OPUSLOG

‘കൂമനാ’യി ആസിഫലി ; പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളോട്  ഒരു ജീത്തു ജോസഫ് ത്രില്ലർ

മലയാള സിനിമ വളരെയധികം മുന്നോട്ട് സഞ്ചരിച്ചു എന്ന തലക്കെട്ടിന് അർഹമായ സിനിമയാണ് ‘കൂമൻ’. എല്ലാ മലയാള സിനിമയും ഒരുപോലെയാണ് എന്നല്ല, മറിച് കുറച്ചൊക്കെ സാമൂഹിക ചുറ്റുപാടുകളെ ജനങ്ങളിൽ എത്തിക്കാൻ പരിശ്രമിക്കുന്നുണ്ട്.

ജനങ്ങളെ അമ്പരപ്പിക്കുന്നതിനേക്കാൾ, യാഥാർത്ഥ്യം എന്താണെന്ന തിരിച്ചറിവ് നൽകുകയാണ് കൂമൻ. ആസിഫ് അലി എന്ന നടന്റെ വളർച്ചയുടെ മറ്റൊരു ഘട്ടമാണ് കൂമനിലൂടെ സംവിധായകൻ പുറത്തെടുക്കുന്നത്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത മികച്ച ത്രില്ലർ സിനിമയാണ് കൂമൻ. സിനിമ ഇറങ്ങുന്നതിന് മുൻപുള്ള പരാമർശങ്ങൾ എല്ലാം  അപ്പാടെ മാറിയിരിക്കുകയാണ്. മലയാളികൾക്ക് ഏറെ അപരിചിതമായ ഒരു വിഷയത്തെയാണ് കൈകാര്യം ചെയ്യുന്നതെന്ന ധാരണയാണ് റിലീസിനു മുൻപ് വന്നിരുന്നത്. എന്നാൽ റിലീസിനു ശേഷം, എന്താണോ പൊതുസമൂഹത്തിൽ വിഷയമായിരിക്കുന്നത്, അതുതന്നെയാണ് കൂമനും ചർച്ച ചെയ്യുന്നത്.

റൊമാന്റിക് നായക പരിവേഷത്തിൽ നിന്ന് വില്ലനിലേക്കുള്ള മാറ്റം ആസിഫ് അലിയുടെ സിനിമ ജീവിതത്തെ മാറ്റിമറിച്ചിരിക്കുകയാണ്. കോൺസ്റ്റബിൾ ഗിരി എന്ന കഥാപാത്രമാണ് ആസിഫ് അലിയുടേത്. ഗിരിയിലൂടെയാണ്  കഥയുടെ തുടക്കവും അവസാനവും. സങ്കീർണമായ ജീവിതത്തെ വളരെ അനായസം അവതരിപ്പിക്കാൻ ആസിഫലിക്ക് സാധിച്ചിട്ടുണ്ട്.

എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രമാണ് ജാഫർ ഇടുക്കിയുടേത്. മണിയൻ കള്ളൻ എന്ന കഥാപാത്രമാണ്  ഇദ്ദേഹം ചെയ്യുന്നത്. നർമ്മപ്രധാനമായ കോമ്പിനേഷൻ സീനുകളും ഇതിലുണ്ട്. ബാബുരാജ്, രഞ്ജി പണിക്കർ  എന്നിങ്ങനെ മുൻനിര താരങ്ങളും കൂമനിൽ എത്തുന്നുണ്ട്.

വിഷ്ണു ശ്യാമാണ് സംഗീതം ചെയ്തിരിക്കുന്നത്. കെ. ആർ കൃഷ്ണകുമാറിന്റെ തിരക്കഥയിൽ ജിത്തു ജോസഫ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയുമാണ് നിർമ്മാണം.

Exit mobile version