സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് അതിതീവ്ര മഴക്കുള്ള സാധ്യത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. എറണാകുളം മേഖലയിൽ പരക്കെ മഴ പെയ്തു കൊണ്ടിരിക്കുകയാണ്. വ്യാഴ്ച വരെ അതിതീവ്ര മഴയെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.
നിലവിൽ 7 ജില്ലകളിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുള്ളത്. 5 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് മൂന്നിലവ് ടൗണിൽ വെള്ളം കയറുകയും ഉരുൾപൊട്ടലിൽ ഒരാളെ കാണാതാവുകയും പിന്നീട് രക്ഷപ്പെടുത്തുകയും ചെയ്തു. 5 ദിവസത്തേക്ക് മത്സ്യബന്ധന തൊഴിലാളികളോട് കടലിൽ പോകരുത് എന്ന് കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിന്റെ വിവിധയിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
പത്തനംതിട്ട അച്ചൻകോവിലിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കേരളത്തിലെ വിവിധ നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുന്നു. അതിനാൽ തന്നെ നദീ തീരത്ത് താമസിക്കുന്നവർ ജാഗരൂകരായി ഇരിക്കേണ്ടതാണ്.
ജില്ലാ അടിസ്ഥാനത്തിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുള്ളതിനാൽ ആവശ്യാനുസരണം അവരുമായി ബന്ധപ്പെടാവുന്നതാണ്. മലയോര മേഖലകളിലേക്കുള്ള വിനോദയാത്രകളും രാത്രി യാത്രകളും ഒഴിവാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസ്, അഗ്നിരക്ഷാസേന, മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവരോട് ജാഗരൂഗരായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ ഉയർത്തി. പൊന്മുടി, കല്ലാർ, മങ്കയം എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങൾ പൂർണമായും അടച്ചിട്ടിരിക്കുകയാണ്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.നദികൾ, ജലാശയങ്ങൾ, തോടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുതെന്നാണ് സർക്കാർ നിർദ്ദേശം. തെക്കൻ ജില്ലകളിലെ ചില താലൂക്കുകളിലും പഞ്ചായത്തുകളിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതിതീവ്ര മഴ സാധ്യത ഉള്ളതിനാൽ ഏവരും സർക്കാരിന്റെയും ദുരിത നിവാരണ വകുപ്പിന്റെയും നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. കാരണം അശ്രദ്ധ മൂലം ഒരപകടം ഉണ്ടാകാതിരിക്കാനാണ് ഇത്തരം മുന്നറിയിപ്പുകൾ സർക്കാർ മുന്നോട്ട് വെക്കുന്നത്.