ലോകത്തെ ആകമാനം പിടിച്ചു കുലുക്കിയ ദുരന്തമാണ് കോവിഡ് 19. എല്ലാ മേഖലയിലും നഷ്ടം മാത്രം നേടികൊണ്ടിരുന്നപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വമ്പിച്ച ലാഭത്തിൽ ആയിരുന്നു.
പുറത്തേക്ക് ഇറങ്ങാനോ, യാത്രകൾക്കോ സാധികാതെ വീട്ടിൽ ഒതുങ്ങിയിരുന്ന സമയം സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ജനങ്ങൾ ചിലവാക്കിയത്. ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിൽ സാമൂഹ്യ മാധ്യമത്തിനുള്ള സ്ഥാനം വളരെ വലുതാണ്. അത് മനസ്സിലാക്കി കൊണ്ടാണ് അതിലെ ഓരോ സാങ്കേതിക തയ്യാറെടുപ്പുകൾ.
ലോകത്തെ 90% ജനങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ഉള്ളവരാണ്. എന്തു ചെയ്യണം, ആരെയൊക്കെ കൂട്ടുനിർത്തണം , എന്തൊക്കെ വായിക്കണം, എന്തൊക്കെ ഷെയർ ചെയ്യണം എന്നിങ്ങനെ സ്വകാര്യ ജീവിതത്തിൽ വലിയൊരു പങ്കും ഫേസ്ബുക്കും അതിന്റെ മറ്റു ശാഖകളും നേടിയെടുത്തിരുന്നു.
ലോക ജനതയിലേറിയ പങ്കും ഇത്തരം മാധ്യമങ്ങളിലാണ്. ഈയൊരു ലോകത്തിന്റെ ചക്രവർത്തിയാണ് സക്കർബർഗ്. കോടീശ്വരൻമാരുടെ പട്ടികയില്‍ ഇടംനേടുന്ന ആദ്യ പ്രായം കുറഞ്ഞ ടെക്കി യാണ് സക്കർബർഗ്.
ജനങ്ങളുടെ സ്വകാര്യ ജീവിതത്തിൽ വളരെ വലിയ സ്വാധീനം ചെലുത്തിയ കോടീശ്വരന്റെ ഇപ്പോൾ വളരെ മോശമാണെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. കൊറോണ കാലത്തിനു ശേഷം വൻ നഷ്ടമാണ് താൻ നേരിടുന്നതെന്ന് ഇദ്ദേഹം തുറന്നു പറഞ്ഞു.
കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഇദ്ദേഹത്തിന്റെ ആകെ സ്വത്തിന്റെ 50 ശതമാനം നഷ്ടപ്പെട്ടു. തകർച്ചയിൽ നിന്ന് കരകയറാൻ ആവാതെ നിൽക്കുന്ന ഒരു ചക്രവർത്തിയാണ് ഇന്ന് സക്കർബർഗ്. കോടീശ്വരന്മാരിൽ ആദ്യ അഞ്ച് പേരുടെ പട്ടികയിൽ ഉണ്ടായിരുന്ന സക്കർബർഗ് ഇന്ന് 22-ാം സ്ഥാനക്കാരനാണ്.
വർഷത്തിനുള്ളിൽ 10600 ബില്യൻ ഡോളറിൽ (ഏകദേശം 857280.30 രൂപ) നിന്ന് 5590 കോടി ഡോളറായി കുറഞ്ഞു. കോവിഡ് മഹാമാരിയിലൂടെയാണ് ഈ വീഴ്ച.
നഷ്ടം മാത്രമായി മെറ്റാവേഴ്സും വാട്ട്സാപ്പും
ടെക് ലോകത്തെ പുതിയൊരു മാറ്റത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷയോടെ രംഗത്ത് വന്നതാണ് മെറ്റാവേഴ്സ്. റിയാലിറ്റി ലാബ്സ് ഡിവിഷനുവേണ്ടി 1000കോടി ഡോളറിൽ അധികം നിക്ഷേപിച്ചുവെന്ന് സക്കർബർഗ് തന്നെയാണ് വെളിപ്പെടുത്തിയത്. വെർച്വൽ റിയാലിറ്റി ഗ്ലാസുകൾ, സ്മാർട് ഗ്ലാസുകൾ, എന്നിവ നിർമ്മിക്കുന്നതിനാണ് ഈ ഡിവിഷൻ.
