OPUSLOG

ദീപാവലി ഒരുക്കം – 5 ദിവസത്തേക്ക് ; അറിയേണ്ടതെല്ലാം

ദീപാവലിയുടെ വരവ് അതിമധുരമാണ്. പക്ഷേ മധുരത്തിനും തെളിദീപങ്ങൾക്കും അപ്പുറം  പലതരത്തിലുള്ള ഐതിഹ്യങ്ങളും  ആചാരക്രമങ്ങളും ദീപാവലിക്കുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.

ദീപവലിക്കായുള്ള ഒരുക്കത്തിലാണ് എല്ലാവരും. കന്യാകുമാരി മുതൽ കാശ്മീർ വരെ നീണ്ടുനിൽക്കുന്ന ആഘോഷ രാവാണ് ദീപാവലി. ദീപങ്ങളും മധുരവും കൊണ്ട് ആഘോഷിക്കുന്ന  ദിവസത്തിൽ അറിയേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്.

തിന്മയെ തോൽപ്പിക്കുന്ന ദിവസമാണിത്. രാത്രിയെ പകലാക്കി മാറ്റി നന്മയെ വിജയിപ്പിക്കുന്ന  ദിവസം. തുലാമാസത്തിലെ അമാവാസി നാളിലാണ് ദീപാവലി കൊണ്ടാടുന്നത്. ഹിന്ദു ജൈന സിഖ് മതവിശ്വാസികൾ മൺചിരാതിൽ ദീപം കൊളുത്തി ആഘോഷിക്കുന്നു.

പലവിധ ഐതിഹ്യങ്ങളെയും പിൻപറ്റുന്നുണ്ടെങ്കിലും പ്രധാനമായും 14 വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ അയോധ്യയിലെത്തിയ ദിവസമാണ് ദീപാവലിയായി ആഘോഷിക്കുന്നത്. വടക്കേ ഇന്ത്യയിലൊക്കെ  അഞ്ചുദിവസം നീണ്ടുനിൽക്കുന്നതും കേരളത്തിൽ ഒറ്റ ദിവസമായും  ദീപാവലി ആഘോഷിക്കുന്നു.

അഞ്ചു തിരിയിട്ട വിളക്ക് വെച്ച് ധനലക്ഷ്മിയെ പൂജിച്ചു കൊണ്ടാണ് ആഘോഷങ്ങൾ ആരംഭിക്കുക. ലക്ഷ്മി ദേവിയെ  ഇങ്ങനെ പൂജിക്കുന്നതിലൂടെ ദേവി വീട്ടിലേക്ക് വരുമെന്നും ആ വർഷം മുഴുവൻ ഐശ്വര്യം നിലനിൽക്കുമെന്നാണ് വിശ്വാസം.  5 തിരിയിട്ട വിളക്ക് അഞ്ചു ദിവസങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.

ഒന്നാം ദിവസം ധനത്രയോദശി ദിവസം. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണിത്. അന്നേ  ദിവസം വീടും വ്യാപാരസ്ഥാപനങ്ങളും അലങ്കരിക്കുകയും മഹാ ലക്ഷ്മി സ്തോത്രങ്ങൾ ചൊല്ലുകയും ചെയുന്നു.

രണ്ടാം ദിവസം നരക ചതുർദശി അഥവാ കൃഷ്ണപക്ഷ ചതുർദശി. ശ്രീകൃഷ്ണനെ ആണ് അന്നേദിവസം പൂജിക്കുക.

മൂന്നാം ദിവസം ലക്ഷ്മീ പൂജ. ദീപാവലി ആഘോഷത്തിൽ പ്രധാനപ്പെട്ട ഒരു ദിവസമാണ് ഇത്. ആദിപരാശക്തിയുടെ മൂന്നു രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി,  മഹാകാളി യെയും  പൂജിക്കുന്നു. നാലാം ദിവസവും പൂജകൾ തന്നെയാണ്. അഞ്ചാം ദിവസം ഭാതൃദ്വിതീയ, ബഹു-ബീജ് ആഘോഷിക്കുന്നു.

മരണദേവനായ യമൻ സഹോദരി യമിയെ സന്ദർശിച്ചെന്നാണ് ഐതിഹ്യത്തെ പിന്തുടർന്നാണ് ഈ ദിവസത്തെ യമ ദ്വിതീയ എന്നും വിളിക്കുന്നു. അവസാനഘട്ട ദിവസത്തിൽ സഹോദരി സഹോദരന്മാരുടെ പൂജകളാണ്.

മാത്രവുമല്ല, രംഗോലിയോ കോലമോ കൊണ്ടു മുറ്റം അലങ്കരിക്കുകയും കളി മണ്ണു കൊണ്ടോ ചാണകം കൊണ്ടോ ഏഴു കോട്ടകൾ പണിയുകയും എല്ലായിടത്തും നിരയായി വിളക്കുകൾ കൊളുത്തി വയ്ക്കുകയും ചെയുന്നു. അലങ്കാര പണികൾ ഏറെയാണ് ദീപാവലി ആഘോഷത്തിൽ.

ഒക്ടോബർ 24നാണ് ഈ വർഷത്തെ ദീപാവലി. പരസ്പരം മധുരം കൈമാറി എല്ലാവരും നന്മയുടെ പാതയിലൂടെയാണ് സഞ്ചരിക്കേണ്ടതെന്നും ദീപാവലി ഓർമ്മിപ്പിക്കുന്നു.

Exit mobile version