OPUSLOG

കൂട്ടിയിടിയിൽ ഷഹ്റാനിയുടെ പരിക്ക് ഗുരുതരം ; ആന്തരിക രക്തസ്രാവം റിപ്പോർട്ട് ചെയ്തു

ദോഹ : ലോകകപ്പ് ആദ്യ മത്സരമായ  അർജന്റീന-സൗദി അറേബ്യയിൽ സൗദി അറേബ്യ വിജയിച്ചെങ്കിലും  മറ്റൊരു ദുരന്തം സംഭവിച്ചിരുന്നു.

മത്സരത്തിനിടെ കൂട്ടിയിടിച്ച് പരിക്ക് പറ്റിയ  സൗദി താരം യാസർ അൽ ഷഹ്റാനിയുടെ  സ്ഥിതി ഗുരുതരമാണ്. സൗദി ടീമിലെ ഗോൾകീപ്പർ ആയ  അൽ ഉവൈസുമായാണ്  ഷഹ്റാനി കൂട്ടിയിടിച്ചത്.

പെനാൽറ്റി കിക്കിൽ പോസ്റ്റിലേക്ക് ഉയർന്നു വന്ന പന്ത്  പിടിക്കുന്നതിനായി ചാടിയ  ഗോൾകീപ്പറുടെ കാൽമുട്ട് ഷഹ്റാനിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. പന്ത് ഹെഡ് ചെയ്ത് ഇടാനുള്ള ഷഹ്റാനിയുടെ ശ്രമമാണ് ദുരന്തത്തിലേക്ക് വഴിവെച്ചത്. മത്സരത്തിന്റെ അവസാന നിമിഷത്തിൽ  അർജന്റീനയുടെ കടന്നുകയറ്റത്തെ തടുക്കുന്നതിനിടയിലാണ്  കൂട്ടിയിടി സംഭവിച്ചത്.

മുഖം ആകെ ചോര നിറഞ്ഞാണ് ഷഹ്റാനി  ഗ്രൗണ്ടിൽ വീണത്. ഉടനെ ഹമദ് മെഡിക്കൽ സിറ്റിയിൽ എത്തിച്ചു. തനിക്കിപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല എന്നും , വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കണം എന്നും, ഷഹ്റാനി തന്നെ വീഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്.

 താടിയെല്ലിനും മുഖത്തെ എല്ലിനുമാണ് ഒടിവ് സംഭവിച്ചിരിക്കുന്നത്. ആന്തരിക രക്തസ്രാവവും റിപ്പോർട്ടിലുണ്ട്. താരത്തിന്റെ അവസ്ഥ  ഗുരുതരമാണെന്നും  ഉടനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടതാണെന്നും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ജർമ്മനിയിലേക്ക് പോകാനുള്ള ചാർട്ടേഡ് വിമാനം സൗദി കിരീടവകാശി അനുവദിച്ചിട്ടുണ്ട്.

 ചരിത്ര നിമിഷം കുറിച്ചുകൊണ്ടാണ് ലോകകപ്പിന്റെ തുടക്കം സൗദി അറേബ്യ തയ്യാറാക്കിയത്. മികച്ച പോരാട്ടവീര്യം കാഴ്ചവച്ച്  ഫുട്ബോൾ പ്രേമികളുടെ മനസ്സ് കീഴടക്കിയ ടീമും കൂടിയാണ് സൗദി അറേബ്യ. വിജയം ആഘോഷിക്കുമ്പോഴും പ്രിയ താരത്തിന് പരിക്കിന്റെ ആഘാതത്തിലാണ് പലരും.

സൗദി ഗോൾകീപ്പറിന്റെ  മികവുറ്റ പ്രകടനവും അതിശ്രദ്ധമായിരുന്നു. തന്റെ ടീമിന്റെ വിജയത്തിൽ  ഏറെ സന്തോഷിക്കുന്നുവെന്നും ,  അർഹിച്ച വിജയമാണ് ഇതൊന്നും ഷഹ്റാനി വീഡിയോയിൽ പറയുന്നുണ്ട്.

അർജന്റീനയെ 2-1നാണ് സൗദി അറേബ്യ തോൽപ്പിച്ചത്. 48-ാം മിനിറ്റിൽ ഷഹ്റാനി തന്നെയാണ് സൗദി അറേബ്യയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. താരത്തിന്റെ മടങ്ങിവരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ടീം.

Exit mobile version