OPUSLOG

12000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ഇന്ത്യയിലെ ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ള ഫോണുകളാണ് ചൈനീസ് കമ്പനികളുടേത്. അതിൽ തന്നെ 12000 രൂപയിൽ താഴെയുള്ള ഫോണുകൾ നിരോധിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ചൈനയിലെ ഷഓമി കമ്പനിയുടെ ഇന്ത്യൻ വിപണിയെ പിടിച്ചുലയ്ക്കുന്നതാണ് ഈ തീരുമാനം.

ബജറ്റ് ഫോണുകളുടെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. ഈ വിപണിയിലെ വമ്പന്മാരാണ് ചൈനീസ് ഫോൺ നിർമാതാക്കൾ.അവരുടെ ഇന്ത്യയിലെ കുത്തക തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്.

ബജറ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ള ഇവരുടെ എൻട്രി ലെവൽ തകരുന്നതു ഷഓമിക്കും അനുബന്ധ മൊബൈൽ കമ്പനികൾക്കും വലിയ രീതിയിൽ ദോഷം ചെയ്യും. കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ ഇന്ത്യൻ വിപണിയെ ആശ്രയിച്ചാണ് ഈ കമ്പനികളുടെ നിലനിൽപ് എന്നതും ഏറെ ശ്രദ്ധേയമാണ്.

2022 ജൂൺ മാസത്തിൽ നടന്ന  മൊബൈൽ ഫോൺ വിൽപനയുടെ മൂന്നിലൊന്നും 12000 രൂപക്ക് താഴെയുള്ളതായിരുന്നു. കൗണ്ടർപോയിന്റ് എന്ന മാർക്കറ്റ് ട്രാക്കറിന്റെ കണക്കനുസരിച്ച്, ഇതിൽ 80 ശതമാനം ഫോണുകളും ചൈനീസ് കമ്പനികളുടേതാണ്.

ഇന്ത്യയുടെ ഈ  തീരുമാനത്തിന്  ശേഷം തിങ്കളാഴ്ച ഷഓമിയുടെ ഓഹരികൾ വലിയ നഷ്ടം നേരിട്ടെന്നു ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ നേരിട്ടോ ഔദ്യോദിക ചാനൽ വഴിയോ ഇത് സ്ഥിരീകരിച്ചിട്ടില്ല എന്നാണ് ചൈനീസ് കമ്പനിയുടെ വാദം. കേന്ദ്ര സർക്കാർ ഈ വിഷയത്തെ കുറിച്ച് ഒരു വിശദീകരണം നല്കാൻ തയ്യാറായിട്ടില്ല.

ഷഓമി,ഓപ്പോ,വിവോ തുടങ്ങിയ ചൈനീസ് കമ്പനികൾ നേരത്തേതന്നെ കേന്ദ്ര സർക്കാരിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. വിവോയുടെ വിവിധ അക്കൗണ്ടുകളിലെ 465 കോടി രൂപ ഇഡി ഈയിടെമരവിപ്പിച്ചിരുന്നു. രാജ്യവ്യാപകമായി വിവോ ഓഫിസുകളിൽ ഇഡി നടത്തിയ റെയ്ഡുകളിൽ പണവും സ്വർണവും ഉൾപ്പെടെ പിടിച്ചെടുത്തിരുന്നു.

നികുതി ഒഴിവാക്കുന്നതിനായി വിവോ 62,476 കോടി രൂപയുടെ വരുമാനം  ചൈനയിലേക്കു മാറ്റിയെന്നും ഇഡി കണ്ടെത്തിയിരുന്നു. ഷവോമിയുടെ കോർപ്പറേറ്റ് ഓഫീസിലും ഇഡിയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ട്.

ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണി കൈയാളുന്ന ചൈനീസ് നിർമ്മാതാക്കൾ എങ്ങനെയാണ് ഈ പ്രതിസന്ധി മറികടക്കുക എന്നത് വലിയ ചോദ്യ ചിഹ്നമായി നിലനിൽക്കുന്നു. സാധാരണക്കാരെ സംബന്ധിച്ച് ചൈനീസ് സ്മാർട്ട് ഫോണുകൾ ഏറെ പ്രിയപ്പെട്ടതാണ്. കാരണം സാധാരണക്കാരുടെ സ്മാർട്ട് ഫോൺ എന്ന ആഗ്രഹത്തെ സഫലീകരിക്കുന്നതിൽ ചൈനീസ് കമ്പനികൾക്കുള്ള പങ്ക് വിവരിയ്ക്കാൻ പറ്റാത്ത അത്ര വലുതാണ്.

Exit mobile version