മറ്റ് മലയാള നടന്മാരിൽ നിന്നും അഭിനയ ശൈലികൊണ്ടും, ശബ്ദം കൊണ്ടും, പെരുമാറ്റം കൊണ്ടും വേറിട്ടു നിൽക്കുന്ന നടനാണ് ഷൈൻ ടോം ചാക്കോ. അസാമാന്യ അഭിനയ പ്രതിഭ എന്നതിനപ്പുറം, സിനിമ പ്രൊമോഷനുകളിൽ, വെട്ടിത്തുറന്നുള്ള പറച്ചിലുകളും ഷൈനിനെ, ആരാധകർക്കിടയിൽ ‘തഗ് ‘ ആക്കാറുണ്ട്.
തനിക്ക് തോന്നുന്നത് തന്റെ ഇഷ്ടപ്രകാരം എവിടെ വേണമെങ്കിലും തുറന്നു പറയുമെന്ന നിലപാട് ആവർത്തിക്കുകയാണ്, മനോരമ ഓൺലൈനിന് കൊടുത്ത ഇന്റർവ്യൂവിൽ ഷൈൻ വീണ്ടും.
20 വർഷം മുൻപ് ‘നമ്മൾ’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന ഷൈൻ, സിനിമയിൽ ഒരു ചെറിയ ഭാഗത്ത്, ബസിനു പുറകിലിരിക്കുന്ന യാത്രക്കാരനായാണ് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യമായി തന്നെ സ്ക്രീനിൽ കാണിക്കുന്നത് കാണാൻ അന്ന് ഒരുപാട് തവണ തിയേറ്ററിൽ കയറിയിറങ്ങിയതായി ഷൈൻ ഓർത്തെടുക്കുന്നു.
എല്ലാ സിനിമകളുമുണ്ടാകുന്നത് ഫാമിലിയിൽ നിന്നാണെന്നാണ് ഷൈൻ അഭിപ്രായപ്പെടുന്നത്. നല്ലതും ചീത്തയും കൂടിയുള്ളതാണ് സിനിമ. നെഗറ്റീവ് ഷേയ്ഡ് കാരക്ടർസ് ഇല്ലാതെ സിനിമയില്ല. കഥാപാത്രങ്ങൾ മോശമായി പെരുമാറുമ്പോഴാണ് രക്ഷകൻ വരുന്നത്. അവരില്ലെങ്കിൽ സിനിമ മുന്നോട്ട് പോകില്ല. നെഗറ്റീവ് കഥാപാത്രങ്ങളെ എത്ര മാസ്സ് ആയി അവതരിപ്പിച്ചാലും അത് വിവേചകബുദ്ധിയോടെ കാണേണ്ടത് പ്രേക്ഷകരാണ്.
സിനിമ നടന്റെയോ, ക്യാമാറാമേന്റെയോ,എഴുത്തുകാരന്റെയോ കലയല്ല, സംവിധായകന്റെതാണ് എന്നാണ് ഷൈൻ പറയുന്നത്. നടനെപ്പോഴും ഡയറക്ടറുടെ ടൂൾ ആണ്. എന്നാൽ അഭിനത്തിൽ നടന് പൂർണ സ്വാതന്ത്ര്യം നൽകണം. അഭിനയത്തിന്റെ ബേയ്സ് താളലയങ്ങളാണ്. 4-10 വരെ 7 വർഷം നൃത്തം പഠിച്ചത് തന്നെ വളരെ സഹായിച്ചിട്ടുണ്ട്. ഒരു അഭിനേതാവിനെ നൃത്തവും സംഗീതവും വളരെ അധികം പരുവപ്പെടുത്തുമെന്നും ഷൈൻ പറയുന്നു.
പൊതു ഇടങ്ങളിലെ ഷൈനിന്റെ വ്യത്യസ്തമായ പെരുമാറ്റങ്ങളെ കുറിച്ചുള്ള അവതാരികയുടെ ചോദ്യത്തിന്, അതിനെല്ലാം വ്യക്തമായ കാരണങ്ങൾ ഉണ്ടെന്നായിരുന്നു ഷൈനിന്റെ മറുപടി. മീഡിയയെ കാണുമ്പോൾ ഓടുന്നതും, ഇന്റർവ്യൂവിൽനിന്നും എണീറ്റ് പോകുന്നതും തന്നിഷ്ടമല്ല.
ഷൂട്ടിംഗ് മാത്രമാണ് എന്റെ ജോലി. അതിൽ താൻ പെർഫെക്ട് ആൻഡ് ഡിസിപ്ലിൻഡ് ആണ്. അത് സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ്. തന്റെ പെരുമാറ്റങ്ങളും, അഭിപ്രായങ്ങളും മറ്റുള്ളവർ കാര്യമാക്കിയെടുക്കണമെന്നില്ല, താൻ ജീവിക്കുന്നത് തന്റെ സംതൃപ്തിക്ക് വേണ്ടിയാണ്. സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വരുന്ന നെഗറ്റീവ് കമ്മെന്റുകളാണ് തന്നെ വളരാൻ സഹായിക്കുന്നതെന്നും താരം പറയുന്നുണ്ട്.
പുതിയ ചിത്രമായ വിചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ഷൈൻ ഇന്റർവ്യൂവിന് എത്തിയത്. സാധാരണ കുടുംബചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ സിനിമയാണ് വിചിത്രം എന്നദ്ദേഹം പറഞ്ഞു. “എന്റെ ലഹരിയും വായനയും എന്റെ സ്വാതന്ത്ര്യമാണ്. നമ്മൾ ജീവിക്കേണ്ടത് സ്നേഹിക്കുന്നവർക്ക് വേണ്ടിയല്ല, സ്നേഹം ഒരു അൺനാച്ചുറൽ തിങ് ആണ്. ഒരാളെ മനസ്സിലാക്കുന്നതാണ് സ്നേഹം ” ഷൈൻ കൂട്ടിച്ചേർക്കുന്നു.