പുതിയ വെർച്വൽ ലോകം ജനങ്ങൾക്ക് മുമ്പിൽ എത്തിക്കാനുള്ള ഇന്റർനെറ്റിന്റെ വരും തലമുറയാണ് മെറ്റാവേഴ്സ്. പ്രതീക്ഷിച്ച വരുമാനത്തിലധികം വൻ നഷ്ടമാണ് ഇതിലൂടെ മെറ്റായ്ക്ക് കൈവന്നത്. ഈ നഷ്ടത്തിന്റെ വിടവ് ഉള്ള സമ്പത്തിൽ നിന്ന് കര കയറ്റുന്നതിനും അപ്പുറമായിരുന്നു.
മെറ്റാവേഴ്സിൽ 2014-ൽ ഓകുലസ് വിആർ വാങ്ങാൻ മെറ്റാ നൽകിയ പണത്തിന്റെ അഞ്ചിരട്ടിയും 2012 ൽ ഇൻസ്റ്റാഗ്രാം വാങ്ങാൻ നൽകിയതിന്റെ പത്ത് മടങ്ങും അധികം തുകയാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇതിലൂടെ വരിച്ച നഷ്ടമാണ് ഇദ്ദേഹത്തിന്റെ വരുമാനത്തെ ഗണ്യമായി കുറച്ചത്.
ലാഭത്തേക്കാൾ ചെലവ് മെറ്റാവേഴ്സ് നേരിടേണ്ടി വന്നതും ഇതുമൂലമാണ്. പരസ്യ വരുമാനങ്ങളിലെ ഇടിവും സക്കർബർഗിന്റെ വരുമാനത്തെ ദോഷമായി ബാധിച്ചു.
ഏറ്റവും പ്രതിസന്ധിയിലാക്കിയ മറ്റൊന്നാണ് വാട്സ്ആപ്പ്. ചരിത്രത്തിൽ ഇടംപിടിച്ച കച്ചവടം ആയിരുന്നു വാട്സാപ്പിന്റേത്. 2014 ല്‍ 1900 കോടി ഡോളര്‍ നല്‍കിയാണ് വാട്സാപ് വാങ്ങിയത്. എന്നാൽ ആ മികവൊന്നും നിലനിർത്താൻ വാട്സാപ്പിന് കഴിഞ്ഞില്ല. ഉപയോക്താക്കളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും വരുമാനത്തിൽ താഴെത്തട്ടിലാണ് വാട്സ്ആപ്പ്. വാട്സ്ആപ്പ് വിൽക്കാൻ പോവുകയാണെന്ന് വാർത്തവന്നിട്ട് അധികമായിട്ടില്ല എന്നതും ഓർമിപ്പിക്കുന്നു.
ഒരാളുടെ നിയന്ത്രണത്തിൽ മാത്രം മുന്നോട്ടുപോകുന്ന മെറ്റാ ലോകത്തെ വിമർശിച്ചുകൊണ്ട് വിവിധ യൂണിയനുകൾ രംഗത്തെത്തിയിരുന്നു. tiktok ന്റെ വിലക്കും സാമ്പത്തിക പ്രതിസന്ധിയെ ബാധിച്ചിരുന്നു.
