി ഗോൾഡൻ ഹൗറിൽ ജനാലയിൽ നിന്ന് സെൽഫി എടുക്കുകയാണെങ്കിൽ നിങ്ങളുടെ മുഖത്ത് വരയുള്ള എഫ്ഫക്റ്റ് സൃഷ്ടിക്കാനാകും.
എത്ര ഒഴിവാക്കാൻ നോക്കിയാലും കടന്നു വരുന്ന നിഴലുകളുണ്ട്.നിങ്ങളുടെ ഫോണിന്റെയോ അത് പിടിച്ചിരിക്കുന്ന കൈയിന്റെയോ ആയിരിക്കുമത്.ഇത് ഒരു പരിധി വരെ ഒഴിവാക്കാൻ പറ്റാത്ത പ്രശ്നമാണ് .
ഫോൺ പിടിക്കേണ്ട ആംഗിൾ കണ്ടെത്താം
വെറുതെ ഫോട്ടോ എടുത്താൽ അത് ഭംഗി ഉണ്ടാകണമെന്നില്ല.അതിന് കൃത്യമായ ആംഗിൾ കണ്ടെത്തണം.കാരണം നിഴൽ ഇല്ലാതെ നല്ല പോസിൽ സെൽഫി എടുക്കണമെങ്കിൽ ആംഗിൾ അറിഞ്ഞേ തീരൂ
ഫോൺ പിടിക്കേണ്ട രീതി
നിങ്ങളുടെ തല വശത്തേക്ക് ചരിക്കുക, നിങ്ങളുടെ ഫോണിന്റെ ആംഗിൾ ചരിക്കുക, അല്ലെങ്കിൽ ഒരു ഡയഗണൽ കോണിൽ നിന്ന് ഫോൺ പിടിക്കുക
നിങ്ങളുടെ ബാക്ക്ഗ്രൗണ്ടിനെ കുറിച്ച് ബോധവാനായിരിക്കുക
ഒരു ഫോട്ടോ മനോഹരമാക്കുന്നതിൽ ബാക്ക്ഗ്രൗണ്ടിനുള്ള സ്ഥാനം നിസാരമല്ല.നിങ്ങളുടെ ഫോട്ടോയുടെ ലക്ഷ്യം എന്താണെന്ന് മനസിലാക്കാൻ ബാക്ക്ഗ്രൗണ്ട് നോക്കിയാൽ മതിയാകും.ഒരു നല്ല ബാക്ക്ഗ്രൗണ്ട് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ബാക്ക്ഗ്രൗണ്ട് ബ്ലററാക്കി നിങ്ങളുടെ മുഖം മാത്രം ഫോക്കസ് ചെയ്യുക.
ഒന്നിലധികം ഫോട്ടോ എടുക്കുക
ഓരോ ആംഗിളിൽ നിന്നും വ്യത്യസ്തമായ ഫോട്ടോ എടുക്കുക.ഓരോ ഷോട്ടിലും പല പോസുകൾ ആവിഷ്കരിക്കുക.ഹെയർസ്റ്റൈലിൽ മാറ്റം വരുത്തിയും മറ്റും പല തരത്തിൽ നമുക്ക് ഫോട്ടോ എടുക്കാം.ഇങ്ങനെ ചെയുമ്പോൾ ഒന്ന് ഇഷ്ടമായിലെങ്കിലും ഒരെണ്ണമെങ്കിലും നന്നായി വരുന്നതായിരിക്കും.
എഡിറ്റിങ് നടത്തുന്നത് എങ്ങനെ
ഏതൊരു ഫോട്ടോയും എഡിറ്റിംഗ് ആവശ്യപ്പെടുന്നുണ്ട്.ചെറിയ ലൈറ്റ് ക്രമീകരണമൊക്കെ വേണ്ടി വരും.എന്നാൽ കൂടുതലായി എഡിറ്റിംഗ് ചെയ്താൽ അതിന്റെ സ്വാഭാവികത നഷ്ടമാകും.നിങ്ങൾ സെൽഫി എടുക്കുമ്പോൾ ഫോണിലുള്ള ഫിൽറ്റർ ഉപയോഗിച്ച് എടുക്കുകയാണെങ്കിൽ എഡിറ്റിംഗ് ചെയുന്നത് കുറക്കാൻ സാധിക്കും.
ആത്മവിശ്വാസത്തോടെ പുഞ്ചിരിയോടെ സെൽഫി എടുക്കൂ… ജീവിതം ഒരു കണ്ണാടിയിൽ എന്ന പോലെ പകർത്തൂ…