12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി വീണ്ടും ഇടുക്കി പശ്ചിമഘട്ടനിരകളെ മനോഹരിയാക്കിയിരിക്കുന്നു. കള്ളിപ്പാറയിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലാണ് കള്ളിപ്പാറ. തമിഴ് നാടുമായി അതിർത്തി പങ്കിടുന്ന മലനിരകളാണിത്.
12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ സൗന്ദര്യമാസ്വധിക്കാൻ നിരവധി പേരാണ് ഇടുക്കിയിലേക്കൊഴുകുന്നത്. സഞ്ചാരികൾക്ക് യാത്ര സുഖമമാക്കാനും, കുറഞ്ഞ ചിലവിൽ നീല കുറിഞ്ഞി കാണാനുള്ള അവസരവും ഉണ്ടാക്കിയിരിക്കയാണ് കെഎസ്ആർടിസി.
മൂന്നാർ ഡിപ്പോയിൽ നിന്നുമാണ് യാത്ര തുടങ്ങുന്നത്. രാവിലെ 9 ന് തുടങ്ങുന്ന യാത്ര ആനയിറങ്കൽ വഴി ഉച്ചക്ക് ഒന്നിന് കള്ളിപ്പാറയിൽ എത്തിച്ചേരുന്നു. തുടർന്ന് 3 മണി വരെ യാത്രികർക്ക് കുറിഞ്ഞി പൂക്കൾ കാണാം. 3 ന് കള്ളിപ്പാറയിൽ നിന്നും തിരിക്കുന്ന യാത്ര 6 മണിക്ക് ഡിപ്പോയിൽ തിരിച്ചെത്തും. ഒരു ടിക്കറ്റിന് 300 രൂപയാണ്.
മഞ്ഞുമൂടിയ മലനിരകളും ഏലക്കാടുകളും ശാന്തൻപാറയുടെ പ്രത്യേകതകളാണ്. കുറിഞ്ഞി പൂക്കുന്നതിന് മുമ്പും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായിരുന്നു ഇത്. ഇവിടെ നിന്നും മൂന്നാർ -തേക്കടി സംസ്ഥാന പാതയിലൂടെ 6 കിമി ചെന്നാലാണ് കള്ളിപ്പാറ. നീല കുറിഞ്ഞി പൂത്തുനിൽക്കുന്നതിന് അടുത്തെത്താൻ ഒന്നര കി.മി പിന്നെയും മലകയറണം. കള്ളിപ്പാറയ്ക്ക് മുകളിൽ നിന്ന് പൂക്കൾക്ക് പുറമെ, ചതുരംഗപ്പാറയും, കാറ്റാടിപ്പാറയും കാണാവുന്നതാണ്. ഓഫ് റോഡ് ട്രിപ്പിങ്ങിനുള്ള സൗകര്യവും ഇവിടെയുണ്ട്.