OPUSLOG

ജീവനക്കാരെ പിരിച്ചുവിട്ടതിനു പിന്നാലെ ബ്രാൻഡ് അമ്പാസിഡർ ആയി മെസ്സി : വിശദീകരണവുമായി ബൈജൂസ് സഹസ്ഥാപക

കമ്പനിയുടെ പ്രോഫിറ്റിലുണ്ടായ ഇടിവിനെ ചൂണ്ടികാട്ടി, 2500 ജീവനക്കാരെ പിരിച്ച് വിട്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ ബ്രാൻഡ് അമ്പാസിഡർ ആയി ഫുട്ബോൾ സൂപ്പർ താരം മെസ്സിയെ നിയമിച്ച നടപടിയിൽ തുറന്ന് പ്രതികരിച്ച്, ബൈജൂസിന്റെ സഹസ്ഥാപകയായ ദിവ്യ ഗോകുൽനാഥ്. ഇക്കണോമിക്സ് ടൈമിന് നൽകിയ ഇന്റർവ്യൂവിലാണ് ദിവ്യയുടെ പ്രതികരണം. മെസ്സിയുമായുള്ള കരാറിനെ സാമൂഹിക പങ്കാളിത്തം എന്നാണ് അവർ വിളിക്കുന്നത് .

ബൈജൂസിന്റെ “എഡ്യൂക്കേഷൻ ഫോർ ഓൾ ” എന്ന സംരംഭത്തിന്റെ പുതിയ ബ്രാൻഡ്  അംബാസ്സിഡറാണ്  മെസ്സി. ഇതിന് കൂടുതൽ സ്വീകാര്യതയും,ശ്രദ്ധയും  ലഭിക്കുന്നതിനു വേണ്ടിയാണ് മെസ്സിയെ പോലൊരു വമ്പൻ താരത്തെ തന്നെ രംഗത്തിറക്കിയിരിക്കുന്നതെന്ന് ദിവ്യ പറഞ്ഞു.

മെസ്സിയെ പോലൊരാൾ പ്രൊമോട്ട് ചെയ്‌താൽ മാത്രമേ എഡ്യൂക്കേഷൻ ഫോർ ഓൾ പോലൊരു പദ്ധതിക്ക് ഇവിടെ ജനശ്രദ്ധ കിട്ടുകയുള്ളു എന്നുള്ളത് വിഷമകരമായ കാര്യമാണ് . മെസ്സി വരുന്നതിനു മുൻപ് ഒരു മാധ്യമവും ഇത് വാർത്തയാക്കിയില്ല.

‘കഴിഞ്ഞ ദിവസം ലിങ്ക്ഡ് ഇന്നിലും ഞാൻ എഡ്യൂക്കേഷൻ ഫോർ ഓളിനെ കുറിച്ച് സംസാരിച്ചിരുന്നു. ഇത് ആന്ധ്ര പ്രദേശ് ഗവണ്മെന്റുമായി സഹകരിച്ച്  30 ലക്ഷം വിദ്യാർത്ഥികളെയും 2 ലക്ഷം അധ്യാപകരെയും ശാക്തീകരിക്കാനായി നടത്തുന്ന സംരംഭമാണ്. എന്നിട്ട് പോലും ഒരു മാധ്യമവും ഇത് വാർത്തയാക്കിയില്ല ‘ ദിവ്യ പറയുന്നു.

സമൂഹത്തിൽ മാറ്റങ്ങളും ചലനങ്ങളുമുണ്ടാക്കാൻ കൊണ്ടുവന്ന പദ്ധതിയാണെങ്കിൽ, അത് മാധ്യമങ്ങൾ ഏറ്റെടുക്കാത്തത്തിൽ എന്തിനാണിത്ര വിഷമിക്കുന്നതെന്നും, നല്ല കാര്യങ്ങൾ ചെയ്യുന്നുവെങ്കിൽ അത് ലോകമറിയാൻ മെസ്സിയെ പോലൊരാളുടെ പിന്തുണ വേണോ എന്നുമുള്ള അവതാരകന്റെ ചോദ്യത്തിനു നല്ല കാര്യങ്ങളാണെങ്കിലും അവ വിജയിക്കാൻ ചിലപ്പോൾ വലിയ പങ്കാളിത്തം വേണ്ടിവരുമെന്നാണ്, ദിവ്യ ഗോകുൽനാഥ് പറഞ്ഞത്.

