ലോകകപ്പ് ഫേവറേറ്റുകളിൽ പ്രഥമ സ്ഥാനം വഹിക്കുന്ന ടീമാണ് അർജന്റീന. 2022 ലോകകപ്പ് ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് 2-1പരാജയപ്പെട്ടിരിക്കുകയാണ് അർജന്റീന.
ഈ തോൽവിയുടെ ഞെട്ടലിൽ നിന്നും ആരാധകർ ഇതുവരെ ഉണർന്നിട്ടില്ല. നിരവധി വിമർശനങ്ങൾക്കൊപ്പം ആശങ്കപ്പെടുത്തുന്ന പരാമർശങ്ങളും സോഷ്യൽ മീഡിയയിലൂടെ പരക്കുന്നുണ്ട്.
ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കാമെങ്കിലും, ഒരിക്കൽപോലും സൗദി അറേബ്യയുടെ അർജന്റീന പരാജയപ്പെട്ടിട്ടില്ല എന്ന യാഥാർത്ഥ്യം ഇപ്പുറത്ത് ഉണ്ട്. പോരാട്ടവീര്യങ്ങൾ ചോരുന്നില്ല എന്ന പ്രതീക്ഷയോടെയാണ് അർജന്റീന ആരാധകർ.
നീലപ്പടയുടെ തോൽവിക്ക് മുൻപിലും ലോകം ഉറ്റു നോക്കുന്നത് ഇതിഹാസത്തിലേക്കാണ്. മിശിഹായിൽ ഉള്ള പ്രതീക്ഷയാണ് ഏതൊരു അർജന്റീന ആരാധകനും പുലർത്തുന്നത്. എന്നാൽ ലോകകപ്പിലെ ആദ്യ തോൽവി, മെസ്സിയെ നിസ്സഹായനാക്കിയിരിക്കുകയാണ്.
മെസ്സിയുടെ അവസാന ലോകകപ്പാണ് ഇത്. കഴിഞ്ഞ കളികളിലെ മെസ്സിയുടെ പോരാട്ടവീര്യത്തെ മുൻനിർത്തി വൻ പ്രതീക്ഷയാണ് ലോകം കാംക്ഷിക്കുന്നത്. രാജ്യാന്തര ഫുട്ബോളില് 90-ലധികം ഗോളടിച്ച മെസ്സി തന്റെ അഞ്ചാം ലോകകപ്പിനിറങ്ങുമ്പോള് ഗംഭീര പ്രകടനമാണ് ഏവരും പ്രതീക്ഷിച്ചത്.
മാത്രമല്ല, 36 മത്സരങ്ങളിൽ മെസ്സി പരാജയപ്പെട്ടിട്ടുമില്ല. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യ 10 മിനിറ്റിലാണ് മെസ്സി ഗോൾ നേടിയത്. ദുർബലരായിരുന്ന സൗദിക്കെതിരെ വിജയകോൾ നേടിയ ആഹ്ലാദവും ഗാലറിയിൽ അലയടിച്ചിരുന്നു.
എന്നാൽ രണ്ടാം പകുതിയിലെ സൗദിയുടെ വൻ തിരിച്ചുവരവ് ആരും പ്രതീക്ഷിക്കാത്തതായിരുന്നു. ദുർബലരെന്ന് മുദ്രകുത്തപ്പെട്ട സൗദി അറേബ്യയുടെ പോരാട്ടത്തിനു മുൻപിൽ മെസ്സി പടയ്ക്ക് തിരിച്ചടിക്കാൻ കഴിഞ്ഞില്ല.
പരിക്കുകളുടെ ഒരു ഘോഷയാത്ര തന്നെ അർജന്റീന ടീമിനെ പിന്തുടർന്നിരുന്നു. മത്സരത്തിനു മുമ്പുള്ള പരിശീലനങ്ങളിൽ വരെ മെസ്സി ഒറ്റയ്ക്കാണ് പ്രാക്ടീസ് ചെയ്തിരുന്നത്. മെസ്സിയുടെ മാത്രമല്ല, മറ്റു ചില സഹതാരങ്ങളിലും പരിക്കുകൾ പൂർണ്ണമായി ഭേദമായിട്ടില്ലായെന്ന കമന്റുകളും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്.
നിസ്സഹായനായി തലതാഴ്ത്തി മടങ്ങുന്ന മെസ്സിയെ, കണ്ണീരോടെയാണ് ആരാധകഹൃദയങ്ങൾ ഏറ്റുവാങ്ങിയത്. ഇനിയും രണ്ടു മത്സരങ്ങൾ അർജന്റീനയെ കാത്തിരിക്കുന്നുണ്ട്. മെക്സിക്കോ, പോളണ്ട് എന്നീ ടീമിനെതിരെയാണ് ഇനിയുള്ള മത്സരങ്ങൾ. ഈ മത്സരങ്ങളിലൂടെ വൻതിരിച്ചുവരവ് നടത്തിയാലേ നീലപ്പടക്ക് ഇനി നിലനിൽക്കാനാവൂ.
മിശിഹാ ഇനിയും ഉയർത്തി എണീക്കുമെന്നും , പ്രതീക്ഷകൾ ഇവിടെ അവസാനിക്കുന്നില്ല എന്നും അലയടിച്ചു കൊണ്ടിരിക്കുകയാണ് ലോകം മുഴുവൻ. ഒരു തോൽവിയിലൂടെ പ്രതീക്ഷകൾ അസ്തമിക്കാതെ, തോൽവി വിജയത്തിന്റെ മുന്നോടിയാണെന്ന യാഥാർത്ഥ്യം അംഗീകരിച്ചുകൊണ്ട്
ലോകം മുഴുവൻ നീലപ്പടയുടെ കുതിപ്പിനായി കാത്തിരിക്കുകയാണ്. ചരിത്രം ഇനിയും ആവർത്തിക്കുക തന്നെ ചെയ്യും.