സർക്കാർ ജോലിയെന്നത് ഏവരുടെയും സ്വപ്നമാണ്. സർക്കാർ സ്‌കൂളും ആശുപത്രിയും താല്പര്യമില്ലെങ്കിലും സർക്കാർ ജോലി എല്ലാവർക്കും നല്ല താല്പര്യമുള്ള ഒന്നാണ്. ഒരു കുടുംബം മുഴുവൻ രക്ഷപ്പെടുന്ന പ്രതീതിയാണിത്.
ഒരു എൽഡി ക്ലർക് മുതൽ അവിടുന്ന് മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ മരണം വരെയുള്ള ജീവിതം ഒരു തരത്തിൽ പറഞ്ഞാൽ സുരക്ഷിതമാണ്. അത്ര മാത്രം പ്രിവിലേജ് ഒരു സർക്കാർ ഉദ്യോഗസ്ഥൻ അനുഭവിക്കുന്നുണ്ട്.
എന്നാൽ ചിലർ തൻ്റെ ഔദ്യോദിക ജോലിയിൽ നിന്നും ദീർഘ കാലത്തേക്ക് ലീവ് എടുത്ത് വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുമായിരുന്നു. അതിനുള്ള നിയമവും ഇവിടെ നിലവിൽ ഉണ്ടായിരുന്നു. സർക്കാർ ജോലിയിൽ പ്രവേശിച്ച ശേഷം വിദേശത്ത് ജോലിക്ക് പോകുക എന്നത് നമ്മുടെ നാട്ടിൽ സാധാരണമായിരുന്നു.
പരമാവധി 20 വർഷമായിരുന്നു ഇങ്ങനെ അവധി എടുക്കാനുള്ള കാലാവധി. ഇങ്ങനെ വിദേശത്തു പോയി സമ്പാദിച്ച ശേഷം നാട്ടിൽ തിരിച്ചു വന്ന് വീണ്ടും ജോലിയിൽ പ്രവേശിക്കും. ഇതിലൂടെ വളരെ കുറച്ചു കാലം സെർവിസിൽ ഇരിക്കുകയും എന്നാൽ ബാക്കിയുള്ള ഉദ്യോഗസ്ഥരെ പോലെ വിരമിച്ച ശേഷം പെൻഷൻ പറ്റുകയും ചെയ്യും.
ഇതിനൊരു വിരാമം ഇട്ടുകൊണ്ടാണ് സർക്കാരിന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. വിദേശത്ത് ജോലി ചെയ്യാൻ ആയാലും പങ്കാളിയോടൊപ്പം താമസിക്കാനായാലും 5 വർഷം മാത്രമേ ഇനി സമയമുള്ളൂ.
സർക്കാർ ജീവനക്കാർക്ക് അനുവദിക്കാവുന്ന ശമ്പളമില്ലാത്ത പരമാവധി അവധി 5 വർഷത്തേക്കു ചുരുക്കി കേരള സേവനചട്ടം സർക്കാർ ഭേദഗതി ചെയ്തു. 2020 നവംബർ 5 മുതൽ ഉത്തരവിലൂടെ ഭേദഗതി നടപ്പാക്കിയിരുന്നെങ്കിലും നിയമപരമായ നിലനിൽപ്പിനു വേണ്ടിയാണ് ഇപ്പോൾ സർവീസ് ചട്ടം ഭേദഗതി ചെയ്തത്.
ജീവനക്കാർ പുറത്തു പോയി ജോലി ചെയ്യുമ്പോൾ നമ്മുടെ നാട്ടിലേക്ക് വരുന്ന വിദേശ നാണ്യവും മറ്റും കണക്കിലെടുത്താണ് ഇത്തരം ഇളവുകൾ.എന്നാൽ ഇത് ഒരു അവസരമായി എടുത്ത് പലരും മുതലെടുപ്പ് നടത്തുന്ന സാഹചര്യത്തിലാണ് ഈ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. കാരണം ഇവർ ദീർഘ കാല അവധി എടുത്ത് പോകുകയും ആ തസ്തിക പിന്നീട് ഒഴിഞ്ഞു കിടക്കും.
എന്നാൽ അതിലേക്ക് പുതിയ നിയമനം നടക്കുകയും ചെയ്യില്ല.നിരവധി തൊഴിലന്വേഷകർ ഉള്ള നാടാണ് നമ്മുടേത്. വിദ്യാഭ്യാസം ഉണ്ടായിട്ടും തൊഴിൽ രഹിതരായി നടക്കുന്ന യുവജനങ്ങളോടുള്ള ക്രൂരതയായിരുന്നു ഇത്തരം സൗകര്യങ്ങൾ.
എന്നാൽ 5 വർഷമായി ദീർഘ കാല അവധി പ്രഖ്യാപിച്ചതിലൂടെ ഒരുപാട് പേരുടെ സ്വാർഥ സ്വപ്നങ്ങൾക്കാണ് അടിയേറ്റത്. സർക്കാർ കൈക്കൊണ്ട മികച്ച തീരുമാനമായി ഇതിനെ കണക്കാക്കാം.