OPUSLOG

ഷോപ്പിങ് App കളിലൂടെ ആപ്പിലാവാതിരിക്കുക

മലയാളി തന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി കൊണ്ടുവന്നിരിക്കുന്ന ഒരു കാര്യമാണിപ്പോൾ ഓൺലൈൻ ഷോപ്പിങ്. ഉപ്പ് തൊട്ട് കർപ്പൂരം മുതൽ മരുന്ന് തൊട്ട് മന്ത്രം വരെ ഓൺലൈൻ ഷോപ്പിങ് ആപ്പുകൾ വഴി ലഭ്യമാണ്.

അതിൽ ഏറ്റവും പ്രിയം വസ്ത്രങ്ങളോട് തന്നെ. പുറമെ ഷോപ്പിങിന് പോയി തിരഞ്ഞെടുത്ത് ക്ഷീണിക്കുന്ന ഏർപ്പാടോ, കളക്ഷൻ ഇല്ലായ്മയുടെ പ്രശ്നമോ ഇല്ല. വിരൽ തുമ്പിലെ ഓരൊറ്റ സ്പർശം കൊണ്ട്, ഇഷ്ടപെട്ട വസ്ത്രം, ഇഷ്ടമുള്ള കളറിൽ, വലിപ്പത്തിൽ, കുറഞ്ഞ ചിലവിൽ വീടിന് മുൻപിലെത്തും.

ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവ അനവധി വർഷങ്ങളായി നമ്മുക്കിടയിലുണ്ടെങ്കിലും, കോവിഡ് ആണ് നമ്മളെ ഓൺലൈൻ ഷോപ്പിങിനോട് കൂടുതൽ അടുപ്പിച്ചതെന്ന് പറയാം. എന്നാൽ, എല്ലായ്പോഴും ഓൺലൈൻ ഷോപ്പിങ് നമ്മുക്ക് സംതൃപ്തി മാത്രമാണോ നൽകുന്നത്. അടുത്തിടെ പുറത്തു വന്ന സർവ്വേ പ്രകാരം ഓൺലൈൻ ഷോപ്പിങ് നടത്തുന്നവരിൽ 74% പേരും തട്ടിപ്പിന് ഇരയാകുന്നുണ്ട്.

സാധാരണക്കാരൻ മുതൽ ഐഎഎസ്സ് റാങ്ക് ഹോൾഡർ വരെ ഓൺലൈൻ തട്ടിപ്പിനിരയാകുന്ന വാർത്തകൾ നമ്മൾ ദിവസം തോറും കേൾക്കുന്നതാണ്. കറുത്ത ചുരിദാർ ഓർഡർ ചെയ്ത് പച്ച പട്ടുസാരി ലഭിച്ചതും, ചുരിദാറിന് പകരം കീറിയ തുണികഷ്ണങ്ങൾ ലഭിക്കുന്നതുമായ കഥകൾ മിക്കവാറും എല്ലാ ദിവസങ്ങളിലും റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്.

എന്നിരുന്നാലും പിന്നെയും നമ്മൾ വഞ്ചിക്കപ്പെടുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ നമ്മൾ പറ്റിക്കപ്പെടാൻ നിന്നു കൊടുക്കുന്നു. സാമാന്യ യുക്തിയുപയോഗിച്ച് ചില കാര്യങ്ങൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്‌താൽ ഇത്തരം തട്ടിപ്പുകളിൽ നിന്നും നമ്മുക്ക് രക്ഷപ്പെടാവുന്നതാണ്.

ഓൺലൈൻ ഷോപ്പിങിനെ ഒരു ട്രെൻഡായി എടുക്കാതിരിക്കുക. അടുത്തുള്ള കടകളിൽ മിതമായ നിരക്കിൽ ലഭിക്കുന്ന വസ്ത്രങ്ങൾ അന്വേഷണം പോലുമില്ലാതെ ഓൺലൈനിൽ ഓർഡർ ചെയ്യാതിരിക്കുക.

Exit mobile version