നമ്മുടെ ശരീരത്തിന് നിശ്ചിതമായ ഇടവേള വളരെ അത്യാവശ്യമാണ്. അതിന് ഏറ്റവും അനുയോജ്യമായ ശീലമാണ് കൃത്യവും വ്യക്തവുമായ ഉറക്കം.
എന്നാൽ അത് ഓരോ പ്രായത്തിലും വ്യത്യസ്തമാണ്. അത് മനസിലാക്കി വേണം നമ്മുടെ ദിനചര്യ ക്രമീകരിക്കാൻ. ആരോഗ്യകരമായ ഉറക്കം ലഭിച്ചാൽ മാത്രമേ സംതൃപ്തമായ ജീവിതം നമ്മുക്ക് കൈവരിക്കാൻ ആവൂ.
നമ്മൾ ഉറങ്ങുമ്പോൾ വളരെ കുറച്ചു ഊർജമാണ് ശരീരം ചിലവാക്കുന്നത്. ഇതിലൂടെ ലാഭിക്കുന്ന ഊർജം ശരീര വളർച്ചയെ സഹായിക്കുന്നു. പകൽ സമയങ്ങളിൽ നമ്മളെ ഉന്മേഷവാനായി ഇരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതും ഇവരാണ്.
ജനിക്കുന്നത് മുതൽ ഓരോ ഘട്ടത്തിലും ഉറക്കത്തിന്റെ അളവ് വ്യത്യസ്തമാണ്. അതായത് അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളാണ് ഏറ്റവും കൂടുതൽ ഉറങ്ങുന്നത്. ഇങ്ങനെ പ്രായത്തിനനുസരിച്ച് ഉറക്കത്തിന്റെ അളവിനെ മനസ്സിലാക്കാൻ സാധിക്കും.
നവജാത ശിശുക്കൾ ദിവസം 18 മണിക്കൂറോളം ഉറങ്ങും. രണ്ടു വയസ്സാകുന്നതുവരെയുള്ള ആകെ സമയത്തിൽ പകുതിയിലേറെ സമയവും ഇവർ ഉറക്കത്തിൽ തന്നെയായിരിക്കും. രാത്രിയിലുള്ള ഉറക്കം മാത്രമല്ല, പകൽ സമയത്തും രണ്ടോ മൂന്നോ തവണയും ഉറങ്ങുന്നു. ഒരു വയസ്സ് വരെ ഇത് തുടരും.
രണ്ടു മുതൽ അഞ്ചു വയസ്സുവരെ ഒരു ദിവസത്തിൽ 12 മണിക്കൂർ എങ്കിലും ഉറങ്ങണം. അഞ്ചു വയസ്സ് ആകുന്നതോടെ പകലുറക്കത്തിന്റെ ദൈർഘ്യം കുറയുകയും പതിയെ അതില്ലാതെയാവുകയും ചെയ്യുന്നു.
ഇനി കൗമാരക്കാരിലേക്ക് കടക്കുമ്പോൾ 7 മുതൽ 8 മണിക്കൂർ വരെയെങ്കിലും ഉറക്കം അത്യാവശ്യമാണ്. കൗമാരപ്രായക്കാരിൽ രാത്രി ഉറക്കം വൈകുന്നതും സ്വാഭാവികമാണ്. അതുപോലെതന്നെ ഉണരുന്ന സമയവും.
ഇത്തരത്തിൽ ചെറുപ്പക്കാരിൽ രാത്രി ഉറക്കം തൃപ്തിയാവാത്തതു മൂലം നിരവധി ശാരീരിക മാനസിക സംഘർഷങ്ങളിലേക്ക് നയിക്കുന്നു. പകലുറക്കം, എളുപ്പത്തിൽ ദേഷ്യം വരിക, സ്വഭാവവ്യതിയാനങ്ങൾ, പഠന പ്രശ്നങ്ങൾ, റോഡപകടങ്ങൾ എന്നിവ ഇതിന് ഉദാഹരണമാണ്.
