റിയാദ് : പല എമിറേറ്റ്സുകളിലും വ്യത്യസ്ത നിയമങ്ങളാണ് ഉള്ളത്. ഗൾഫ് എന്ന പേര് പൊതുവേ പ്രയോഗിക്കുമെങ്കിലും എല്ലാം വ്യത്യസ്തമാണ്. ഓരോ രാജ്യങ്ങളിലേക്ക് പോകുന്നതിന് പല സർട്ടിഫിക്കറ്റുകളും കൈവശം വയ്ക്കേണ്ടതുണ്ട്. ഇതിലേതെങ്കിലും ഒന്ന് നഷ്ടപ്പെട്ടാൽ യാത്ര മുടങ്ങുകയും ചെയ്യും.
ഈയൊരവസ്ഥയിൽ നിന്ന് ഇന്ത്യൻ യാത്രക്കാർക്ക് ഒരു ഇളവുമായി വന്നിരിക്കുകയാണ് സൗദി എംബസി. അതായത്, സൗദി വിസയിലേക്ക് അപേക്ഷിക്കുന്നതിന് ഇന്ത്യക്കാർക്ക് പിസിസി സർട്ടിഫിക്കറ്റ് (പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്) ആവശ്യമില്ല.
പുതിയതായി തൊഴിൽ വ്യവസ്ഥയിൽ സൗദിയിലേക്ക് പോകുന്നവർക്ക് വിസ സ്റ്റാമ്പ് ചെയ്ത് ലഭിക്കുന്നതിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അത്യാവശ്യമായിരുന്നു. ഇത് ആവശ്യമുള്ള രാജ്യക്കാരുടെ പട്ടികയിൽ നിന്നുമാണ് ഇന്ത്യക്കാരെ സൗദി എംബസി മാറ്റിയത്. ആയതുകൊണ്ട് ഇനിമുതൽ ഇന്ത്യക്കാർക്ക് പിസിസി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.
ഇന്ത്യയിലെ സൗദി എംബസിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ട്വീറ്റ് ചെയ്തത്. മാത്രവുമല്ല, സൗദിയിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ യാത്ര നടപടികൾ വേഗത്തിലാക്കാനും ശ്രമിക്കും. ഇന്ത്യയും സൗദിഅറേബ്യയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനാണ് ഈ നയം സ്വീകരിച്ചിരിക്കുന്നത്.
2 ദശലക്ഷത്തോളം ഇന്ത്യൻ പൗരന്മാർ സൗദിയിൽ ജീവിക്കുന്നുണ്ട്. അവരുടെ സമാധാനപരമായ ജീവിതവും അവരിലൂടെ കൈവരിച്ച നേട്ടങ്ങളെയും അഭിനന്ദിച്ചും കൊണ്ടാണ് ട്വീറ്റ് അവസാനിക്കുന്നത്.