മലയാളത്തിലെ ഏറ്റവും പുതിയ ആക്ഷൻ എന്റർടെയ്നറാണ് തല്ലുമാല. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനായെത്തിയ ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്ററാണ് സുപ്രീം സുന്ദർ.
ഈ വർഷത്തെ ദേശീയ പുരസ്‌കാര നിറവിൽ നിൽക്കുമ്പോഴാണ് മാസ്റ്റർ മുഴുനീള അടിപടവുമായി വരുന്നത്. റിലീസ് ചെയ്തതിനു ശേഷം ആളുകൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്തതും സിനിമയിലെ ഫൈറ്റ് സീനുകളെ കുറിച്ചായിരുന്നു.
വരത്തൻ, അജഗജാന്തരം, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ തുടങ്ങി മലയാളത്തിലെ നിരവധി അടിപ്പടങ്ങൾക്ക് വേണ്ടി സുന്ദർ സംഘട്ടന സംവിധാനം നിർവഹിച്ചിട്ടുണ്ട്. മലയാള സിനിമകളിൽ സഹകരിക്കാനാണ് തനിക്ക് ഏറെ താൽപര്യമെന്ന് സുന്ദർ പറയുന്നു.
നിർമാതാവ് ആഷിഖ് ഉസ്മാനു സിനിമയോടുള്ള പ്രണയമാണ് ഇത്തരമൊരു തല്ലുപടം മലയാളത്തിൽ സാധ്യമാക്കിയതെന്നും ടൊവിനോ ഉൾപ്പടെ എല്ലാ താരങ്ങൾക്കും യഥാർഥത്തിൽ അടി കൊണ്ടെന്നും സുപ്രിം സുന്ദർ പറഞ്ഞു
ഈ സിനിമക്ക് വേണ്ടി 48 ദിവസമാണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്തത്. ഫൈറ്റുകൾ കൂടുതലും ബോൾട്ട് ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചത്.
ആദ്യമായി ട്രാൻസ് എന്ന സിനിമക്ക് വേണ്ടിയും രണ്ടാമത് ഭീഷ്മപർവത്തിന് വേണ്ടിയുമാണ് ഈ ക്യാമറ ഉപയോഗിച്ചത്. ട്രാൻസിന് 2 ദിവസവും ഭീഷ്മക്ക് 7 ദിവസവും തല്ലുമാലക്ക് 20 ദിവസവും ഈ ക്യാമറ ഉപയോഗിച്ചു. ഒരു ദിവസം 5 ലക്ഷത്തിനു മേൽ ചിലവ് വരുന്ന ഈ ക്യാമറ വർക്ക് തല്ലുമാലയിലെ അടിയെ ഏറെ എടുത്തുയർത്തി.
എല്ലാ അടിയും ഒറിജിനൽ ആയിരുന്നു. ടോവിനോ, ലുക്മാൻ, ഷൈൻ ടോം ചാക്കോ എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. എത്ര ടേക്ക് പോകാനും തയ്യാറുള്ള നടന്മാരാണ് ഈ സിനിമയുടെയും ഫൈറ്റിന്റെയും വിജയത്തിന് പിന്നിൽ. ഈ സിനിമയിൽ ഡ്യൂപ്പ് ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം അറിയിച്ചു.
എല്ലാ അടിയും ഒറിജിനൽ ആയിരിക്കണം, ദേഹത്തു കൊള്ളണം എന്നത് സംവിധായകന് നിർബന്ധമായിരുന്നു. താരങ്ങളെല്ലാം റിസ്ക് എടുത്താണ് ഈ പടം പൂർത്തിയാക്കിയത്.
അവർ അനുഭവിച്ച വേദനയാണ് ഈ സിനിമയുടെ വിജയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.