കഴിഞ്ഞ 18 മാസം കൊണ്ട് കിട്ടാത്ത പിന്തുണയാണ് കഴിഞ്ഞ 3 മണിക്കൂർ കൊണ്ട് കിട്ടിയത്. ഇത് വളരെ വേദനാജനകമാണ്. കൂടുതൽ പേരുടെ പങ്കാളിത്തവും, സമൂഹത്തിന് ഗുണകരമായ തിരിച്ചു കൊടുക്കലുമില്ലാതെ  ഇതുപോലൊരു പദ്ധതി ഇന്ന് വിജയിക്കില്ല. നമ്മുക്കതിനുള്ള കഴിവ് ഉണ്ട്. എല്ലാവരും ഒരുമിച്ച് നിന്നാൽ ഇത് സാധ്യവുമാണ്. എന്നാൽ അതിനും മാത്രം ജനങ്ങൾക്കിടയിലേക്ക് ഇത് ഇറങ്ങേണ്ടതുണ്ട്.

ഒരു സംരംഭം കൂടുതൽ പേരിലേക്കെത്തിക്കാൻ ശെരിയായിട്ടുള്ള ഒരു അംബാസിഡറിന് കഴിയും.ഇത് വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന കാര്യമാണ്. അതിനാൽ തന്നെ ആരൊക്കെ ഞങ്ങളെ ഇഷ്ടപെട്ടാലും ഇല്ലെങ്കിലും, ഇതിനു മുമ്പുള്ളതിനേക്കാൾ ജനശ്രദ്ധ മെസ്സിയുടെ വരവിനു ശേഷമാണ് ലഭിച്ചതെന്നു ഞാൻ പറയുക തന്നെ ചെയ്യും.

ലോകത്തെ തന്നെ ഏറ്റവും വിലകൂടിയ ഫുട്ബോൾ പ്ലേയർ ആയ മെസ്സിയെ ഇത്രയും സമയവും പണവും ചിലവഴിച്ചു സ്വന്തമാക്കിയത്, കഴിഞ്ഞ ദിവസങ്ങളിൽ ബൈജൂസിൽ നിന്നും പിരിച്ചു വിട്ട എംപ്ലോയീസിനോട് എങ്ങിനെയാണ് വിശദീകരിക്കാൻ പോകുന്നതെന്ന ഇന്റർവ്യൂവറുടെ ചോദ്യത്തിനു, ലോകത്തെ വിലകൂടിയ കളിക്കാരൻ എന്നതിലുപരി വിദ്യാഭ്യാസത്തിനെ വിലമതിക്കുന്ന എളിമയുള്ള വ്യക്തിയാണ് അദ്ദേഹമെന്നാണ് ദിവ്യ പറഞ്ഞത്.

ലോകത്തെ ഏത് ബ്രാന്റുമായും കരാർ ഉണ്ടാക്കാൻ കഴിയുന്ന മെസ്സി, ബൈജൂസ് എന്ന ഇന്ത്യൻ കമ്പനിയുമായി കൈകോർത്തിരിക്കുന്നത് അദ്ദേഹത്തിന് ഞങ്ങളുടെ ആശയങ്ങളോടും ലക്ഷ്യത്തോടുമുള്ള പൂർണ്ണ വിശ്വാസം കൊണ്ടാണ്.എംപ്ലോയീസിനെ പിരിച്ചു വിട്ടത്, ഏറ്റവും ബുദ്ധിമുട്ടി എടുത്ത തീരുമാനമാണെന്നും, എത്ര മാപ്പ് പറഞ്ഞാലും മതിയാകില്ലെന്നും ദിവ്യ പറയുന്നു.

എന്നാൽ തീരുമാനത്തെ വ്യക്തിപരമായി കാണുന്നതിലുമേറെ, ഈ വർഷത്തിന്റെ നാലാം പാദത്തോടെ ലാഭത്തിലേക്കെത്താനുള്ള തങ്ങളുടെ വഴിയിൽ ചില നിർണ്ണായക തീരുമാനങ്ങൾ എടുക്കേണ്ടത് അത്യാവശ്യമായിരുന്നുവെന്നും, ആ തീരുമാനങ്ങളാണ് എടുത്തതെന്നും അവർ കൂട്ടിച്ചേർത്തു.

Exit mobile version