ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ ഹൃദ്രോഗികളും ഉള്ളത്. പ്രേമേഹവും രക്തസമ്മർദ്ദവും കേരളത്തിൽ കൂടുതലാണ്. മലയാളിയുടെ മാറിയ ഭക്ഷണശീലവും ജീവിത ശൈലിയും ഇത്തരം രോഗങ്ങൾക്ക് കാരണമാകുന്നു. ഇന്ന് കേരളത്തിലുള്ള ഹൃദ്രോഗികളുടെ എണ്ണത്തിൽ വൻവർധനവാണ് വന്നിരിക്കുന്നത്.
പാരമ്പര്യമായി ഹൃദ്രോഗം വരുന്ന കുറച്ചാളുകളുണ്ട്. അച്ഛനോ, അമ്മക്കോ, അടുത്ത കുടുംബാംഗങ്ങൾക്കോ ഈ രോഗമുണ്ടെങ്കിൽ ഇത് നിങ്ങളിലേക്കും വരാൻ സാധ്യതയുണ്ട്. എന്നാൽ ഈ വിഷയത്തെ കുറിച്ച് അധികം ആലോചിച്ചു വിഷമിക്കേണ്ട ആവശ്യമില്ല. കൃത്യമായ ആഹാരശീലങ്ങളും വ്യായമവും ശീലിച്ചാൽ ഇതിനെയെല്ലാം മറികടക്കാനാകും.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണ്. എന്തെന്നാൽ സ്ത്രീകളിൽ 45-50 വയസു വരെ ശരീരത്തിൽ ഈസ്ട്രജൻ എന്ന ഹോർമോൺ കാരണം ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്.
ഹൃദ്രോഗത്തെ ഇല്ലാതാക്കാനായി നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്ന നിരവധി കാര്യങ്ങളുണ്ട്. അതിൽ ഒന്നാമതായിട്ടുള്ളത് പുകവലി പൂർണമായി നിർത്തുക എന്നതാണ്. പുകവലി ഒരു ശീലമായി കൊണ്ട് നടക്കുന്ന ആളുകളിൽ ഹൃദ്രോഗം വരാനുള്ള ചാൻസ് വളരെയധികം കൂടുതലാണ്. അതിനാൽ നിങ്ങൾ പുകവലിക്കുന്ന ഒരാളാണെങ്കിൽ തീർച്ചയായും പുകവലി ഉപേക്ഷിക്കേണ്ടതാണ്.
രണ്ടാമതായി ദിവസത്തിൽ ഏറിയ സമയവും ഇരിക്കുക എന്നുള്ളതാണ്. ഇന്നുള്ള ജോലികളിൽ ഭൂരിഭാഗവും ഇരുന്നു കൊണ്ടുള്ള ജോലികളാണ്. കായിക അധ്വാനം ആവശ്യപ്പെടുന്ന ജോലികൾ ഇന്ന് മലയാളികൾക്ക് അന്യം നിന്ന് കൊണ്ടിരിക്കുകയാണ്.
കുറച്ചു ദൂരമായാൽ പോലും നടന്നു പോകാതെ വണ്ടിയിൽ മാത്രം യാത്ര ചെയുകയും ശരീരം അനങ്ങാതെ ഇരിക്കുകയും ചെയ്യുന്ന ആളുകളിൽ ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഇതിനെ മറികടക്കാൻ കഴിയുന്ന ദൂരം നടന്നു പോകുക, ലിഫ്റ്റ് ഉപയോഗിക്കാതെ പടിക്കെട്ടുകൾ കയറിയിറങ്ങുക, ദിവസത്തിൽ 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക. നന്നായി വിയർക്കുന്നത് വരെ വ്യായാമം ചെയ്യുക എന്നത് മാത്രമാണ് ഏക പോംവഴി.
മൂന്നാമതായി പ്രേമേഹ രോഗം നിയന്ത്രിക്കുക അഥവാ വരാതെ നോക്കുക എന്നുള്ളതാണ്. കാരണം പ്രേമേഹം എന്നത് മനുഷ്യന്റെ ജീവിതത്തെയും ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്ന ഒരു രോഗമാണ്.
ഇതൊരു ജീവിത ശൈലി രോഗമായതു കൊണ്ടു തന്നെ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയുമാണ് പ്രേമേഹം നിയന്ത്രിക്കാനാകുക. കൂടുതൽ ഷുഗർ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കിയും പോഷക സമ്പുഷ്ഠമായ ആഹാരങ്ങൾ ശീലമാക്കിയും ഒരുപരിധി വരെ പ്രേമേഹത്തെയും അതിനൊപ്പം ഹൃദ്രോഗത്തെയും ഒഴിവാക്കാം.
നാലാമതായി രക്തസമ്മർദവും കൊളസ്ട്രോളുമാണ് ഡോക്ടർമാർ പറയുന്നത്. 80-120 എന്നതാണ് രക്തസമ്മർദ്ദത്തിന്റെ കണക്ക്. ഇത് ചിലരിൽ കൂടിയും കുറഞ്ഞും ഇരിക്കും. 130 ന് മുകളിൽ രക്തസമ്മർദ്ദം വന്നാൽ നിങ്ങൾ ഗുളിക കഴിക്കേണ്ട അവസ്ഥ വരും. അതിനാൽ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുക. അതുപോലെ ഏറെ ഗുരുതരാവസ്ഥയിൽ എത്തിക്കുന്ന ഒന്നാണ് കൊളസ്ട്രോൾ.
കൊളസ്ട്രോളിൽ തന്നെ എൽഡിഎൽ കൊളസ്ട്രോൾ ആണ് ഏറ്റവും വില്ലനായിട്ടുള്ളത്. അത് 70 ന് താഴെ മാത്രമാണ് വരേണ്ടത്. എന്നാൽ മലയാളികളുടെ ഭക്ഷണ രീതികൾ ഇതിന് നേരെ വിപരീതമാണ്. കൊളസ്ട്രോൾ ഉണ്ടായാൽ അത് ഹൃദയത്തിന്റെ രക്തക്കുഴലുകളെ ബാധിക്കും. ഇത് ഹൃദയാഘാതത്തിന് കാരണമാകുന്നു.
ഭക്ഷണവും വ്യായാമവും മാത്രം നോക്കിയാൽ പോരാ, നിങ്ങളുടെ മാനസിക ആരോഗ്യവും ഏറെ പ്രധാനപ്പെട്ടതാണ്. ഒരാൾ ജീവിതത്തിൽ ഉടനീളം ടെൻഷൻ അടിച്ചു ജീവിക്കുകയാണെങ്കിൽ അറ്റാക്ക് പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അമിത ആശങ്ക നിങ്ങളുടെ മാനസികാരോഗ്യത്തെ ഇല്ലാതാകുകയും അത് പതിയെ ഹൃദ്രോഗത്തിലേക്ക് നയിക്കുന്നു.
ജീവിത രീതികളിലും ഭക്ഷണക്രമത്തിലും ചില മാറ്റങ്ങൾ വരുത്തിയാൽ നിങ്ങൾക്കും ഹൃദ്രോഗം വരാതെ സൂക്ഷിക്കാം.