മലയാളികളുടെ എക്കാലത്തെയും മികച്ച റൊമാന്റിക് നടനാണ് കുഞ്ചാക്കോ ബോബൻ. ഫാസിലിന്റെ അനിയത്തി പ്രാവിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തു വെച്ച നടനാണ് അദ്ദേഹം.
മലയാള സിനിമയുടെ കാരണവരായ ഉദയ കുടുംബത്തിലെ ഇളംമുറക്കാരനാണ് കുഞ്ചാക്കോ ബോബൻ. മലയാളികൾ ഏറ്റവും സ്നേഹത്തോടെ ചാക്കോച്ചാ എന്ന് വിളിക്കുന്ന കുഞ്ചാക്കോ ബോബൻ ഒരു നല്ല ഡാൻസർ കൂടിയാണ്.
ഒരുഘട്ടത്തിൽ സിനിമയിൽ നിന്ന് കുറച്ചു കാലം ഇടവേള എടുത്ത് മാറി നിന്ന ചാക്കോച്ചൻ തിരിച്ചു വന്നത് തന്റെ ഇമേജിനെ പൊട്ടിച്ചെറിഞ്ഞിട്ടാണ്. നായക കഥാപാത്രങ്ങളിൽ അല്ലെങ്കിൽ പ്രണയ കഥകളിൽ മാത്രം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് കുഞ്ചാക്കോ ബോബൻ ഒരു ഇടവേള എടുത്തത്.
എന്നാൽ തന്റെ തിരിച്ചു വരവിൽ ട്രാഫിക് പോലുള്ള സിനിമകളിലൂടെ നായക കഥാപാത്രങ്ങൾ മാത്രമല്ല നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു.തന്റെ രണ്ടാം വരവിൽ ഇമേജുകളുടെ ഭാരമില്ലാതെ അഴിഞ്ഞാടുന്ന ചാക്കോച്ചനെയാണ് കാണാൻ സാധിക്കുന്നത്.
നിലവിൽ ഫഹദ് ഫാസിൽ കഴിഞ്ഞാൽ അടുത്തത് ഏത് കഥാപാത്രമായിരിക്കും എന്ന് പ്രവചിക്കാൻ കഴിയാത്ത നടനായി അദ്ദേഹം മാറിയിരിക്കുന്നു. അഭിനയ ജീവിതത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന കുഞ്ചാക്കോ ബോബന്റെ പക്വതയാർന്ന ജീവിതാഭിനയങ്ങൾ കൂടുതൽ ഊർജിതമാകുകയാണ്. നായികാ പ്രാധാന്യമുള്ള സിനിമകളും വില്ലൻ കഥാപാത്രങ്ങളും കോമഡി റോളുകളും തനിക്ക് അനായാസേന വഴങ്ങുമെന്ന് കുഞ്ചാക്കോ ബോബൻ തെളിയിച്ചു കൊണ്ടിരിക്കുന്നു
രണ്ടാം വരവിൽ തന്നിലെ നടനെ നിരന്തരം പുതുക്കി പണിയുകയും സ്വയം നവീകരിക്കുകയും ചെയ്യുന്ന കുഞ്ചാക്കോ ബോബനാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ താരം. ‘ന്നാ താൻ കേസ് കൊട്’ എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിനു വേണ്ടി റീക്രീയേറ്റ് ചെയ്ത ‘ദേവദൂതർ’ പാടിയെന്ന ഗാനത്തിനൊപ്പം ചാക്കോച്ചൻ വച്ച നൃത്ത ചുവടുകളാണ് ഇപ്പോൾ യൂട്യൂബിലും ഇൻസ്റ്റാഗ്രാം റീലുകളിലും ട്രെൻഡിങ്.
1985-ൽ ഭരതൻ സംവിധാനം ചെയ്ത കാതോട് കാതോരം എന്ന സിനിമയ്ക്കുവേണ്ടി ഔസേപ്പച്ചൻ ഈണമിട്ട ഗാനമാണ് 37 വർഷങ്ങൾക്കിപ്പുറം തരംഗമായി മാറുന്നത്. സിനിമയ്ക്കു വേണ്ടി റീക്രീയേറ്റ് ചെയ്ത ഗാനം യുട്യൂബിൽ ഇതിനോടകം 4 മില്യൺ കാഴ്ചകാരുമായി ജൈത്രയാത്ര തുടരുകയാണ്.
ഉത്സവപ്പറമ്പുകളിൽ നാം സ്ഥിരം കാണാറുള്ള ലോക്കൽ മൈക്കൽ ജാക്സൻമാരിലൊരാളായി രാജീവൻ എന്ന കഥാപാത്രം മാറുന്നു. ഇത് കുഞ്ചാക്കോ ബോബൻ തന്നെയാണോ എന്നു പ്രേക്ഷകർ മൂക്കത്ത് കൈവയ്ക്കുന്നു. സമീപകാലത്തൊന്നും ഒരു കുഞ്ചാക്കോ ബോബൻ സിനിമയ്ക്കായി പ്രേക്ഷകർ ഇത്ര ഏറെ ആവേശത്തോടെ കാത്തിരുന്നിട്ടില്ല.കേരളക്കര ഒന്നടങ്കം ‘ചാക്കോച്ചനൊപ്പം ചുവടുവയ്ക്കുകയാണ് ഇപ്പോൾ.