വാട്സാപ്പിൽ പുതിയ അപ്ഡേഷൻ വരുന്നു. മെറ്റ, ജിയോ പ്ലാറ്റ്ഫോമുകൾ ചേർന്ന് വാട്സാപ്പിൽ ആദ്യമായി എൻഡ് ടു എൻഡ് ഷോപ്പിങ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ആദ്യമായിട്ടാണ് വാട്സാപ്പ് വഴി ആഗോളതലത്തിൽ ഇത്തരമൊരു സംവിധാനം പരീക്ഷിക്കുന്നത്.
വാട്സ്ആപ്പ് ചാറ്റ് ലൂടെ തന്നെ ഉപഭോക്താക്കൾക്ക് ജിയോ മാർട്ടിൽ നിന്നും എല്ലാ ഉൽപ്പന്നങ്ങളും വാങ്ങാം. ഇതിൽ നിന്നു കൊണ്ടുതന്നെ കാർട്ടിലേക്ക് സാധനങ്ങൾ ചേർക്കാനും പണമടക്കാനും സാധിക്കും.
മെറ്റയുടെ സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ് ഫേസ്ബുക്കിലൂടെ ഇതിന്റെ കൂടുതൽ വിവരങ്ങൾ പങ്കുവച്ചു. ജിയോമാർട്ടുമായി ഒന്നിച്ച് പ്രവർത്തിക്കുന്നതിനുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ബിസിനസ് മെസ്സേജിങ് കൂടുതൽ സാധ്യതയുള്ള ഒരു മേഖലയാണ് ഇത്. ഇത്തരത്തിലുള്ള ചാറ്റ് അധിഷ്ഠിത അനുഭവങ്ങൾ വരുംവർഷങ്ങളിൽ ജനങ്ങളും ബിസിനസുകളും തമ്മിൽ ആശയവിനിമയം നടത്താനുള്ള വഴി ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2020 ഇൽ ജിയോ പ്ലാറ്റ്ഫോമുകളും മെറ്റയുമായി പങ്കാളിത്തം പ്രഖ്യാപിച്ചപ്പോൾ കൂടുതൽ ആളുകളെയും ബിസിനസ്സുകളെയും ഓൺലൈനിൽ കൊണ്ടുവരുന്നതിനും ഓരോ ഇന്ത്യക്കാരന്റെയും ദൈനംദിന ജീവിതത്തിന് സൗകര്യം നൽകുന്ന നൂതനമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒരു ചർച്ചയാണ് സക്കർബർഗുമായി നടന്നത്.
ഇതുവഴി ലോകത്തിലെ മുൻനിര ഡിജിറ്റൽ സമൂഹമായി ഇന്ത്യയെ മുന്നോട്ടു നയിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഈ സംവിധാനത്തെക്കുറിച്ച് മുകേഷ് അംബാനി പറഞ്ഞത്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഷോപ്പിംഗ് ലളിതവും സൗകര്യപ്രദവുമായി മാറ്റാൻ ഉതകുന്ന ഒരു സംവിധാനമാണ് ജിയോമാർട്ട് മുന്നോട്ടുവയ്ക്കുന്നത്.
സാമ്പത്തികവും സാമൂഹികവുമായ വളർച്ചയെ പോലെതന്നെ സാങ്കേതികമായും ഇന്ത്യയെ മുന്നിലേക്ക് നയിക്കുകയാണ് ഇവിടെ. എല്ലാ തലത്തിലുമുള്ള ബിസിനസ്സുകാർക്കും മറ്റുള്ളവർക്കും പുതിയ വഴികളിൽ കണക്ട് ചെയ്യാനും അതുവഴി സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജം പകരാനും വേണ്ടിയുള്ള മെറ്റ, ജിയോ പ്ലാറ്റ്ഫോമുകളുടെ തന്ത്രപരമായ പങ്കാളിത്തമാണ് ഈ സംയോജനം.
ഷോപ്പിങ്ങിന് ലളിതവും സൗകര്യപ്രദവുമായ വഴിയൊരുക്കിക്കൊണ്ട് രാജ്യത്തുടനീളമുള്ള ബിസിനസ്സുകാർ അവരുടെ ഉപഭോക്താവുമായി കണക്ട് ചെയ്യുന്ന രീതിയിൽ ഒരു വിപ്ലവത്തിനാണ് വാട്സപ്പ് സാക്ഷ്യം വഹിക്കുന്നത്. വാട്സാപ്പിലെ ജിയോമാർട്ടിന്റെ നമ്പറിലേക്ക് ‘ഹായ് ‘എന്ന മെസ്സേജ് അയച്ച് ഷോപ്പിൽ തുടങ്ങാം.