മനുഷ്യ ശരീരത്തിൽ സ്വാഭാവികമായ സംഭവിക്കുന്ന ഒന്നാണ് ഉറക്കം. അതിന് നിരവധി തടസ്സങ്ങളും നേരിടേണ്ടതുണ്ട്. രാത്രിയിലെ മൊബൈൽ/ കംപ്യൂട്ടർ / ടി വി ഉപയോഗം, പഠന / പഠനേതര ആവശ്യങ്ങൾ, സ്കൂൾ/ ട്യൂഷൻ/മത പഠനം എന്നിവയൊക്കെ സ്വാഭാവികമായ ഉറക്കക്രമത്തെ തടസ്സപ്പെടുത്തുന്നു.
ഇതിനു പകരം അവധി ദിവസങ്ങളിൽ മുഴുവനായും ഉറങ്ങുന്നതും അനാരോഗ്യമാണ്. ഇത് നമ്മുടെ നിത്യജീവിതത്തെ എല്ലാത്തരത്തിലും മോശമായി ബാധിക്കുന്നു.
പ്രായത്തിനനുസരിച്ച് ആരോഗ്യമുള്ള ഉറക്കം എങ്ങനെയൊക്കെയാണെന്ന് വിലയിരുത്താവുന്നതാണ്.
ചെറിയ കുട്ടികളിൽ
കൃത്യമായ സമയക്രമം പാലിക്കുക. സ്കൂൾ ഉള്ള സമയത്ത് ഒരു രീതിയും അവധി ദിവസങ്ങളിൽ മറ്റൊരു രീതിയിലും ഉറക്കം മാറ്റരുത്. അരമണിക്കൂറിൽ കവിഞ്ഞൊരു വ്യത്യാസം ഇവിടെ പാടില്ല.
ഉറങ്ങാൻ പോകുന്നതിനു മുമ്പ് മാനസികമായും ശാരീരികമായും അതിനായി തയ്യാറെടുക്കുക. ടി വി / കമ്പ്യൂട്ടർ എന്നിവ പൂർണമായും ഒഴിവാക്കുക. പാട്ടുപാടി കൊടുക്കുകയോ കഥകൾ പറഞ്ഞു കൊടുക്കുകയോ ചെയ്യുന്നത് വളരെ നല്ലതാണ്.
വിശക്കുന്ന വയറോടെ ഉറക്കത്തെ സമീപിക്കാതിരിക്കുക. ചെറിയ സ്നാക്സോ ഒരു ഗ്ലാസ് പാലോ കഴിക്കുന്നത് വളരെ നല്ലതാണ്. കാപ്പി, ചായ, ചോക്ലേറ്റ് എന്നിവ വൈകുന്നേരങ്ങളിൽ നൽകരുത്.
ദിവസവും വീടിനു പുറത്ത് കളികളിൽ ഏർപ്പെടുകയോ വ്യായാമം ചെയ്യുകയോ ശീലമാക്കുക.
തോന്നിടത്ത് കിടന്ന് ഉറങ്ങാൻ അനുവദിക്കാതിരിക്കുക (സിറ്റിങ് റൂം,സോഫ). ഉറങ്ങാനായി പ്രത്യേക സ്ഥലം ഉണ്ടായിരിക്കണം. ആ മുറിയിൽ മറ്റു വെളിച്ചമോ ശബ്ദമോ അമിതമായ ചൂടോ തണുപ്പോ ഇല്ലായെന്ന് ഉറപ്പു വരുത്തണം.
കിടപ്പു മുറിയിൽ ടി വി ഉപയോഗിക്കുന്നത് കർശനമായി തടഞ്ഞിരിക്കണം. ടിവി കണ്ടുറങ്ങുന്ന ശീലം എല്ലാ തരത്തിലും നിത്യജീവിതത്തെ മോശമായി ബാധിക്കും.
