OPUSLOG

ആവാസ വ്യൂഹം, പതിവ് രീതിശാസ്ത്രത്തെ പൊളിച്ചടുക്കിയ ചിത്രം

മികച്ച ചിത്രത്തിനും, മികച്ച തിരക്കഥയ്ക്കും ഉള്ള സംസ്ഥാന പുരസ്കാരങ്ങൾ നേടിയ മലയാള ചിത്രമാണ് ‘ആവാസവ്യൂഹം’. ഐഎഫ്എഫ്കെ -യിൽ ഏറെ ആരാധകരെ സ്വന്തമാക്കിയ ഈ ചിത്രമിപ്പോൾ സോണി ലൈവിലൂടെ  കാണാൻ കഴിയുന്നതാണ്.

കൃഷാന്ത് ആർകെ സംവിധാനം ചെയ്ത ചിത്രത്തിൽ രാഹുൽ രാജഗോപാൽ, നിലീൻ സാന്ദ്ര, ഴിൻസ് ഷാൻ, ശ്രീനാഥ് ബാബു തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.

സാധാരണ പ്രേക്ഷകൾ ‘അവാർഡ് ഫിലിം’ എന്ന് വിശേഷിപ്പിക്കുന്ന പതിവ് ചട്ടക്കൂടുകളെ തച്ചുടയ്ക്കുന്ന ആവാസവ്യൂഹം അത്ഭുതകരമായ രണ്ട് മണിക്കൂറുകളാണ് സമ്മാനിക്കുന്നത്. മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നതെങ്കിലും വളരെ വ്യത്യസ്തമായ പാതയിലൂടെയാണ് ചിത്രത്തിൻ്റെ സഞ്ചാരം.

ഡോക്യുമെന്‍ററി, ഡോക്യുഫിക്ഷന്‍, അഭിമുഖം, ത്രില്ലർ, ബ്ലാക്ക് കോമഡി തുടങ്ങിയ വിഭിന്ന സ്വഭാവങ്ങൾ ഭംഗിയായി വിളക്കിച്ചേര്‍ത്താണ് സംവിധായകന്‍ കഥ അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഒട്ടും മുഷിച്ചിലുണ്ടാകില്ലെന്ന് മാത്രമല്ല, ആവേശത്തോടെ ചിത്രം കണ്ടിരിക്കാൻ സാധിക്കും.

ആവാസവ്യൂഹം എന്ന പേരുപോലെ ചിത്രത്തിൻ്റെ ഘടനയും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. മനുഷ്യർക്കൊപ്പം മറ്റു ജീവജാലങ്ങളുമടങ്ങിയ പ്രകൃതിയെന്ന വലിയ കാന്‍വാസിലാണ് സംവിധായകൻ കഥ പറയുന്നത്.

പ്രകൃതിയേക്കുറിച്ചും അതിലെ വൈവിധ്യമാർന്ന ജീവവർഗ്ഗങ്ങളേക്കുറിച്ചും ഒരു ഡോക്യുമെന്‍ററിയിലേതുപോലെ ആഖ്യാനം ചെയ്യുന്നുണ്ട് ചിത്രത്തിൽ. അവയുടെ വാസസ്ഥലങ്ങളെക്കുറിച്ചും മറ്റ് പ്രത്യേകതകളേക്കുറിച്ചും അവ നേരിടുന്ന ഭീഷണികളെ കുറിച്ചും വിശദമായി തന്നെ ആവിഷ്കരിച്ചിരിക്കുന്നു.

ചിത്രത്തിലെ കഥാപാത്രങ്ങള്‍ അഭിമുഖം നല്‍കുന്ന രീതിയിലാണ് പ്രധാന കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. ഡോക്യുമെൻ്ററി, അഭിമുഖം എന്നീ നിലകളിൽ കഥ അനാവരണം ചെയ്യുന്നതിനൊപ്പം ഫിക്ഷണല്‍ ഫീച്ചര്‍ സിനിമയുടെ എലമെൻ്റുകളും സമാസമം ചിത്രത്തിൽ ചേർത്തിട്ടുണ്ട്.

പറയുമ്പോൾ തികച്ചും അസാധാരണമായ അവതരണ ശൈലിയാണ് പിന്തുടർന്നതെങ്കിലും കാഴ്ചക്കാരിൽ ഒട്ടും ആശങ്ക സൃഷ്ടിക്കാതെയാണ് സംവിധായകൻ കാര്യങ്ങൾ കൈകാര്യം ചെയ്തത്.

