OPUSLOG

പ്രതിഷേധം അറിയിച്ച് ഗ്യാലറി; മെസ്യൂട് ഓസിലിന്റെ ചിത്രങ്ങളോടെ ജർമ്മനിക്കെതിരെ കാണികൾ

പ്രതിഷേധങ്ങളുടെ കാര്യത്തിൽ മുൻപന്തിയിലാണ് ജർമൻ ടീം. ഈ വർഷവും അവരത് വ്യക്തമാക്കി.  ഗ്രൗണ്ടിൽ പ്രതിഷേധ പ്രകടനങ്ങൾക്ക്  ഫിഫ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

ആദ്യ മത്സരത്തിൽ തന്നെ ഈ നടപടിക്കെതിരെ ജർമൻ ടീം എതിർപ്പ് വ്യക്തമാക്കി. മത്സരാർത്ഥികൾ എല്ലാം വാപൊത്തിക്കൊണ്ട് നിന്നാണ് എതിർപ്പ് പ്രകടിപ്പിച്ചത്.  പലതരത്തിലുള്ള വിമർശനങ്ങളും അനുകൂല പ്രസ്താവനകളും ഇതിനെതിരെ വന്നിരുന്നു.

അതിൽ മുൻപന്തിയിൽ നിന്നിരുന്നത്  മെസ്യൂട് ഓസിലിനെ കുറിച്ചായിരുന്നു. വംശീയ അധിക്ഷേപത്താൽ കളിയിൽ നിന്ന് വിരമിച്ച താരമാണ് ഓസിൽ. ലോകോത്തര താരമായ ഓസിലിന് പലതരത്തിലുള്ള കളിയാക്കലുകൾ വംശത്തിന്റെ പേരിൽ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനെ തുടർന്നാണ് ജർമൻ ടീമിൽ നിന്ന് വിരമിക്കുന്നത്.

നിയന്ത്രണങ്ങൾക്ക് എതിരെ പ്രതിഷേധങ്ങൾ ഉയർത്തുന്ന ജർമൻ ടീമിന്റെ  കപട മുഖത്തെയാണ്  ഗാലറിയിൽ ഇന്നലെ അഴിഞ്ഞു വീണത്. ജർമൻ ടീമിന്റെ  പ്രഹസനങ്ങളാണ് ഇതെല്ലാം എന്ന പ്രഖ്യാപനങ്ങളും തുടരെ വന്നുകൊണ്ടിരുന്നു.

ഗ്രൂപ്പിലെ രണ്ടാം റൗണ്ട് മത്സരമായിരുന്നു സ്പെയിൻ-ജർമ്മനിയുടേത്. ഇതിനിടയിലാണ് ഗാലറിയിൽ പ്രതിഷേധങ്ങൾ ഉയർന്നത്. ഓസിലിന്റെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ച പ്രതിഷേധ പ്രകടനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്.

2018 ലോകകപ്പിൽ ജർമ്മനിയുടെ തോൽവിയെ തുടർന്നാണ് വംശീയ അധിക്ഷേപങ്ങൾ താരത്തിന് ഏൽക്കേണ്ടി വരുന്നത്.  സഹതാരങ്ങളിൽ നിന്നുവരെ  ഇത് ഏൽക്കേണ്ടി വന്നപ്പോഴാണ് ഓസിൽ വിരമിച്ചത്.

വിരമിച്ചതിനുശേഷമാണ് ഓസിൽ പലകാര്യങ്ങളും തുറന്നുപറയുന്നത്. അതായത്, ‘കളി വിജയിക്കുകയാണെങ്കിൽ ഞാൻ ജർമൻ പൗരനും, മറിച്ച് പരാജയം ആണെങ്കിൽ ഞാൻ കുടിയേറ്റക്കാരനുമാണ്. മാത്രവുമല്ല ജർമൻ ഫുട്ബോൾ പ്രസിഡണ്ട് റൈൻഹാർഡ്  ഗ്രിന്റല്‍  തുടർച്ചയായി വംശീയപരിഹാസം പിന്തുടർന്നിരുന്നു’.

ആരാധകരുൾപ്പെടെ തന്നെ ജർമ്മൻ-ടർക്കിഷ് എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. എന്നാൽ സഹതാരമായ ക്ലോസെ ഉൾപ്പെടെയുള്ള പോളിഷ് വംശജർക്ക് ഇത്തരത്തിൽ അധിക്ഷേപങ്ങൾ ഒന്നും  കേൾക്കേണ്ടി വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.  അതെന്തുകൊണ്ടാണെന്നും ഓസിൽ തുറന്നു ചോദിക്കുന്നുണ്ട്.

ജർമ്മനിക്കും ആഴ്സണലിനും വേണ്ടി മികച്ച പോരാട്ടം കാഴ്ചവച്ച താരമാണ്  ഓസിൽ. അത്തരം ഒരാൾക്കാണ് ഇങ്ങനെയുള്ള പരാമർശങ്ങളും വിമർശനങ്ങളും നേരിടേണ്ടിവരുന്നത്.  അധിക്ഷേപത്തിൽ മനംനൊന്താണ് ഓസിൽ  31ാമത്തെ വയസ്സിൽ വിരമിക്കുന്നത്.

പ്രതിഷേധങ്ങൾ ഗാലറിയിൽ ഉയർന്നെങ്കിലും  ജർമൻ-സ്പെയിൻ മത്സരത്തിൽ സമനിലയോടെയാണ് ഇരുടീമുകൾ പിരിഞ്ഞത്.

Exit mobile version