ബോളിവുഡ് സൂപ്പർ താരം ഷാറുഖ് ഖാനെ ആദരിക്കാനൊരുങ്ങി സൗദി അറേബ്യ. ചെങ്കടൽ തീരത്ത് വച്ച് നടക്കുന്ന റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വച്ചാണ് സിനിമാലോകത്തിന് നൽകിയ സമഗ്രസംഭാവനയ്ക്ക് കിങ് ഖാനെ ആദരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാമത്തെ എഡിഷൻ ഡിസംബർ 1 മുതൽ 10 വരെ ജിദ്ദയിൽ ചെങ്കടലിന്റെ തീരത്ത് വെച്ചാണ് നടക്കുന്നത്. 61 രാജ്യങ്ങളിൽ നിന്നായി 41 ഭാഷകളിലുള്ള ചിത്രങ്ങളും ഫീച്ചർ ചിത്രങ്ങളുമുൾപ്പെടെ, വളർന്നുവരുന്നവരും പരിചയസമ്പന്നരായവരും സംവിധാനം ചെയ്ത 131 ഓളം സിനിമകളാണ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നത്.
ചടങ്ങിന്റെ ഓപ്പണിങ് സെറിമണിയിലാരിക്കും ഷാറുഖിനെ ആദരിക്കുന്നത്. നടനും, നിർമാതവുമായ ഖാൻ 30 വർഷത്തിലേറെയായി ഇന്ത്യൻ സിനിമയിലെ അഭിവാജ്യഘടകമാണ്. “അതുല്യമായ പ്രതിഭയ്ക്കുടമയും, ആഗോള സൂപ്പർ സ്റ്റാറുമായ, ഷാരൂഖ് ഖാനെ ആദരിക്കുന്നതിൽ ഞങ്ങൾ വലിയ ആവേശത്തിലാണ് ” റെഡ് സീ ഫെസ്റ്റ് സി. ഇ. ഒ, മുഹമ്മദ് അൽ -തുർക്കി അറിയിച്ചു.
റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നൽകുന്ന അവാർഡ് സ്വീകരിക്കുന്നതിൽ താൻ അതീവ സന്തുഷ്ടനാണെന്നും, തന്റെ യാത്രയിൽ സൗദി അറേബ്യൻ ആരാധകരുടെ പിന്തുണ എപ്പോഴും അനുഭവിച്ചറിയാനായിട്ടുണ്ടെന്നും കിങ് ഖാൻ പ്രതികരിച്ചു. ഈ ദേശത്തെ കഴിവ് ആഘോഷിക്കാനും, അറേബ്യൻ ഫിലിം കമ്മ്യൂണിറ്റിയുടെ ഭാഗമകാനും താൻ കാത്തിരിക്കയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന, ദീപിക പതുക്കോൺ, ജോൺ എബ്രഹാം എന്നിവരോടൊപ്പമുള്ള ആക്ഷൻ ത്രില്ലർ പത്താൻ ആണ് ഷാറൂഖ് ഖാന്റെതായി അടുത്തതായി റിലീസ് ആവാൻ പോകുന്ന സിനിമ. 2023 ജനുവരി 25 നു ഹിന്ദി, തമിഴ്, തെലുങ്കു ഭാഷകളിലായി ചിത്രം തിയേറ്ററുകളിൽ എത്തും.