റയൽ മഡ്രിഡിലെ മധ്യനിരക്കാരനെ സ്വന്തമാക്കി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. യുണൈറ്റഡിന്റെ ബിഡ് റയല്‍ മഡ്രിഡ് അംഗീകരിച്ചതോടെ ബ്രസീലിയന്‍ താരം ഇനി മുതൽ മാഞ്ചെസ്റ്ററിന്റെ മാന്ത്രിക പന്തുരുട്ടും. എന്നാൽ താരത്തിന്റെ ട്രാൻസ്ഫർ ക്ലബ് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.
2013-മുതല്‍ റയല്‍ മഡ്രിഡ് മധ്യനിരയിലെ നിര്‍ണായക സാന്നിധ്യമായിരുന്നു കാസെമിറോ. ലോസ്ബ്ലാങ്കോസിനായി മൂന്ന് ലാലിഗയും അഞ്ച് ചാമ്പ്യന്‍സ് ലീഗുമടക്കം നിരവധി കിരീടനേട്ടങ്ങളില്‍ പങ്കാളിയായി.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡിഫെന്‍സീവ് മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ കാസെമിറോയെ ഏകദേശം 60 ദശലക്ഷം യൂറോക്കാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കുന്നത്. നാലു വർഷത്തേക്കാണ് മാഞ്ചെസ്റ്ററുമായി കരാറുള്ളത്. താരത്തിന്റെ കായിക പരിശോധനക്ക് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.
മഡ്രിഡിന്റെ പരിശീകനായ കാര്‍ലോ ആന്‍സലോട്ടി കാസെമിറോ റയൽ വിടുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ടീം വിടാനുള്ള കാസെമിറോയുടെ തീരുമാനത്തെ അംഗീകരിക്കുന്നതായും അദ്ദേഹം പ്രസ്താവിച്ചു.
അവസാനസ്ഥാനക്കാരായ യുണൈറ്റഡിന്റെ മധ്യനിര ശക്തമാക്കാനാണ് താരത്തെ കൊണ്ടുവരുന്നത്. പുതിയ പരിശീലകന് ടെന്‍ഹാഗിന്റെ കീഴില്‍ കളിച്ച രണ്ട് ലീഗ് മത്സരത്തിലും പരാജയപ്പെട്ടിരുന്നു.
അടുത്ത ആഴ്ച നടക്കുന്ന മത്സരത്തിൽ ലിവര്‍പൂളാണ് യുണൈറ്റഡിന്റെ എതിരാളികള്‍. കാസെമിറോയുടെ വരവോടെ ടീം ഫോമിലേക്കുയരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.