എറണാകുളം ജില്ലയിലെ പുതുവൈപ്പ് എന്ന പ്രദേശമാണ് ചിത്രത്തിന്‍റെ കഥാപശ്ചാത്തലം. കടലും കരയും ഒന്നുചേരുന്ന പ്രദേശം കഥയ്ക്ക് ജീവൻ നൽകുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. എവിടുന്നു വന്നുവെന്ന് ആര്‍ക്കുമറിയാത്ത ജോയ് എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥയുള്ളത്.

ജോയി സ്വാധീനം ചെലുത്തിയിട്ടുള്ള മറ്റ് കഥാപാത്രങ്ങളുടെ വിവരണത്തിലൂടെയാണ് അയാളേക്കുറിച്ചും അയാളിലെ അമാനുഷികതയേക്കുറിച്ചും അറിയാനാകുന്നത്. ഓരോ ഭാഗങ്ങളായാണ് ചിത്രം അതൊക്കെ പരിചയപ്പെടുത്തുന്നത്. തവള, തുമ്പി, പുഴു, പാമ്പ്, പക്ഷികൾ എന്നിങ്ങനെ പ്രകൃതി സൃഷ്ടിച്ച ആവാസവ്യവസ്ഥയെക്കുറിച്ച് വളരെ ആഴത്തിലുള്ള വിവരങ്ങളാണ് ചിത്രം പങ്കുവയ്ക്കുന്നത്. അതിന് പിന്നിലുള്ള ഗവേഷങ്ങൾ അനുമോദനം അർഹിക്കുന്നതാണ്.

ഒരു മുഴുനീള ഫാന്‍റസി ചിത്രമാക്കി മാറ്റാതെ പുതിയ രീതികൾ പരിചയപ്പെടുത്തിയാണ് സംവിധായകന്‍ തൻ്റെ ചിത്രത്തെ മുന്നോട്ട് കൊണ്ടുപോയത്. കടലും-കരയും തമ്മിലുള്ള സാമ്യങ്ങളും വ്യത്യാസങ്ങളും, ജീവജാലങ്ങളിലെ വൈവിധ്യവും- അവ നേരിടുന്ന വംശനാശ ഭീഷണിയും, മനുഷ്യരുടെ ഇടപെടലുകൾ പ്രകൃതിനിയമങ്ങളെ ഭേദിക്കുന്നതും അടക്കമുള്ള ഒട്ടേറെ വിഷയങ്ങൾ മനോഹരമായി ഉൾപ്പെടുത്തിയിരിക്കുന്ന കഥയിൽ ഫാൻ്റസി കലർത്തിയതാണ് ചിത്രത്തിൻ്റെ മുഖ്യ ആകർഷണം.

കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച രാഹുലും ബാക്കിയുള്ള അഭിനേതാക്കളും മികച്ച രീതിയിലാണ് തങ്ങളുടെ വേഷങ്ങൾ കൈകാര്യം ചെയ്തത്. വിഷ്ണു പ്രഭാകറിന്‍റെ ഛായാഗ്രഹണവും, അജ്മല്‍ ഹസ്ബുള്ളയുടെ സംഗീതവും പ്രത്യേക പരാമര്‍ശം അർഹിക്കുന്നുണ്ട്. ജോണറുകൾ മാറിമറിയുന്ന ചിത്രത്തെ ഓരോ ഘട്ടങ്ങളിലും ശക്തമായി പിന്തുണയ്ക്കാൻ ഛായാഗ്രഹണത്തിനും, സംഗീതത്തിനും കഴിഞ്ഞിരുന്നു

കലയ്ക്കും രാഷ്ട്രീയത്തിനും കൃത്യമായ സ്പേസ് നൽകിയിട്ടുണ്ടെങ്കിലും എന്റര്‍ട്ടെയ്നറായാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. അതുകൊണ്ട് എല്ലാത്തരം പ്രേക്ഷകര്‍ക്കും ഈ സിനിമ ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കും. ന്യൂജെൻ ചിത്രങ്ങളെന്ന് നമ്മൾ വിശേഷിപ്പിച്ചിരുന്ന ഘട്ടത്തിൽ നിന്നും മലയാള സിനിമയെ പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് നയിക്കുന്ന ‘ആവാസവ്യൂഹം’ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമായി രേഖപ്പെടുത്താം.

Exit mobile version