OPUSLOG

12-ാം വയസിൽ മാവേലിയായി അരങ്ങേറ്റം, 35 വർഷമായി മാവേലിയാകുന്ന അടൂർ സുനിൽകുമാർ റെക്കോർഡിലേക്ക്

ഓണമെന്നാൽ മലയാളികൾക്ക് പൂക്കളവും സദ്യയും മാവേലിയുമാണ്. ജാതിമത ഭേദമന്യേ കേരളീയർ എല്ലാവരും ഒത്തൊരുമയോടെ കൊണ്ടാടുന്ന ആഘോഷ നിമിഷങ്ങളാണ് ഓണത്തിന്റേത്.

ആ നിമിഷത്തിൽ ഏവരും ആഗ്രഹിക്കുന്ന ഒന്നാണ് മഹാബലിയുടെ വരവ്. ന്റെ പ്രജകളുടെ ക്ഷേമം അന്വേഷിക്കാൻ വരുന്ന മാവേലിയെ നമുക്കെല്ലാവർക്കും ഇഷ്ടമാണ്. അതിനാൽ തന്നെ ഓണാഘോഷത്തിൽ ഒഴിവാക്കാൻ പറ്റാത്തതാണ് മാവേലിയുടെ സാന്നിധ്യം.

ഇത്തരത്തിൽ 35 വർഷമായി മഹാബലിയായി വേഷമിടുന്ന വ്യക്തിയാണ് അടൂർ സുനിൽകുമാർ. തന്റെ 12 വയസിൽ വീടിനടുത്തുള്ള ക്ലബിന് വേണ്ടി തുടങ്ങി ഇക്കാണുന്ന കാലം വരെയും ഓണക്കാലത്ത് മാവേലിയായി തുടരുന്നു. 12-ാം വയസിൽ മാവേലിയായത് ആ പ്രായത്തിലെ കൗതുകമായിരുന്നു. എന്നാൽ തുടർന്നുള്ള വർഷങ്ങളിലും മാവേലിയാകാനുള്ള ക്ഷണം വന്നു കൊണ്ടിരുന്നു.

അങ്ങനെ നാട്ടിലെ സ്ഥിരമായ മാവേലിയായി മാറി. തുടർന്ന് കേരഫെഡിന്റെ ആഘോഷവേളയിൽ മാവേലിയായതോടെ സുനിൽകുമാറിന് തിരക്കായി. ആവശ്യക്കാർ സുനിൽകുമാറിനെ തേടി വന്നു. സർക്കാരിന്റെ സാംസ്‌കാരിക പരിപാടികളിലും വള്ളം കളി പോലുള്ള മത്സരങ്ങളിലും മാവേലിയായി വേഷമിടാൻ സുനിൽകുമാറിന് സാധിച്ചു.

വലുതും ചെറുതുമായ മാവേലി വേഷത്തിലൂടെ വേൾഡ് റെക്കോർഡിന് ഒരുങ്ങുകയാണ് സുനിൽകുമാർ ഇപ്പോൾ. കൊറോണ കാലത്ത് പോലും ഇദ്ദേഹം മാവേലിയായി മലയാളികൾക്ക് മുന്നിലെത്തി. ഓൺലൈൻ മാവേലിയായി തുടർച്ചയായ വർഷങ്ങളുടെ ശീലം കാത്തു സൂക്ഷിച്ചു.

ഓണത്തിന് ഒരു മാസം മുൻപ് തന്നെ പരിപാടിക്കുള്ള ബുക്കിംഗ് ആരംഭിക്കും. മാവേലിയുടെ കിരീടവും  ആഭരണങ്ങളും സ്വന്തമായി നിർമ്മിക്കലാണ് പതിവ്. വസ്ത്രവും ഓലകുടയും മാത്രമാണ് സുനിൽ പുറത്തു നിന്ന് വാങ്ങാറുള്ളത്.

ദേശീയ കലാശ്രീ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഭാര്യയും മകളും കൂടെ കട്ടക്ക് സപ്പോർട്ടിനുണ്ട്. ഈ വർഷത്തെ തിരുവനന്തപുരത്തെ ലുലു മാളിലെ ഓണാഘോഷത്തിന് സുനിൽകുമാറും ഉണ്ടാകും. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഗിന്നസ് റെക്കോർഡ് നേടാനുള്ള ശ്രമത്തിലാണ് സുനിൽകുമാർ.

Exit mobile version