OPUSLOG

താമസിക്കാൻ ‘ ജംഗിൾ ഹട്ട് ‘ ഒരുക്കി മണാലി ; ആപ്പിൾ തോട്ടത്തിന് നടുവിൽ  ഒരു അവധിക്കാലം

‘കുളു മണാലി’ കേൾക്കുമ്പോൾ തന്നെ കുളിര് കോരുന്നുണ്ടല്ലേ. അതെ, വിനോദസഞ്ചാരികളുടെ സ്വർഗമായി മാറിയിരിക്കുകയാണ് മണാലി. മഞ്ഞ് എന്നും ഒരു അത്ഭുതമാണ്. എത്ര കണ്ടാലും, അതിൽ കളിച്ചാലും മതി വരില്ല . അത്തരമൊരു ആകർഷണമാണ് മഞ്ഞ്.

മണാലിയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക്  ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ, വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കാനും  പ്രകൃതിയോടു ഇണങ്ങിയ ജീവിതം നയിക്കാനും  പുതിയ മാർഗങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്  മണാലിയിൽ.

ഡൽഹിയിൽ നിന്ന് 15 മണിക്കൂർ യാത്ര കഴിഞ്ഞു വേണം  ഹിമാചൽ പ്രദേശിലെ കുളു താഴ്‌വരയിൽ എത്താൻ. അവിടെയാണ് മണാലി. മഞ്ഞ് മാത്രമല്ല അവിടെ,  വിനോദസഞ്ചാരികളെ ഇത്രയും ആകർഷിക്കുന്നത്.

സാഹസികമായ ട്രക്കിങ്ങുകൾക്കും  വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്, പാരാഗ്ലൈഡിങ്, സ്കീയിങ് മലകയറ്റം, ഹൈക്കിങ് എന്നിങ്ങനെ പലതരത്തിലുള്ള  സാഹസിക വിനോദോപാധികളും  മണാലിയിലുണ്ട്.

മഞ്ഞുകാലത്തെ യാത്രയാണ് ഏറെ ദുഷ്കരം. പക്ഷേ മണാലിയിൽ ജനങ്ങൾ ഇരച്ചെത്തുന്നത് മഞ്ഞു കാലത്താണ്, എന്നതും ശ്രദ്ധേയമാണ്.  എന്നിരുന്നാലും, ഈ അവധിക്കാലത്ത് പുത്തൻ ഐഡിയകളുമായാണ്  അതുൽ ബോസ് എത്തുന്നത്.

അതായത്, ഇനി മണാലിയിൽ എത്തുന്നവർക്ക്  ആപ്പിൾ തോട്ടങ്ങൾക്ക് നടുവിൽ താമസിക്കാം. പരമ്പരാഗതമായ ഹിമാചൽ ശൈലിയിൽ ആപ്പിൾ, വാൾനട്ട് എന്നീ മരങ്ങൾക്കു നടുവിലാണ് താമസസൗകര്യം ‘ജംഗിൾ ഹട്ട്’ ഒരുക്കുന്നത്.

മണാലിയിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള  കന്യാല്‍ എന്ന ഗ്രാമത്തിലാണ് വേറിട്ട താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. രണ്ട് ബെഡ്റൂമും ഒരു ഹാളും അടുക്കളയും ബാത്റൂം ഉൾപ്പെടെ പൂർണ്ണ സൗകര്യത്തോടു കൂടിയ കോട്ടേജുകൾ ആണ് ഓരോന്നും.

അതുൽ ബോസാണ് ജംഗിൾ ഹട്ടിന്റെ ഉടമസ്ഥൻ. യാത്രകളോടുള്ള അമിത ആവേശം തന്നെയാണ് അതുലിനെയും മണാലിയിലേക്ക് എത്തിച്ചത്. അതുലിന്റെ മണാലി ട്രിപ്പിന് ഇടയിൽ നേരിട്ട താമസ സൗകര്യങ്ങളുടെ  ഏറ്റക്കുറച്ചിലാണ് ഈ ഒരു സംരംഭത്തിന് പിന്നിൽ.  ആ യാത്രയിലാണ് പൊട്ടിപ്പൊളിഞ്ഞ ഒരു കോട്ടേജ് കാണുകയും അത് ഏറ്റെടുത്ത്  ഇന്നത്തെ ജംഗിൾ ഹട്ടാക്കി മാറ്റിയത്.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജംഗിൾ ഹട്ട് വിനോദസഞ്ചാരികളുടെ പ്രിയ ഇടമായി മാറി. കോട്ടേജുകളിലെ സൗകര്യവും  ആപ്പിൾ തോട്ടത്തിൻ നടുവിലെ താമസവും പുറത്തേക്കുള്ള കാഴ്ചയും ഒത്തൊരുമിച്ച ഒരു മാതൃകയാണ്  ജംഗിൾ ഹട്ട്.

സഞ്ചാരികളുടെ സ്വർഗ്ഗമായ മണാലിയിൽ ,  മറ്റൊരു സ്വർഗ്ഗം കൂടി  തയ്യാറാക്കിയിരിക്കുകയാണ് അതുൽ ബോസ്. ജംഗിൾ ഹട്ടിന്റെ കൂടുതൽ വിശേഷങ്ങൾ ഇനിയും അറിയാനുണ്ട്. ഇനിയുള്ള അവധിക്കാലങ്ങൾ ജംഗിൾ ഹട്ടിന് ഒപ്പം പ്രകൃതി മനോഹരമാകും എന്ന ഉറപ്പും അതുൽ ബോസ് നൽകുന്നു.

Exit mobile version