ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഉപയോഗിക്കാൻ കഴിയുന്ന അവതാർ ഇനി മുതൽ വാട്ട്‌സ്ആപ്പിലും ലഭ്യമാകും. വാട്ട്‌സ്ആപ്പിന്റെ പുതിയ അപ്ഡേഷനിൽ ആണ് പുതിയ ഫീച്ചർ വരുന്നത്.
വാട്ട്‌സ്ആപ്പിലെ ഡിസ്പ്ലേ പിക്ചർ (ഡിപി) ആയി ഇനി നിങ്ങൾ തന്നെ സൃഷ്‌ടിച്ച അവതാറുകൾ ചേർക്കാം.
ഉപഭോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് അവതാറുകൾ സൃഷ്ടിക്കാനും അവയുടെ പശ്ചാത്തല നിറം മാറ്റാനും സാധിക്കുന്ന അപ്ഡേഷൻ ആവും വാട്ട്‌സ്ആപ്പ് നൽകുക. ഇതിന്റെ ഒരു സ്ക്രീന്ഷോട്ടും WABetaInfo പങ്കുവെച്ചിട്ടുണ്ട്.
വീഡിയോകോൾ ചെയ്യുമ്പോഴും അവതാറുകൾ ഉപയോഗിക്കാൻ കഴിയുന്ന ഫീച്ചറിൽ പ്രവർത്തിച്ചു വരികയാണ് വാട്ട്‌സ്ആപ്പ്.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ കയറണോ? ഇനി മുതൽ അഡ്മിന്റെ അനുവാദം വേണ്ടി വരും
അഡ്മിൻമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകി കൊണ്ട് വാട്ട്‌സ്ആപ്പ് പുതിയ അപ്ഡേഷന് ഒരുങ്ങുന്നു. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ സ്വകാര്യത വർധിപ്പിക്കാനും സ്പാം മെസ്സേജുകൾ ഗ്രൂപ്പുകളിൽ വരുന്നത് തടയാനും ഈ ഫീച്ചർ ഉപകാരപ്രദമാകും.
ഫേസ്ബുക്കിൽ ഉള്ളതുപോലെ ഗ്രൂപ്പുകളിലും ആരൊക്കെ വേണം എന്നത് അഡ്മിന് നിയന്ത്രിക്കാൻ കഴിയുന്ന ഫീച്ചറാണ് വാട്ട്‌സ്ആപ്പ് പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. ഇൻവൈറ്റ് ലിങ്ക് വഴി ആരെങ്കിലും ഗ്രൂപ്പിൽ കയറാൻ നോക്കിയാൽ ഉടൻ തന്നെ അഡ്മിന് നോട്ടിഫിക്കേഷൻ പോകും.
അഡ്മിൻ അത് സ്വീകരിച്ചാൽ മാത്രമേ ഒരാൾക്ക് ഗ്രൂപ്പിൽ കയറാനാകൂ. ആൻഡ്രോയിഡ് ബീറ്റ വേർഷൻ 2.22.18.9-ഇൽ ഈ അപ്‌ഡേറ്റ് ഇപ്പോൾ ടെസ്റ്റിങിലാണ്.