ഏത് ആഘോഷത്തിലാണ് പടക്കം ഇല്ലാത്തത് അല്ലേ. പടക്കത്തെ ഒഴിവാക്കിയിട്ടുള്ള ഒരു ആഘോഷവും ഇവിടെയില്ല. ദേ ഇക്കഴിഞ്ഞ ദീപാവലിക്ക് വരെ. പക്ഷേ പലർക്കും പലപ്പോഴും തോന്നിയിട്ടുള്ള ഒരു സംശയമാണ് ഇത്. എന്താണെന്നല്ലേ വാ നോക്കാം.
ഒരു തിരി, ത്രികോണം പോലെ ഒരു മടക്ക്, ഉള്ളില് കുറച്ച് പൊടി ഇതാണ് പടക്കം. ഇതിനുള്ളിൽ നിന്ന് എങ്ങനെയാണ് ഇത്രയധികം ശബ്ദം വരുന്നത്? ഇതു മൂന്നും കൂടി ചേരുമ്പോൾ എങ്ങനെയാണ് പൊട്ടുന്നത്? എന്നീ സംശയങ്ങൾ എല്ലാവരിലും സ്വാഭാവികമാണ്.
അതിന് പിന്നിലെ രാസപ്രവർത്തനങ്ങൾ അറിഞ്ഞാലാണ് ഇതെങ്ങനെയാണെന്ന് മനസ്സിലാവുക. പടക്കത്തിനുള്ളിലെ കറുത്ത നിറത്തിലുള്ള പൊടിയാണ് പൊട്ടുന്നതിന് പിന്നിൽ. ‘ഗൺ പൗഡർ’ എന്നാണ് ഇതിന്റെ പേര്. വായിച്ചത് ശരിയാണോ എന്നറിയാൻ ഓലപ്പടകം അഴിച്ച് പരിശോധിക്കാനോ കത്തിക്കാനോ നിൽക്കരുത്, അപകടമാണ്.
കൽക്കരിയും സൾഫറും പൊട്ടാസിയം നൈട്രേറ്റും കൂടിച്ചേർന്ന ഒന്നാണ് ഗൺ പൗഡർ. ഇതിനെ ഓല, നൂൽ, പേപ്പർ എന്നിവ കൊണ്ട് നന്നായി വരിഞ്ഞു മുറുക്കുന്നു. ഈ കെട്ടിനുള്ളിലേക്ക് അതിലൂടെ തീ അകത്തേക്ക് ചെല്ലുമ്പോളാണ് രാസ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. നൈഡ്രജൻ, കാർബൺഡയോക്സൈഡ് എന്നിവ ഇതിൽ രൂപപ്പെടുകയും സമ്മർദം താങ്ങാനാവാതെ വരുമ്പോഴാണ് ഇത്ര ശബ്ദത്തിൽ പടക്കം പൊട്ടുന്നത്.
അപ്പോഴും മറ്റൊരു സംശയം നിലവിൽ വരും. ഇതേ കരിമരുന്ന് തന്നെയല്ലേ കമ്പിത്തിരിയിലും, എന്നിട്ട് എന്താണ് കമ്പിത്തിരി പൊട്ടാത്തത് എന്ന്. സ്വാഭാവികം തന്നെയാണ്. അതിന് പിന്നിലും മറ്റൊരു കാരണം കൂടിയുണ്ട്.
പടക്കത്തിൽ നിന്ന് നേരെ വ്യത്യസ്തമായ നിർമ്മാണമാണ് കമ്പിത്തിരിക്കുള്ളത്. പൊട്ടാസിയം നൈട്രേറ്റ്, സൾഫർ, കൽക്കരി, സ്റ്റാർച്ച് എന്നിവ വെള്ളം ചേർത്ത് കുഴച്ച് ഇതിലേക്ക് കമ്പി മുക്കി എടുക്കുന്നു. നിറത്തിനനുസരിച്ച് ഇതിലെ ഘടകങ്ങൾക്ക് മാറ്റമുണ്ട്.
കമ്പിത്തിരിയിൽ ഉപയോഗിക്കുന്ന അലുമിനിയമാണ് തീപ്പൊരിക്ക് പിന്നിൽ. സിങ്കാണ് പുകയ്ക്ക് കാരണം. കോപ്പർ നീലനിറവും ലിഥിയം ചുവന്ന നിറവും സോഡിയം സ്വർണ്ണനിറവും ബേരിയം പച്ച നിറവും നൽകുന്നു.
പലവിധത്തിലുള്ള ദോഷങ്ങളും ഇവയ്ക്കുണ്ട്. അതുകൊണ്ട് ‘ഹരിത പടക്കം’ എന്ന രീതിയും വിപണിയിൽ സജീവമാണ്. 30% ത്തോളം വായു മലിനീകരണം ഇല്ലാതാക്കുന്നതാണ് ഈ പടക്കങ്ങൾ.
വീര്യം കുറഞ്ഞതും അപകട സാധ്യത കുറഞ്ഞതുമായ പദാർത്ഥങ്ങളാണ് ഹരിത പടക്കത്തിന് ഉപയോഗിച്ചിരിക്കുന്നത്. പലവിധത്തിലുള്ള നിറങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ആയതിനാൽ വായുമലിനീകരണം വളരെ കുറവാണ് താനും. പ്രകൃതിയോട് ഇണങ്ങിയ രീതിയിലുള്ള ആഘോഷത്തിന് ഹരിത പടക്കം ഉചിതമായ ഒന്നാണ്.