2022 ഖത്തർ വേൾഡ് കപ്പിന് തുടക്കം കുറിച്ചിരിക്കയാണ്. പല വമ്പൻ താരങ്ങളുടെയും അവസാന ലോകകപ്പ് ആവാൻ സാധ്യതയുള്ള ഖത്തർ ലോകകപ്പിന് പ്രത്യേകതകൾ ഏറെയാണ്. റൊണാൾഡോ – മെസ്സി എന്നീ ഇതിഹാസ താരങ്ങളുടെ നേർക്കുനേരുള്ള പോരാട്ടം കാണുന്നതിനുള്ള ആവേശത്തിലുമാണ് ആരാധകർ. ഇതിനിടയിലാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ടുള്ള വാർത്തകൾ പുറത്ത് വരുന്നത്.
ഇപ്രാവശ്യത്തെ വേൾഡ് കപ്പിൽ ഫേവറൈറ്റുകളുടെ കൂട്ടത്തിലാണ് പോർച്ചുഗൽ ടീമും. അതിനിടയിൽ മാഞ്ചേസ്റ്റർ യുണൈറ്റഡ് താരവും, പോർച്ചുഗലിന്റെ ഇതിഹാസ താരവുമായ റൊണാൾഡോയെ കളിപ്പിച്ചേക്കില്ല എന്ന വാർത്തയാണിപ്പോൾ പുറത്ത് വരുന്നത്.
റൊണാൾഡോയെ കളിപ്പിക്കുക എന്ന സമ്മർദ്ദം ഉണ്ടോ എന്ന ചോദ്യത്തിനാണ്, പോർച്ചുഗൽ പരിശീലകനായ സാന്റോസ്, തനിക്ക് മേലെ ഒരു സമ്മർദ്ദവുമില്ലെന്നും, ആരെയും ഒന്നും നിർബന്ധിച്ച് ചെയ്യിക്കുന്ന രീതി ഇവിടെ ഇല്ലെന്നും, റൊണാൾഡോ ഇല്ലാതെ ഒരു പ്ലെയിങ് ഇലവൻ സാധ്യമാണെന്നും മറുപടി നൽകിയത്.
ഒരു അഭിമുഖത്തിൽ മാഞ്ചേസ്റ്റർ യുണൈറ്റഡ് ക്ലബ്ബിനെയും , പരിശീലകനായ എറിക് ടെൻ ഹഗിനെയും റൊണാൾഡോ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പുറമെ ക്ലബ്ബിൽ സഹതാരമായ പോർച്ചുഗൽ കളിക്കാരൻ ബ്രൂണോ ഫെർണാണ്ടസുമായും റൊണാൾഡോ സ്വര ചേർച്ചയിലല്ല. ഇതെല്ലാം പോർച്ചുഗൽ ടീമിനകത്ത് പുകയുന്നുണ്ടെന്നാണ് സാന്റോസിന്റെ പ്രതികരണത്തിൽ നിന്നും മനസ്സിലാക്കേണ്ടത്.
ലോകകപ്പിന് മുന്നോടിയായി നൈജീരിയയുമായി നടന്ന സൗഹാർദ മത്സരത്തിലും അനാരോഗ്യത്തെ തുടർന്ന് റൊണാൾഡോ കളിച്ചിരുന്നില്ല. ഇതിൽ 4-0 ത്തിന് പോർച്ചുഗൽ ജയിച്ചിരുന്നു. ലോകകപ്പിൽ ഗ്രൂപ്പ് H ഇലുള്ള പോർച്ചുഗലിന്റെ ആദ്യ മത്സരം നവംബർ 24 നു ഘാനയ്ക്കെതിരെയാണ്.