OPUSLOG

ദുൽഖറിന്റെ അവസാന പ്രണയ കാവ്യമായി സീതാ രാമം

പാൻ ഇന്ത്യ ലെവലിൽ ഇറങ്ങിയ ദുൽഖറിന്റെ പ്രണയ ചിത്രമാണ് സീതാ രാമം. മലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് പുറത്തിറക്കിയിട്ടുള്ളത്. പ്രേക്ഷകർ  ഏറെ കാത്തിരുന്ന ഒരു ചിത്രം കൂടിയാണിത്.

മൃണാൾ താക്കൂർ ആണ് ഈ സിനിമയിൽ നായികയായി എത്തുന്നത്.രാശ്മിക മന്ദാനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.തെലുങ്ക് സംവിധായകനായ ഹനു രാഘവപുദിയാണ് ഈ ചിത്രത്തിനായി തിരക്കഥയും സംവിധാനവും ഒരുക്കിയിരിക്കുന്നത്.

ദുൽഖർ തന്റെ കരിയറിലെ അവസാന പ്രണയ ചിത്രമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രം കൂടിയാണ് സീതാ രാമം. അവസാന പ്രണയ ചിത്രം ഒരു കാവ്യമായി തന്നെ അവതരിപ്പിക്കാൻ ദുൽഖറിന് ആയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. ഈ ചിത്രത്തിന്റെ വലിയൊരു മുതൽക്കൂട്ടാണ് ദുൽഖറിന്റെ  അഭിനയ പ്രകടനം.

എന്നാൽ മറ്റുള്ള കഥാപാത്രങ്ങളിലേക്ക് വരുമ്പോൾ നിരാശജനകമാണെന്ന് പറയേണ്ടി വരും. പ്രത്യേകിച്ച് രാശ്മിക പോലെ നാഷണൽ ലെവലിൽ ആഘോഷിക്കപ്പെടുന്ന നടിയിലേക്ക് എത്തുമ്പോൾ ഇമോഷണൽ രംഗങ്ങൾ അവരിൽ നിന്ന് പാളി പോകുന്നതായി അനുഭവപ്പെടും.

കഥ നടക്കുന്നത് 1965 മുതൽ 1985 വരെയുള്ള കാലഘട്ടമാണ്. കാലത്തിനോട് നൂറു ശതമാനം നീതി പുലർത്തിയാണ് സിനിമ ആവിഷ്കരിച്ചിരിക്കുന്നത്. രണ്ടു കാലഘട്ടങ്ങൾ,രണ്ടു രാജ്യങ്ങൾ ഇതെല്ലം അതിമനോഹരമായി അവതരിപ്പിയ്ക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ക്ളീഷേ പ്രണയം തന്നെയാണ് സീത രാമയിലും ആവർത്തിച്ചിട്ടുള്ളത്.എന്നാൽ അതെങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് ഒരു ചിത്രകാരന്റെ കഴിവിരിക്കുന്നത്. അതിൽ സംവിധായകൻ നൂറു ശതമാനം വിജയിച്ചിരിക്കുന്നു എന്ന് വേണം പറയാൻ.

സിനിമയെ താങ്ങി നിർത്തിയതിൽ ഈ സിനിമയുടെ വിഷ്വൽസിന്റെ പങ്ക് എടുത്തു പറയേണ്ടതാണ്. പിഎസ് വിനോദ് ആണ് സീതാ രാമത്തിന്റെ ഛായാഗ്രാഹകൻ. അതിമനോഹരമായ വിഷ്വൽസ് കൊണ്ട് സമ്പന്നമാണ് ഈ ചിത്രം. പതിഞ്ഞ താളത്തിൽ മുന്നോട്ട് പോകുന്ന നദി പോലെ അത്ര മനോഹരമായി ഓരോ രംഗവും ക്യാമറയിൽ പകർത്തിയിട്ടുണ്ട്.

അതുപോലെ എടുത്തു പറയേണ്ട ഒന്നാണ് ബാക്ഗ്രൗണ്ട് മ്യൂസിക്. സിനിമ കഴിഞ്ഞിറങ്ങിയാലും ആ താളം പ്രേക്ഷകരെ പിന്തുടർന്നു കൊണ്ടിരിക്കും. വിശാൽ ചന്ദ്രശേഖർ എന്ന പ്രതിഭാധനനായ സംഗീത സംവിധായകനാണ് സിനിമക്ക് ഈണം നൽകിയിരിക്കുന്നത്.

നിലവിൽ പ്രണയ കഥ എന്നു പറഞ്ഞു വരുന്ന ചിത്രങ്ങൾക്കിടയിൽ സീതാ രാമം വേറിട്ട് നിൽക്കുന്നു. പ്രണയം എന്ന പേരിൽ വരുന്ന കഥകളിൽ ഭൂരിഭാഗവും കാണികളെ തൃപ്‌തിപ്പെടാത്ത സിനിമകളാണ്. അവിടെയാണ് കവിത പോലെ ഒരു പ്രണയ കഥ സംഭവിക്കുന്നത്.

പുതിയ ചരിത്രത്തിലെ സീതയെയും രാമനെയും സ്നേഹത്തോടാണ് കൂട്ടിക്കെട്ടേണ്ടത്.അവിടെ സംശയത്തിന്റെ നിഴലുകളില്ല.മറിച്ച് പരസ്പര സ്നേഹത്തിന്റെയും,ബഹുമാനത്തിന്റെയും പുതു ചരിത്രം കുറിക്കുന്ന രാമനെയും സീതയെയും ഈ പ്രണയത്തിൽ കാണാനാകും.

Exit mobile version