ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ നടൻ, തന്റെ ശബ്ദം കൊണ്ടും, തലയെടുപ്പുകൊണ്ടും നിലവിലുണ്ടായിരുന്ന എല്ലാ സിനിമ സങ്കല്പങ്ങളെയും മാറ്റിക്കുറിച്ച വ്യക്തി, അര നൂറ്റാണ്ടിലേറേയായി തുടരുന്ന അഭിനയസപര്യയിലൂടെ, ഇന്ത്യൻ സിനിമാസിംഹാസനം കൈയാളുന്ന വ്യക്തി… വിശേഷണങ്ങൾ ഏറെയാണ് ബോളിവുഡിന്റെ സ്വന്തം ഷഹെൻഷായ്ക്ക്.
അഭിനയത്തോടുള്ള അടങ്ങാത്ത അർപ്പണബോധമാണ്, 53 വർഷങ്ങൾക്കിപ്പുറവും ബോളിവുഡിലെ അഭിനയകുലപതിയായി അദ്ദേഹം തുടരാൻ കാരണം. 80 ആം പിറന്നാൾ വേളയിൽ ഇന്ത്യയിൽ നിന്നും പുറത്ത് നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ അദ്ദേഹത്തിനു ആശംസകൾ നേരുന്നു.
1942 ഒക്ടോബർ 11 നായിരുന്നു ഹരിവൻശ് റായ് ബച്ചന്റെയും ടെജി ബച്ചന്റെയും മൂത്ത മകനായി അദ്ദേഹം ജനിക്കുന്നത്. നാടങ്ങളിലൂടെയാണ് ബച്ചന്റെ അഭിനയം തുടങ്ങുന്നത്. നിരവധി പരാജയങ്ങൾ ഏറ്റ് വാങ്ങി വിജയത്തെ പുണർന്ന ജീവിതമായിരുന്നു ബച്ചന്റേത്. എന്നാൽ ഒന്നിലും കുലുങ്ങാത്ത നിശ്ചയദാർഢ്യം സഹായകമായി.
നാടക കാലത്തിന് ശേഷം, ഓൾ ഇന്ത്യൻ റേഡിയോയിൽ നിന്നും, പിന്നീട് സിനിമയിൽ നിന്നും ശബ്ദത്തിന്റെ പേരിൽ തഴയപ്പെട്ടു. ‘പ്രക്ഷേപണം ചെയ്യാൻ കഴിയാത്ത ശബ്ദം ‘ എന്ന് പറഞ്ഞാണ്, ഓൾ ഇന്ത്യൻ റേഡിയോ അദ്ദേഹത്തെ നിരസിച്ചത്. പിന്നീട് ഇതേ ശബ്ദം തന്നെ സിനിമയിലെത്താൻ ബച്ചനെ തുണച്ചു.
1969 ലെ മൃണാൾ സെൻ സിനിമയായ ബുവൻ ഷോമിലെ വോയിസ് ഓവറിലൂടെയാണ് അമിതാബ് സിനിമയിലെത്തിയത്. സാത് ഹിന്ദുസ്ഥാനി എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ബച്ചന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇടയ്ക്ക് ഉണ്ടായ ഇടർച്ചകളിൽ നിന്ന് പോലും അത്രയും രാജാകീയമായി അദ്ദേഹം തിരിച്ചു വന്നു.
സഞ്ജീർ, ഡോൺ, ദീവർ, ഷോലെ, ബ്ലാക്, പിങ്ക്, പികു എന്നിങ്ങനെ കോമേഴ്‌ഷ്യൽ ഹിറ്റുകളും, അഭിനയപാടവത്താൽ നമ്മെ നിശ്ചലരാക്കിയതുമായ അനേകം ചിത്രങ്ങൾ. ഏറ്റവും കൂടുതൽ തവണ ഫിലിം ഫെയർ അവർഡ് ലഭിച്ചതും, അവാർഡിന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതുമായ നടൻ. ബോളിവുഡിലെ ഒരേയൊരു അമിതാബ്!
80ആം വയസ്സിലും അഭിനയത്തിനോടുള്ള ആവേശവും ചുറുചുറുക്കും ഒട്ടും കുറഞ്ഞിട്ടില്ല ബച്ചന്. ഭാര്യ ജയ ബച്ചനും മകൻ അഭിഷേകും, ” കോൻ ബനെഗ കരോർപതി ” എന്ന ബച്ചൻ ആംഗർ ചെയ്യുന്ന പരിപാടിയിൽ അപ്രതീക്ഷിതമായി എത്തിച്ചേർന്ന് അദ്ദേഹത്തിനു സർപ്രൈസ് കൊടുക്കാനും, മാറ്റാർക്കുമറിയാത്ത ബച്ചന്റെ സ്വഭാവങ്ങൾ പങ്കുവെക്കാനും തീരുമാനിച്ചിരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റെറിലൂടെ പിറന്നാൾ ആശംസകൾ നേർന്നു. കരൺ ജോഹർ, അജയ് ദേവ്ഗൺ,അനുപം ഖേർ,രജനി കാന്ത് എന്നിങ്ങനെ സിനിമ മേഖലയിലെ പലരും ബിഗ് ബിക്ക് മംഗളം നേരുന്നു. മകൾ ശ്വേത ബച്ചനാകട്ടെ അദ്ദേഹത്തിന്റെ മറ്റാരും കാണാത്ത പഴയ ചിത്രങ്ങൾ പങ്കുവെച്ചാണ് സന്തോഷം അറിയിക്കുന്നത്.
അതെ സമയം രാജ്യത്താകമാനമുള്ള തിയേറ്ററുകൾ ബച്ചന്റെ 80ആം പിറന്നാൾ പ്രമാണിച്ച്, അദ്ദേഹത്തിന്റെ പല സിനിമകളും പ്രദർശിപ്പിക്കുന്നുണ്ട്.