കൊച്ചുകുട്ടികൾ പെട്ടെന്ന് ഉറങ്ങുന്നതിനും കരയാതിരിക്കാനും മുലപ്പാല് കൊടുത്തുകൊണ്ടോ പാലു കുപ്പി വെച്ചുകൊണ്ടോ ശീലങ്ങൾ ഉണ്ടാക്കരുത്. കാരണം ഒരു രാത്രി മുഴുവൻ പാല് വായയിൽ നിൽക്കുന്നത് പല്ലിന്റെ ആരോഗ്യത്തെ ബാധിക്കുകയും കേടു വരുകയും ചെയ്യുന്നു.
കൗമാരപ്രായത്തിൽ
ഉറങ്ങുന്ന സമയത്തിലും ഉണരുന്ന സമയത്തിലും കൃത്യത പാലിക്കണം. അവധി ദിവസങ്ങളിലെ ഉറക്കവും ഈ ദിനചര്യയെ പിന്തുടരുന്നതാവണം. അവ തമ്മിൽ ഒരു മണിക്കൂറിൽ കൂടുതൽ വ്യത്യാസം ഉണ്ടാകരുത്.
ആഴ്ചയിൽ അഞ്ചുദിവസം ഉറക്കം ശരിയായ രീതിയിൽ അല്ലാതാവുകയും അതിനു പകരമായി അവധി ദിവസങ്ങളെ പൂർണ്ണമായി ഉറക്കത്തിന് വേണ്ടി മാറ്റിവയ്ക്കാതെയും ഇരിക്കുക. അനാരോഗ്യകരമായ ശീലമാണിത്.
രാത്രി ഉറങ്ങാൻ സാധിക്കാത്തവർ പകലുറങ്ങുന്നത് കഴിവതും ഒഴിവാക്കുക. ഇതിലൂടെ രാത്രി ഉറക്കം സാധിക്കും. ഇതല്ലാതെ ഉള്ളവർ പകലുറക്കത്തിന് ഒരു മണിക്കൂറിൽ കൂടുതൽ സമയം ചിലവഴിക്കുകയും അരുത്.
നമ്മുടെ ചുറ്റുപാടുമായും സമൂഹവുമായും സമയം ചിലവഴിക്കാൻ കണ്ടെത്തുക. ശരീരത്തിലെ ഘടികാരത്തെ ക്രമപ്പെടുത്താൻ ഇത് സഹായിക്കും.
എല്ലാ ദിവസവും വ്യായാമത്തിനായി സമയം മാറ്റിവയ്ക്കണം. സുഖപ്രദമായ ഉറക്കത്തിന് ഇത് വളരെ അത്യന്താപേക്ഷിതമാണ്.
ഉറങ്ങാൻ മാത്രം കിടക്കയെ സമീപിക്കുക. മറ്റു വായനയോ ടിവി കാണുന്നതിനോ ഉപയോഗിക്കാതിരിക്കുക.
ഉറങ്ങുന്നതിനു അരമണിക്കൂർ മുമ്പ് മനസ്സിനെ ശാന്തമാക്കാൻ സാധിക്കുന്ന പുസ്തക വായനയോ പാട്ട് കേൾക്കുകയോ ചെയ്യുക. പഠനസംബന്ധമായതോ ആകാംക്ഷ ഉളവാക്കുന്നതോ ആയ കാര്യങ്ങളിൽ നിന്ന് മാറിനിൽക്കുക. കഠിനമായ വ്യായാമങ്ങൾ ഉറങ്ങുന്നതിനു തൊട്ടുമുൻപ് ചെയ്യാതിരിക്കുക.
ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് രാത്രി ഭക്ഷണം കഴിക്കുക. വിശക്കുന്ന ശരീരവുമായി ഉറക്കത്തെ സമീപിക്കരുത്. ഉറങ്ങുന്നതിനു തൊട്ടുമുമ്പ് ചെറിയ സ്നാക്സ് കഴിക്കുകയും ആവാം.
