ലോകമൊട്ടാകെ കാത്തിരിക്കുന്ന ആഘോഷമാണ് ഫുട്ബോൾ ലോകകപ്പ്. ആളുകൾ ഇത്ര മാത്രം കൊണ്ടാടുന്ന വേറൊരു കളിയും ലോകത്തിലില്ല. ഇത്തവണ ഖത്തറിൽ ആയതു കൊണ്ട് തന്നെ മലയാളികൾ അടക്കം ഒരുപാട് പേർ കളി കാണാനായി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.
ഖത്തർ ആതിഥേയത്വം വഹിക്കുന്ന 2022 ലെ ലോകകപ്പിന്റെ ഭാഗമായി ഇതുവരെ വിറ്റഴിഞ്ഞത് 24.5 ലക്ഷം ടിക്കറ്റുകൾ. ഫിഫ വേൾഡ് കപ്പിന്റെ എക്കാലത്തെയും റെക്കോഡ് നേട്ടമാണിത്.
അതില്‍ ജൂലായ് അഞ്ചുമുതല്‍ പതിനാറു വരെയുള്ള കാലയളവിലാണ് ടിക്കറ്റ് കൂടുതലായി വിറ്റത് . ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റുകളാണ് കൂടുതൽ വിറ്റഴിഞ്ഞത്.
കാമറൂൺ -ബ്രസീല്‍, സെര്‍ബിയ-ബ്രസീല്‍, പോര്‍ച്ചുഗല്‍-യുറുഗ്വായ്, ജര്‍മനി-കോസ്റ്റ റീക്ക, ഓസ്ട്രിയ-ഡെന്മാര്ക്ക് എന്നീ മത്സരങ്ങളുടെ ടിക്കറ്റുകളാണ് കൂടുതല്‍ വിറ്റുപോയത്.
ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, യു.എ.ഇ, ഇംഗ്ലണ്ട്, അര്‍ജന്റീന, ബ്രസീല്‍, വെയ്ല്‍സ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ടിക്കറ്റുകള്‍ കൂടുതലും സ്വന്തമാക്കിയിരിക്കുന്നത്.
പകുതി ടിക്കറ്റുകൾ മാത്രമാണ് നിലവിൽ വിറ്റു തീർന്നിരിക്കുന്നത്. ബാക്കിയുള്ള ടിക്കറ്റ് വില്പന സംബന്ധിച്ചുള്ള വിവരങ്ങൾ സെപ്റ്റംബറിൽ അറിയിക്കുമെന്നും ഫിഫ വ്യക്തമാക്കി.
നവംബർ 20 നാണ് പുതുക്കിയ തിയതി പ്രകാരം ലോകകപ്പ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും.
മിഡില്‍ ഈസ്റ്റില്‍ ഇതാദ്യമായാണ് ഫുട്ബോള്‍ ലോകകപ്പ് നടക്കുന്നത്.അതിനാൽ തന്നെ അവിടെയുള്ള ഫുട്ബോൾ പ്രേമികൾ ഏറെ ആവേശത്തിലാണ്.