ലോകകപ്പ് തുടങ്ങുന്നതിനു മുമ്പേ ജിയോ ആരാധകരെയെല്ലാം സന്തോഷത്തിൽ ആറാടിച്ച വാർത്തയായിരുന്നു ജിയോയുടെ ലോകകപ്പ് സംപ്രേഷണം. ജിയോ സിം ഉപയോക്താക്കൾക്ക് ജിയോ സിനിമ ആപ്പിലൂടെ എക്സ്ട്രാ ചാർജ് ഒന്നുമില്ലാതെ സൗജന്യമായി മാച്ച് കാണാനാകുമെന്നായിരുന്നു ജിയോയുടെ വാദം. എന്നാൽ ആദ്യത്തെ മാച്ചോട് കൂടെ സോഷ്യൽ മീഡിയയിൽ എയറിൽ കയറിയിരിക്കയാണ് അമ്പാനിയുടെ ജിയോ സിനിമ.
ലോകകപ്പിന്റെ ഇന്ത്യയിലുള്ള തത്സമയ സംപ്രേക്ഷണാവകാശം അമ്പാനിയുടെ റിയലൻസ് ജിയോ നേടിയിരുന്നു. ജിയോ സിനിമ ആപ്പിലും വെബ്സൈറ്റിലുമാണ് കളി കാണുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിരുന്നത്. എന്നാൽ സംപ്രേക്ഷണത്തിന്റെ മോശം ഗുണനിലവാരത്തിനെതിരെ നിരവധി പരാതികളാണ് ഇന്നലെ കളി തുടങ്ങിയപ്പോൾ മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ വരുന്നത്.
ബഫറിങ് തങ്ങളുടെ ആദ്യ കളിയുടെ ആസ്വാധനത്തെ മൊത്തമായും ഇല്ലാതാക്കിയതായി ഇവർ പരാതിപ്പെടുന്നു. നിരവധി ആരാധകരും എൻ. എസ് മാധവൻ തുടങ്ങിയ പ്രമുഖരും ഇത്തരത്തിൽ പരാതികളും ട്രോളുകളും ട്വിറ്റെറിലും മറ്റുമായി പോസ്റ്റ് ചെയ്യുന്നുണ്ട്.
കളിയുടെ ആസ്വാധനം മുടക്കിയ ജിയോ സിനിമ ഇയോൺ മസ്കിനോട് ഏറ്റെടുക്കാനും, ഇതിന് കാരണക്കാരെ പിരിച്ചുവിടാനുമാണ് ഒരു ആരാധകൻ പറയുന്നത്. മാധവനാകട്ടെ ഇയോൺ മസ്കിനു ട്വിറ്റെർ എന്ന പോലെ, ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ അമ്പാനിക്ക് ജിയോ സിനിമ ശെരിയായി നോക്കി നടത്താൻ കഴിയുന്നില്ലെന്ന് പരിഹസിക്കുകയാണ് ചെയ്യുന്നത്.
തീർത്തും നിരാശാജനകമാണ് ജിയോ സിനിമയുടെ പെർഫോമൻസ് എന്നും, തനിക്ക് 2022 ഫിഫ ലോകകപ്പിലെ ആദ്യ രണ്ട് ഗോളിന്റെ സന്തോഷം അനുഭവിക്കാനായില്ല എന്നും മറ്റൊരു ആരാധകൻ പരാതിപ്പെടുന്നു.
ഇതിനെതുടർന്ന് കാണികൾക്ക് നേരിട്ട അസൗകര്യത്തിനു ക്ഷമ ചോദിച്ചു കൊണ്ട് ജിയോ സിനിമ രംഗത്ത് വന്നിട്ടുണ്ട്. “നിങ്ങൾക് മികച്ച കാഴ്ചനുഭവം നൽകാൻ ഞങ്ങൾ നിരന്തരമായി പരിശ്രമിക്കുന്നു. ഫിഫ 2022 ലോകകപ്പ് കാണുന്നതിന് വേണ്ടി ഞങ്ങളുടെ ആപ്പിന്റെ ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഗ്രേഡ് ചെയ്യൂ. ” ജിയോ സിനിമ ട്വിറ്ററിൽ കുറിച്ചു.