വൈകുന്നേരങ്ങളിലെ ചായ, കാപ്പി, ചോക്ലേറ്റ് എന്നിവ ഒഴിവാക്കുക.
മദ്യപിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തുന്നതിനും ഇടയ്ക്ക് എണീക്കുന്നതിനും കാരണമാകുന്നു.
പുകവലിയും ഉറക്കമില്ലായ്മയിലേക്ക് നമ്മളെ നയിക്കും. ഉറങ്ങുന്നതിനു രണ്ടു മണിക്കൂർ മുമ്പെങ്കിലും പുകവലിക്കാതിരിക്കുക.
ഉറക്ക ഗുളികകളുടെ ഉപയോഗം ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ആയിരിക്കണം.
ഒരു വയസിനു താഴെ
ഒരു കുഞ്ഞിനെ ഉറക്കി കിടത്തിയതിന് ശേഷം അവർ സ്വാഭാവികമായ തിരിഞ്ഞു മറിഞ്ഞു കിടക്കുന്നത് ഒരിക്കലും തടയേണ്ടതില്ല. പക്ഷേ കുഞ്ഞുങ്ങളെ കമഴ്ത്തി കിടത്തി ഉറക്കരുത്.
അമ്മ കുഞ്ഞിന്റെ കൂടെ കിടന്നുറങ്ങുമ്പോൾ മറ്റൊരു അപകട സാധ്യത കൂടിയുണ്ട്. അതായത് ഉറക്കത്തിൽ കുഞ്ഞിന്റെ ശരീരത്തിലേക്ക് മറിഞ്ഞു കിടക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. അവരുടെ ശ്വാസ തടസ്സത്തിന് കാരണമായേക്കാവുന്ന കട്ടിയുള്ള പുതപ്പുകളും തലയിണകളും മുഖത്തേക്ക് വരുന്നില്ല എന്നു കൂടി ശ്രദ്ധിക്കണം.
കുഞ്ഞുങ്ങളുടെ സമീപത്തിൽ പുകവലിയോ അത്തരത്തിൽ എന്തെങ്കിലും പ്രവർത്തിയിലോ ഏർപ്പെടാതിരിക്കുക. ഉറക്കത്തിൽ മരണപ്പെടുന്നതിന് പുകവലി കാരണമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്.
കുഞ്ഞുങ്ങളിൽ ഒറ്റയ്ക്ക് കിടക്കാനുള്ള പേടിയും ഉറങ്ങാനുള്ള മടിയും ഇടയ്ക്കിടയ്ക്ക് ഞെട്ടി ഉണരുന്നതും സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ മാതാപിതാക്കളുടെ സാമീപ്യം അവർ ആഗ്രഹിക്കുന്നുണ്ട്. ഇത്തരക്കാരെ ഉറങ്ങാൻ കിടത്തിയതിനുശേഷം കുറച്ചുനേരം കൂടെ ഇരിക്കുകയും പെട്ടെന്ന് വരാമെന്ന് പറഞ്ഞ് ചെറിയ വാഗ്ദാനങ്ങൾ കൊടുക്കുക. അത് നിറവേറ്റുകയും വേണം. തുടർന്ന് തിരിച്ചുവരവിന് ദൈർഘ്യം കൂട്ടിക്കൊണ്ടു വരുകയും അവർ നിങ്ങളുടെ അസാന്നിധ്യത്തിൽ ഉറങ്ങാൻ ശ്രമിക്കുകയും ചെയ്യും.
ചിലർ ഉറക്കത്തിൽ നിലവിളിക്കുകയോ എഴുന്നേറ്റ് നടക്കുകയോ സംസാരിക്കുകയോ ചെയ്യാറുണ്ട്. ഇതെല്ലാം ഉറക്കത്തിൽ തന്നെയാണ് സംഭവിക്കുന്നതും. അതുകൊണ്ടുതന്നെ ഇവർക്ക് അത് ഓർത്തെടുക്കാനോ മനസ്സിലാക്കാനോ സാധിക്കില്ല.
