T20 വേൾഡ് കപ്പ് സെമി ഫൈനലിൽ രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീമുമായി ഏറ്റുമുട്ടാനിരിക്കുന്ന ബട്ട്ളറിനും സംഘത്തിനും വലിയ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കയാണ് മുൻ-ബ്രിട്ടീഷ് ക്രിക്കറ്റ് താരവും കമന്റെറ്ററുമായ നാസ്സർ ഹുസൈൻ.
സൂര്യകുമാർ യാഥവിന്റെ പ്രകടനമികവിലാണ് വിരാട് കോഹ്ലി മുതലായവർ അടങ്ങിയിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് സംഘം ഗ്രൂപ്പ് 2 ഇൽ ആദ്യ സ്ഥാനം കരസ്ഥമാക്കിയതും, ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങാൻ പോകുന്നതും. ഈ അവസരത്തിൽ സൂര്യ കുമാർ യാഥവിനെ സൂക്ഷിക്കണമെന്നാണ് നാസ്സർ ഇംഗ്ലണ്ടിനു നൽകുന്ന താകീത്.
ഗ്രൂപ്പ് 2 ഇലെ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ മാറിയപ്പോൾ, മുൻ ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട്, ഗ്രൂപ്പ് 1ലെ ഒന്നാം സ്ഥാനക്കാരായി. ഇങ്ങനെയാണ് ഇരുവരും തമ്മിലുള്ള സെമിഫൈനലിനു കളം ഒരുങ്ങിയത്. T20 വേൾഡ് കപ്പിന്റെ രണ്ടാം സെമി ഫൈനലിലാണ് ഇരു ടീമും തമ്മിലുള്ള മത്സരം. ഇന്ത്യയുടെ ബദ്ധശത്രുക്കളായ പാകിസ്ഥാൻ ബുധനാഴ്ച നടക്കുന്ന ഒന്നാം സെമി ഫൈനലിൽ കെയ്ൻ വില്യംസൺ നയിക്കുന്ന ന്യൂ സിലൻഡിനെ നേരിടും.
ഡെയിലി മെയിലിനു വേണ്ടി താൻ എഴുതുന്ന കോളത്തിൽ മത്സരങ്ങളെ വിലയിരുത്തുന്ന കൂട്ടത്തിൽ, നാസ്സർ ഹുസൈൻ ഇന്ത്യൻ മിഡിൽ ഓർഡർ ബാറ്റ്സ്മാൻ, സൂര്യകുമാർ യാഥവിനെയും, T20 വേൾഡ് കപ്പിൽ യാഥവ് കാഴ്ചവെക്കുന്ന സ്വപ്നതുല്യമായ പ്രകടനത്തെയും ആവോളം പുകഴ്ത്തുന്നുണ്ട്.
വളരെയധികം പ്രതിഭയുള്ള കളിക്കാരനാണ് സൂര്യകുമാർ യാഥവ്. 360 ഡിഗ്രി പ്ലേയർ എന്ന വിശേഷണം മറ്റാരുടെയും കാര്യത്തിൽ ഏറിപ്പോയാലും, യാഥവിന്റെ കാര്യത്തിൽ അത് സത്യമാണ്. ഓഫ് സ്റ്റമ്പിനു പുറത്ത് ഡീപ് സ്ക്വയർ ലെഗിന് മേലെകൂടെ അദ്ദേഹം പന്തിനെ സിക്സിലേക്ക് പായിക്കുന്നു.
അസാധാരണമായ ഇടങ്ങളിലേക്ക് പന്തിനെ പായിക്കാൻ സഹായിക്കുന്ന കൈക്കുഴ വഴക്കം യാഥവിനുണ്ട്. ഇക്കാലത്തെ ഒരു ബാറ്റ്സ്മാന് വേണ്ട എല്ലാ ഗുണങ്ങളും, ബാറ്റിങ്ങിലുള്ള സ്പീടും,എല്ലാം അദ്ദേഹത്തിനുണ്ട്. ഒരു വിധ കുറവുകളും കണ്ടുപിടിക്കാൻ കഴിയാത്ത പ്രകടനമാണ് അദ്ദേഹത്തിന്റേത്. സ്ലോ ലെഫ്റ്റ് ആം സ്പിന്നുകളെ നേരിട്ടതിലെ റെക്കോർഡുകൾ മാത്രമാണ് മെച്ചപ്പെടുത്താനുള്ളത്. “- നാസ്സർ ഹുസൈൻ പറയുന്നു.
T20 വേൾഡ് കപ്പിൽ തന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് സൂര്യകുമാർ പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. ഒരു കലണ്ടർ ഇയറിൽ 1000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനെന്ന പദവിയും ഈ മിഡിൽ ഓർഡർ ബാറ്റർ സ്വന്തം പേരിൽ ആക്കിയിട്ടുണ്ട്.
2022 വേൾഡ് കപ്പ് എഡിഷനിലെ നമ്പർ വൺ ബാറ്റ്സ്മെൻ എന്ന സ്ഥാനവും യാഥവ് ഈ വർഷം മുഹമ്മദ് റിസ്വാനിൽ നിന്നും തട്ടിയെടുത്തു. 5 മാച്ചുകളിൽ നിന്നും 225 റൺസാണ് ഇതുവരെ T20 വേൾഡ് കപ്പിൽ ഈ 32 വയസ്സുകാരൻ നേടിയിട്ടുള്ളത്.