മലയാളികളുടെ ഇഷ്ടപ്പെട്ട അറബി ഭക്ഷണമാണ് ഷവർമ എന്നത്. കേരളത്തിലെ ഏത് മുക്കിൽ പോയാലും ഷവർമ ഉണ്ടാകും എന്നവസ്ഥയാണുള്ളത്. എന്നാൽ ഷവർമ മൂലം ഒന്നിലധികം മരണങ്ങളും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. കാരണം കൃത്യമായി ചിക്കൻ വേവിക്കാത്തതും വൃത്തിഹീനമായ സാഹചര്യവുമാണ്. എന്നാൽ മലയാളികൾക്ക് ഇനി ഷവർമ ഇല്ലാത്ത ഒരു ജീവിതം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അത്ര മാത്രം ആ ഭക്ഷണത്തിനു അവർ അടിമപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
എന്നാൽ ഇനി ധൈര്യമായി ഷവർമ കഴിക്കാം എന്നതാണ് പുതിയ സന്തോഷം. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഈ ഭക്ഷണം ഉണ്ടാക്കുന്നതിലൂടെ ഒരുപാട് പേർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നുണ്ട്. അതിനാൽ ഷവർമ ഉണ്ടാക്കുന്നതിനും വിൽക്കുന്നതിനും സർക്കാർ പുതിയ മാർഗ നിർദ്ദേശം ഉണ്ടാക്കിയിരിക്കുന്നു.
ഷവർമ ഉണ്ടാക്കുന്ന തൊഴിലാളികൾക്ക് കൃത്യമായ പരിശീലനം നൽകിയിരിക്കണമെന്നും നല്ല വൃത്തിയുള്ള സ്ഥലത്ത് മാത്രമേ ഇതുണ്ടാകാൻ പാടുള്ളു എന്നും സർക്കാർ ഉത്തരവിൽ വ്യക്തമായി പറയുന്നുണ്ട്. ഷവർമ പാർസൽ വാങ്ങുകയാണെങ്കിൽ അതിനു മുകളിൽ ഡേറ്റും സമയവും എഴുതിയിരിക്കണം. ഒരു മണിക്കൂറിനു ശേഷം ഇത് കഴിക്കരുതെന്നും നിർദ്ദേശമുണ്ട്.
ഷവർമ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സ്റ്റാൻഡ് പൊടിപിടിക്കാത്തതും മുറിക്കാൻ ഉപയോഗിക്കുന്ന കത്തി വൃത്തിയുള്ളതും ആയിരിക്കണം. പാചകത്തിന്റെ സമയത്ത് ജോലിയെടുക്കുന്നവർ ഹെയർ ക്യാപും ധരിച്ചിരിക്കണം. കട ഉടമ തൊഴിലാളിയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പു വരുത്തേണ്ടതാണ്.
ഷവർമ തയാറാക്കാനുള്ള ഉൽപന്നങ്ങൾ എഫ്എസ്എസ്എഐ അംഗീകാരമുള്ള വ്യാപാരികളിൽനിന്നു മാത്രമേ വാങ്ങാൻ പാടുള്ളു. ബീഫ് 30 മിനുട്ടും ചിക്കൻ 15 മിനുട്ടും വേവിക്കേണ്ടതുണ്ട്.അറിയുന്ന ഇറച്ചി ഒന്ന് കൂടി വേവിക്കണം.
പാസ്റ്ററൈസ്ഡ് മുട്ടയാണ് മയണൈസ് നിർമാണത്തിന് ഉപയോഗിക്കേണ്ടത്. പുറത്തെ താപനിലയിൽ മയോണൈസ് 2 മണിക്കൂറിലധികം വയ്ക്കാൻ പാടില്ല. ബാക്കിവരുന്ന മയോണൈസ് 4 ഡിഗ്രി സെല്ഷ്യസിൽ സൂക്ഷിക്കണം. രണ്ടു ദിവസത്തിൽ കൂടുതലുള്ള മയോണൈസ് നിർബന്ധമായും ഒഴിവാക്കണം.
സർക്കാരിന്റെ ഉത്തരവ് ലംഘിക്കുന്നവർക്ക് 5 ലക്ഷം രൂപ പിഴയും 6 മാസ തടവുമാണ് വിധിച്ചിരിക്കുന്നത്. ഷവർമ നിർമ്മാണത്തിനെതിരെ വ്യാപക പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു മാർഗ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്