OPUSLOG

നാട്ടിലേക്ക് വരാൻ ഇനി ഒരു കാരണം കൂടി : യാത്രാനിരക്കുകളിൽ കുറഞ്ഞ ഓഫറുമായി എയർ ഇന്ത്യ

കുടുംബ പ്രാരാബ്ദങ്ങൾ കുറക്കാനും, ജീവിതം ഒരു കരയ്ക്കടുപ്പിക്കാനും കുടുംബത്തെ വിട്ട് അന്യനാടുകളിൽ പണിയെടുക്കുന്നവരാണ് പ്രവാസികൾ. ജീവിതത്തിന്റെ ഏറിയ പങ്കും, ഗൾഫ് രാജ്യങ്ങളിലെ മണലാരണ്യങ്ങളിൽ ചിലവഴിക്കുന്ന മലയാളികൾ ഒരുപാടുണ്ട്. 2014ലെ കണക്കുകൾ പ്രകാരം, 38.7% മലയാളികളാണ് യു. എ. ഇ യിൽ ജോലി ചെയ്യുന്നത്.

അധ്വാനങ്ങൾക്കും കഷ്ടപ്പാടുകൾക്കുമിടയിൽ പ്രവാസികൾക്ക് കിട്ടുന്ന ഏക ആശ്വാസം അവധിക്ക് നാട്ടിൽ വരുന്ന ദിവസങ്ങളാണ്. എന്നാൽ സാധാരണക്കാരന്റെ കഴുത്തറക്കുന്ന വിമാനനിരക്കുകൾ പലപ്പോഴും അതിനൊരു വിലങ്ങുതടിയാകാറുണ്ട്. ഈ അവസ്ഥയ്ക്ക് താൽക്കാലികമെങ്കിലും ചെറിയ ആശ്വാസവുമായാണ് എയർ ഇന്ത്യ ഇത്തവണ വന്നിരിക്കുന്നത്.

കോഴിക്കോട് നിന്നും ദുബായ്, ഷാർജ സെക്റ്ററുകളിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനങ്ങൾക്ക് പൊതുവെ നിരക്ക് 10,000 ന് മുകളിലാണ്. ഓഗസ്റ്റ് ആദ്യ വാരത്തിൽ ഗൾഫ് സെക്റ്ററിൽ വിമാന നിരക്ക് കുത്തനെ കൂട്ടിയത് അവധി കഴിഞ്ഞ് സെപ്റ്റംബർ ആദ്യ വാരം ഗൾഫിലേക്ക് തിരിച്ചുപോകാനിരുന്നവർക്ക് വലിയ ദുരിതം സമ്മാനിച്ചിരുന്നു.

രണ്ട് മുതൽ നാലിരട്ടി വരെയായിരുന്നു അന്നത്തെ ടിക്കറ്റ് വിലവർധന. എന്നാൽ അന്നേരവും എയർ ഇന്ത്യ പ്രവാസികൾക്ക് ആശ്വാസവുമായി എത്തിയിരുന്നു.’ വൺ ഇന്ത്യ വൺ ഫെയർ ‘ എന്ന ക്യാമ്പയിനിന്റെ ഭാഗമായി ഓഗസ്റ്റ് 21 വരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കിയിരുന്നു. ഇപ്പോൾ വീണ്ടും പ്രവാസികളെ ഏറെ സഹായിക്കുന്ന ഓഫറുമായി എയർ ഇന്ത്യ വന്നിരിക്കുകയാണ്.

കോഴിക്കോട്ടേക്കുള്ള ഷാർജ, ദുബായ് സെക്റ്ററിൽ നിന്നുള്ള വിമാനങ്ങളിൽ സൗജന്യ ബാഗേജ് അലവൻസും, കുറഞ്ഞ ടിക്കറ്റ് നിരക്കുമാണിപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. 35 കിലോ ലഗേജിനുള്ള അനുവാദവും, വൺവേയ്ക്ക് 300 ദിർഹം എന്നതുമാണ് ഓഫർ.

ഒക്ടോബർ 15 നുള്ളിൽ ടിക്കറ്റ് എടുക്കുന്നവർക്ക് ഓഫർ ലഭ്യമാകും.ഡിസംബർ 7 വരെ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാനാകുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. കോവിഡ് മൂലം നിർത്തിവച്ച, കോഴിക്കോട് നിന്നും ഷാർജയിലേക്ക് 430 ദിർഹമെന്ന നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കുന്ന, യാത്രക്കാരെ ഏറെ ആകർഷിച്ചിരുന്ന വിമാന സർവീസ് 2022 മാർച്ചിൽ എയർ ഇന്ത്യ പുനരാരംഭിച്ചിരുന്നു.

Exit mobile version