ശരീരഭാരത്തിന്റെ കാര്യത്തിൽ പലവിധത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് നമ്മൾ. ശരിയായ വ്യായാമത്തേക്കാൾ ഭക്ഷണം നിയന്ത്രിച്ചു കൊണ്ടുള്ള രീതിയാണ് എല്ലാവരും തിരഞ്ഞെടുക്കുന്നത്.
വ്യായാമം ചെയ്യാനുള്ള മടിയും ശരിയായി പിന്തുടരാൻ പറ്റാത്തതിന്റെ പ്രശ്നങ്ങളുമാണ് ഡയറ്റിലേക്ക് തിരിയാൻ കാരണം. എന്നാൽ അതിലും ഉണ്ട് പലതരത്തിലുള്ള പ്രശ്നങ്ങൾ. എല്ലാവരുടെയും ശരീരപ്രകൃതം ഒരുപോലെയല്ല. അതിനനുസരിച്ചുള്ള മാറ്റങ്ങൾ ഡയറ്റിലും ഉൾപ്പെടുത്തേണ്ടതുണ്ട്.
പക്ഷേ ഈ മൂന്ന് ഘടകങ്ങൾ ഏതൊരു വ്യക്തിയും ഡയറ്റിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അതിന്റെ ഗുണം എന്തായാലും അറിയാൻ പറ്റും. കാരണം, അമിതമായാൽ അമൃതും വിഷം എന്നു പറയുന്നതുപോലെയാണ് ഈ മൂവർ സംഘം.
വൈറ്റ് ഷുഗർ, ബേക്കിംഗ് സോഡാ, മൈദ ഇത് മൂന്നുമാണ് ഒഴിവാക്കേണ്ടത്. ആയുർവേദ വിദഗ്ധ ഡോ. ചൈതാലിയാണ് ഈ വിവരങ്ങൾക്ക് പിന്നിൽ.
സംസ്കരിച്ച പഞ്ചസാരയാണ് വൈറ്റ് ഷുഗർ എന്നറിയപ്പെടുന്നത്. അനാരോഗ്യകരമായ കൊളസ്ട്രോളിന്റെ വളർച്ചക്കും ഹൃദ്രോഗങ്ങൾക്കും ഇത് വഴി വയ്ക്കുന്നുണ്ട്. വിശപ്പ് നിയന്ത്രണവിധേയമാകാതെ വരുകയും, അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിച്ചു കൊണ്ടേയിരിക്കുന്ന അവസ്ഥയിലേക്കും വൈറ്റ് ഷുഗർ നമ്മളെ എത്തിക്കുന്നു.
അടുത്തതാണ് ബേക്കിംഗ് സോഡ. ഇത് വായിക്കുമ്പോൾ തോന്നുന്ന ഒരു കാര്യം, “ബേക്കിംഗ് സോഡ ഒന്നും അമിതമായി ഉപയോഗിക്കുന്നില്ല. പിന്നെയെങ്ങനെയാണ് വണ്ണം വയ്ക്കുന്നത് ” എന്നല്ലെ, പറഞ്ഞു തരാം.
ഇന്നത്തെ ആഹാരക്രമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ് ബ്രെഡ് വിഭവങ്ങൾ. മാത്രമല്ല പിസ, ബർഗർ മറ്റു ബേക്കറി ഇനങ്ങൾ എന്നിവ തയ്യാറാക്കുന്നതിൽ ഒക്കെ ബേക്കിംഗ് സോഡ നല്ലപോലെ ഉപയോഗിക്കുന്നുണ്ട്.
ഇത് ദിവസവും കഴിക്കുന്നതിലൂടെ ദഹനപ്രക്രിയയെ ബാധിക്കുന്നു. പോരാത്തതിന് വയറു വീർക്കുന്നതിനും , സ്ഥിരമായി കഴിക്കുന്നതിലൂടെ പലതരത്തിലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു.
മൈദയാണ് മൂന്നാമൻ. ദഹനക്കേടാണ് ഇദ്ദേഹത്തിന്റെ സംഭാവന. ഇതിലൂടെ മലബന്ധം , പൊണ്ണത്തടി , പ്രമേഹം എന്നിങ്ങനെ പലതിലേക്കും എത്തുന്നു. അതുകൊണ്ടാണ് ഇടയ്ക്ക് മാത്രമേ പൊറോട്ട കഴിക്കാവൂ എന്നു പറയുന്നത്. ദിവസവും പൊറോട്ട കഴിക്കുന്നവരിൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കാണാൻ സാധിക്കും.
ഭക്ഷണക്രമത്തിൽ ഒഴിവാക്കേണ്ടതും കൂട്ടിച്ചേർക്കേണ്ടതുമായ ഒരുപാട് വിഭവങ്ങൾ ഉണ്ട്. അതിൽ പൂർണ്ണമായും ഒഴിവാക്കേണ്ടവയാണ് മേൽപ്പറഞ്ഞത്. എന്നിരുന്നാലും ചെറിയതോതിൽ കഴിക്കാവുന്നതാണ്. വൈറ്റ് ഷുഗറിനു പകരം ബ്രൗൺഷുഗറോ കൽക്കണ്ടമോ ഉപയോഗിക്കാം. മൈദയുടെ ഉപയോഗം കുറയ്ക്കുന്നതിന് ഗോതമ്പു മാവിന്റെ ഉപയോഗം കൂട്ടാവുന്നതാണ്.
ഇങ്ങനെ പലതരത്തിൽ മാറ്റങ്ങൾ ഭക്ഷണക്രമത്തിൽ സ്വാഭാവികമായി നമുക്കും വരുത്താൻ സാധിക്കും. ശരിയായ ഭക്ഷണക്രമം ഉണ്ടെങ്കിൽ അമിതമായ ശരീരഭാരം നമ്മളെ അലട്ടുകയില്ല. ഭക്ഷണക്രമത്തിലൂടെ മാത്രമല്ല എന്നും വ്യായാമം ചെയ്യാനും ശ്രദ്ധിക്കണം.