രതീഷ് അമ്പാട്ടിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായെത്തിയ സിനിമയാണ് തീർപ്പ്. മുരളി ഗോപിയുടെ തിരക്കഥ എന്നതും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കാര്യമാണ്. ശക്തമായ രാഷ്ട്രീയം പറയാൻ ശ്രമിക്കുന്ന ഒരു ചിത്രം കൂടിയാണ് തീർപ്പ്. എന്നാൽ എത്ര മാത്രം ഈ രാഷ്ട്രിയവും സിനിമയും കാണികളെ പിടിച്ചിരുത്തുന്നു എന്നത് ചോദ്യമാണ്.
നിലവിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തെ സർക്കാസ്റ്റിക്കായി അവതരിപ്പിക്കാനാണ് മുരളി ഗോപി ശ്രമിക്കുന്നത്. എന്നാൽ തിരക്കഥ ഒരുക്കിയിരിക്കുന്ന പാറ്റേൺ സാധാരണക്കാരായ പ്രേക്ഷകർക്ക് മനസിലാക്കാൻ ബുദ്ധിമുട്ടുള്ളതാണ്. അതുകൊണ്ടു തന്നെ തീർപ്പിന്റെ തിയറ്റർ പ്രതികരണം ശരാശരിയിൽ ഒതുങ്ങി പോകുന്നു.
ഒരു ബാറിൽ നിന്നാരംഭിക്കുന്ന കഥയാണിത്. ടിവി യിലെ ചാനൽ ചർച്ചയിൽ തെളിയുന്ന അർണബ് ഗോസ്വാമിക്കു വേണ്ടിയുള്ള കൈയ്യടികളും ഈ സീനിൽ കാണാനാകും. തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ പരമേശ്വരൻ പോറ്റിയും (സൈജു കുറുപ്പ്), പൃഥ്വിയും അവിചാരിതമായി കണ്ടുമുട്ടുന്നു.
ആ കണ്ടുമുട്ടലിനു ശേഷം അവരുടെ പഴയ സുഹൃത്തായ രാംകുമാർ നായരെ കാണാൻ പുറപ്പെടുന്നു. എന്നാൽ അവർ മൂന്നു പേർക്കുമിടയിൽ ഭൂതകാലത്തിൽ അത്ര നല്ലതല്ലാത്ത കാര്യങ്ങൾ നടന്നിട്ടുണ്ടെന്ന് ഇരുവരുടെയും പെരുമാറ്റത്തിൽ നിന്നും വ്യക്തമാണ്.
കഥയുടെ ഭൂരിഭാഗവും സംഭവസ്ഥലം സാകേതം അഥവാ അക്കോടിയ- സാകേത് എന്ന മുന്തിയ ബീച്ച് റിസോർട്ടാണ്. അബ്ദുള്ളയുടെ കണക്കുകൾ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.റിസോർട്ട് നിലകൊള്ളുന്ന സ്ഥലത്തിന്റെ ഉടമ അബ്ദുള്ളയുടെ പിതാവ് ബഷീർ മരയ്ക്കാർ ആയിരുന്നു.
കഥയുടെ മുന്നോട്ടുപോക്കിനായി സാകേത് മ്യൂസിയത്തിലെ പല പ്രദർശന വസ്തുക്കളും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ചേർത്തലയിലെ ആശാരി പണിത ടിപ്പു സുൽത്താന്റെ സിംഹാസനവും അംശവടിയുടെയും മറ്റൊരു ഏടാണ് രാമന്റെ മ്യൂസിയവും.
ഫ്ലാഷ്ബാക്കിൽ റിസോർട്ടിനായി സ്ഥലമെടുക്കുമ്പോൾ ബഷീറിന്റെ വീടിനു മേലുള്ള മകുടം വീണുടയുന്നതും, ലക്ഷ്മൺ സേന എന്ന പേരിൽ പരാമർശിക്കപ്പെടുന്ന പാർട്ടിയുടെ സിംഹ തലയുള്ള മുദ്രയും കൊടിയും വാളേന്തിയ അനുയായികളും, മുസ്സോളിനിയുടെയും ഹിറ്റ്ലറുടേയും വസ്ത്രം ധരിച്ചവർ ചെയ്യുന്ന പ്രവർത്തിയും സിംബലിസത്തിലൂടെ പലതും പറഞ്ഞു വയ്ക്കുന്നു.
കഥാപാത്രങ്ങളുടെ പേരിലുമുണ്ട് രാഷ്ടീയം.പിള്ളയും പോറ്റിയും നായരും സിനിമയിൽ കടന്നു വരുന്നു. മലയാള ചിത്രങ്ങളിൽ നിലവിൽ ഇല്ലാതായി കൊണ്ടിരിക്കുന്ന ഒന്നാണീ ജാതിപേര് വെച്ചിട്ടുള്ള കഥാപാത്രങ്ങൾ. എന്നാൽ തിരക്കഥാകൃത്ത് വളരെ ബോധപൂർവം സൃഷ്ടിച്ചെടുത്തതാണ്. എന്നാൽ ഈ പേരുകൾ സിനിമയിൽ ഏച്ചു കെട്ടിയതു പോലെ തോന്നുന്നുണ്ട്. ഈ പേരുകൾ ഇല്ലാതെ തന്നെ പറയാൻ ഉദ്ദേശിച്ച രാഷ്ടീയം പറയാവുന്നതേയുള്ളു.
പ്രതീകാത്മകതയിലൂടെ രാഷ്ട്രീയ നിരീക്ഷണങ്ങൾ അവതരിപ്പിക്കാനുള്ള മുരളി ഗോപിയുടെ പാടവത്തെ തെളിയിക്കുന്ന സിനിമ കൂടിയാണ് തീർപ്പ്. വളരെ ലൗഡ് ആയ പശ്ചാത്തലം സ്വാഭാവികതയുടെ ഒഴുക്കിനു തടസമായിട്ടുണ്ട്. പലതവണ കണ്ടും വരികൾക്കിടയിലൂടെ വായിച്ചുമാണ് ഈ ചിത്രത്തിന്റെ സ്വഭാവവും രാഷ്ടീയവും മനസിലാക്കേണ്ടത്.
പറയാനുദ്ദേശിച്ച രാഷ്ട്രീയ നിരീക്ഷണങ്ങൾ ഒരുപരിധി വരെ പറഞ്ഞു ഫലിപ്പിക്കാൻ രതീഷ് അമ്പാട്ടിനും മുരളി ഗോപിക്കും സാധിച്ചിട്ടുണ്ട്.