ചിലർ സ്വപ്നങ്ങൾ കാണുകയും അതോർത്തെടുത്ത് പറയുന്നതും എഴുതി വയ്ക്കുന്നതും കാണാം. പക്ഷേ അത് പൂർണമായിരിക്കുകയില്ല. കാണുന്ന സ്വപ്നങ്ങൾ എല്ലാം അന്നത്തെ ദിവസവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടതായിരിക്കാം. ഉദാ; പകൽ സംഭവിച്ച മന: പ്രയാസമുണ്ടാക്കുന്ന സംഭവങ്ങൾ, പേടിപ്പെടുത്തുന്ന സിനിമകൾ, കേട്ടതോ വായിച്ചതോ ആയ പ്രേത കഥകൾ എന്നിവയൊക്കെ സ്വപ്നങ്ങളെ സ്വാധീനിക്കും.
തികഞ്ഞ ക്ഷമയോടെ വേണം കാര്യങ്ങൾ പറഞ്ഞുകൊടുത്തു അവരെ മനസ്സിലാക്കിപ്പിക്കുക. സ്വപ്നമാണെന്നും അതൊക്കെ വെറുതെ തോന്നുന്നതാണെന്നും പറഞ്ഞവരെ ആശ്വസിപ്പിക്കുക.നമ്മളെ അതൊന്നും ചെയ്യുകയില്ല എന്ന ധൈര്യവും കുട്ടികൾക്ക് കൊടുക്കണം.
കിടപ്പുമുറിയിൽ ബെഡ് ലൈറ്റ് പോലുള്ളവ ഉപയോഗിക്കുന്നത് നല്ലതാണ്.
ഉറക്കത്തിൽ നടക്കുന്ന അസുഖമാണ് സോമനാംബുലിസം. സിനിമകളിലൊക്കെ കാണുന്നതും ഏറെ പരിഹാസ്യമാക്കുന്നതുമായ ഒരു രോഗാവസ്ഥയാണ് ഇത്. കണ്ണ് തുറന്നിരിക്കും എങ്കിലും അവർ തികഞ്ഞ ഉറക്കത്തിലാണ്. ബാലൻസ് ഇല്ലാത്ത രീതിയിലാണ് നടക്കുക.
സാധാരണമായ ഒരു അവസ്ഥയല്ല, ആയതുകൊണ്ട് തന്നെ പലവിധ അപകടങ്ങളിലും ചെന്ന് ചാടുന്നതിന് ഈ അവസ്ഥ കാരണമാകും.
ഉറക്കത്തിൽ സംസാരിക്കുന്നതിൽ അസാധാരണത്വം പറയാൻ സാധിക്കില്ല. കാരണം ഉറക്കമിളച്ചിരിക്കുകയോ പനിയുള്ളപ്പോഴോ മാനസിക ആസ്വാസ്ഥ്യം ഉള്ളപ്പോഴോ ഇത് സാധാരണമാണ്. പക്ഷേ മയക്കുമരുന്ന് ഉപയോഗത്തിന്റെ ലക്ഷണമായും ഇത് കണ്ടുവരുന്നുണ്ട്.
വ്യക്തവും കൃത്യവുമായ ഉറക്കത്തെ ശീലമാക്കുന്നതിലൂടെ ഇത്തരം രോഗാവസ്ഥകളിൽ നിന്നെല്ലാം നമ്മൾ മോചിതരാകും. അതിനുള്ള വിശദാംശങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. അതിനനുസരിച്ച് ജീവിതത്തെ ചിട്ടയോടെ മുന്നോട്ടു കൊണ്ടുപോകാൻ എപ്പോഴും ശ്രമിക്കണം.