ഒരു വ്യക്തിയുടെ ജീവിതത്തിൽ ആരോഗ്യമുള്ള ശരീരം പോലെ തന്നെ പരിപാലിക്കേണ്ട ഒന്നാണ് ആരോഗ്യമുള്ള മനസ്സും. നിസ്സാരം എന്ന് കരുതി നമ്മൾ തള്ളിക്കളയുന്ന പല പ്രശ്നങ്ങളും വലിയ രീതിയിൽ നമ്മെ ബാധിക്കുന്നവയാവാം.
ജീവിതത്തിൽ നമ്മുക്കുണ്ടാവുന്ന പരാജയങ്ങൾ, നഷ്ടങ്ങൾ, ദുഖങ്ങൾ എന്നിവ മറികടന്ന് ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ, ആരോഗ്യമുള്ള മനസ്സ് ഉണ്ടായിരിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്. എന്നാൽ ശരീരാരോഗ്യത്തിന് നമ്മൾ കൊടുക്കുന്ന ശ്രദ്ധ പലപ്പോഴും മാനസ്സികാരോഗ്യത്തിന്റെ കാര്യത്തിൽ കൊടുക്കാറില്ല എന്നതാണ് വസ്തുത.
ജീവിതത്തിന്റെ ഉയർച്ചതാഴ്ചകളിൽ പലയിടത്തും പതറി, വിഷാദത്തിന്റെയും, അതിലൂടെ ആത്മഹത്യയുടെയും കയത്തിലേക്കാണ്ട് പോയ നിരവധി പേരുണ്ട്. എന്നാൽ മരണത്തേക്കാൾ ഭയാനകമായ അവസ്ഥകൾ തരണം ചെയ്ത് ചിരിച്ച് നിൽക്കുന്നവരുമുണ്ട്.ഇവിടെയാണ് ഒരു വ്യക്തി അവന്റെ മനസ്സിനെ പരിചരിക്കുന്ന വിധവും അതിനെ വളർത്തി കൊണ്ടുവരുന്ന വിധവും പ്രാധാന്യമർഹിക്കുന്നത്.
മാനസ്സികാരോഗ്യ പ്രശ്നങ്ങളിൽ അകപ്പെട്ട് പോവാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ ഉണ്ട്
ശരിയായ ഉറക്കം
പകൽ മുഴുവൻ ഉണർന്നിരുന്ന ശരീരവും മനസ്സും തീർത്തും ക്ഷീണിതരായി വിശ്രമിക്കുന്ന സമയമാണ് രാത്രി. എന്നാൽ ആ വിശ്രമം വേണ്ട അളവിൽ ലഭിക്കാത്തത്, വലിയ പ്രശ്നങ്ങളിലേക്ക് നയിക്കാം. ഓർമ്മക്കുറവ്, ഉന്മേഷക്കുറവ്, പിരിമുറുക്കം,മാനസ്സിക സമ്മർദ്ദം എന്നിവ വർധിക്കാൻ ഇത് കാരണമാകുന്നു.
ഫോൺ, ടെലിവിഷൻ എന്നിവയുടെ അമിത ഉപയോഗം
ഫോൺ- ടെലിവിഷൻ എന്നിവയുടെ അമിത ഉപയോഗം, നമ്മുടേതല്ലാത്ത മറ്റൊരു ലോകത്തിലെ, കപടലോകത്തിലെ, സഹവാസി ആയി നമ്മെ മാറ്റുന്നു. ടി വി യിലും ഫോണിലും മറ്റുള്ളവർക്കുള്ളതായി കാണുന്നത് നമ്മുക്കില്ലല്ലോ എന്ന ചിന്ത, ജീവിത വിരസതയ്ക്കും, വിഷാദത്തിനും കാരണമാകുന്നു.
ജോലിയും വ്യക്തിജീവിതവും തമ്മിൽ കൂട്ടികുഴക്കുക
നമ്മൾ ചെയ്യുന്ന പഠനവും ജോലിയും വ്യക്തി ജീവിതവുമായി കലർത്തുന്നത് മനസ്സമാധാനക്കേടിന് കാരണമാകുന്നു. ഓഫീസ് വർക്കുകൾ ഓഫീസിൽ തന്നെ വക്കുകയും വീട്ടിലേക്ക് കൊണ്ട് വരാതിരിക്കുകയുമാണ് നല്ലത്.
കുടുംബാംഗങ്ങളും, സുഹൃത്തുക്കളുമായുള്ള നല്ല രീതിയിലുള്ള കമ്മ്യുണിക്കേഷൻ
ജീവിതത്തിലെ ഏതു പ്രശ്നവും അടുത്ത സുഹൃത്തുക്കളോടോ, വീട്ടുകാരോടോ തുറന്ന് പറയുക. എന്തും തുറന്ന് പറയാൻ കഴിയുന്ന ഒരു സുഹൃത്തിനേയെങ്കിലും ഉണ്ടാക്കിയെടുക്കുക.
രോഗലക്ഷണങ്ങൾ ഗൂഗിളിൽ തിരയുക
ഓർക്കുക ഗൂഗിൾ ഡോക്ടർ അല്ല, ഗൂഗിൾ തരുന്ന എല്ലാ വിവരങ്ങളും, കൃത്യമല്ല. അതിനാൽ എന്ത് അസ്വസ്ഥത തോന്നിയാലും ഡോക്ടറെ കാണുക.
പ്രശ്നങ്ങൾ തുറന്ന് പറയാൻ പഠിക്കുക
ഒരു സൈക്കാട്രിസ്ടറ്റിനെ കാണുന്നത്, ഭ്രാന്തുള്ളവർ മാത്രമാണെന്ന് കരുതരുത്. ചുറ്റുമുള്ളവർ എന്ത് പറയുമെന്ന ചിന്ത ഒഴിവാക്കുക.
ഇഷ്ടങ്ങളെ സ്നേഹിക്കുക
എല്ലാ തിരക്കിനിടയിലും അവനവന് വേണ്ടി അല്പം സമയം കണ്ടെത്തുക. ഇഷ്ടമുള്ള പുസ്തകം വായിക്കുന്നതും, പാട്ട് കേൾക്കുന്നതും, യാത്രകൾ ചെയ്യുന്നതും, പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവിടുന്നതും തന്നെയാണ് മനസ്സിനുള്ള ഏറ്റവും നല്ല മരുന്ന്.