വാട്സ്ആപ്പ് വാങ്ങി 8 വർഷം പിന്നിട്ടു. ഇതുവരെ ലാഭത്തിലേക്ക് നയിക്കാൻ സാധിക്കാത്തത് സക്കർബർഗിന്റെ ഒരു പരാജയമായും മാധ്യമലോകം വിലയിരുത്തുന്നു. ഫേസ്ബുക്കിനെ പിൻപറ്റിയാണ് വാട്സാപ്പിന്റെ നിലനിൽപ്പ് എന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. 130 കോടി ഡോളറാണ് 2018ലെ വാട്സാപ്പിന്റെ വരുമാനം. 220 കോടി പേർ ഉപയോഗിക്കുന്ന വാട്സാപ്പിന്റെ 2021 ലെ വരുമാനം 870കോടി ഡോളറാണ്. പ്രതീക്ഷ താളം തെറ്റിയത് ഈ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
പണമടയ്ക്കല്‍, പരസ്യം, ഗെയിം മേഖലയുമായി ബന്ധിപ്പിക്കാനുള്ള ഉപാധി എന്നിങ്ങനെയുള്ള സാധ്യതകൾ വാട്സാപ്പിൽ സ്വീകരിക്കാൻ കഴിയാത്തതാണ് ഇതിന് നഷ്ടം വരുത്തുന്നതെന്ന് കരുതുന്നു. ഫേസ്ബുക്കിന് വരാനിരിക്കുന്ന നഷ്ടത്തെ കണക്കാക്കിയാണ് വാട്സ്ആപ്പ് വാങ്ങിയതെന്ന പ്രചാരണവും നിലനിൽക്കുന്നുണ്ട്. ഫെഡറല്‍ ട്രേഡ് കമ്മിഷന്റെ അന്വേഷണത്തിലൂടെ ഇതിന്റെ തെളിവുകൾ ലഭ്യമായിട്ടുണ്ട്.
ആപ്പിളും ആപ്പിലാക്കി
ദിനംപ്രതി പുതുക്കിയ മോഡലുമായി എത്തുന്നവരാണ് ആപ്പിൾ. ഏറ്റവും പുതിയ മോഡലായ ഒഎസ് വന്നതോടെ ഫെയ്സ്ബുക്കിനും ഗൂഗിളിനും ആപ്പിളൊരു വില്ലനായി. ഉപയോക്താവ് ഏത് ഉപകരണമാണ് ഉപയോഗിക്കുന്നത് എന്ന് ഒഎസിലൂടെ കണ്ടെത്താൻ സാധികാത്തതാണ് ഈ തിരിച്ചടി.
ഐഒഎസ് 14ല്‍ പ്രവര്‍ത്തിക്കുന്ന ഓരോ ഡിവൈസിന്റെയും ഐഡന്റിഫിക്കേഷന്‍ ഫോര്‍ അഡ്വര്ട്ടൈസേഴ്സിനു വരുത്തിയ മാറ്റമാണ് ഇതിനു പിന്നിൽ. പരസ്യങ്ങളിലൂടെ ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്ന ഫേസ്ബുക്കിനും ഗൂഗിളിനും ഇതൊരു വെല്ലുവിളിയായി. മറ്റു മാർഗങ്ങളിലൂടെ അതിനായി ശ്രമിച്ചാലും ഉപയോക്താക്കൾക്ക് നോട്ടിഫിക്കേഷൻ പോകും. ഇതിനെ തുടർന്നാണ് പരസ്യങ്ങളിലൂടെ ലഭിക്കുന്ന വരുമാനം 50% ലേക്ക് എത്തിയത്.
പിഴ കൊടുത്ത് നഷ്ടം
സ്വകാര്യ രേഖകൾ ചോർത്താൻ ഇത്തരം ആപ്പുകൾക്ക് വളരെ വേഗത്തിൽ കഴിയും. ഫെഡറൽ ട്രേഡ് കമ്മീഷന്റെ അന്വേഷണത്തെ തുടർന്ന് ഉപഭോക്തൃ സ്വകാര്യ ലംഘനത്തിന് പിഴയിടാക്കുകയും ചെയ്തു. ലോകത്ത് ഈ ലംഘനത്തിനായി ഈടാക്കിയ ഏറ്റവും വലിയ തുകയാണ് ഫേസ്ബുക്കിന് നേരിടേണ്ടി വന്നത്.
2000 കോടി ഡോളറിനു മുകളിലാണ് പിഴ അടച്ചു വീട്ടിയത്. നിരവധി കൊല്ലങ്ങളായി സ്വകാര്യ രേഖകൾ ചോർത്തിയതിന് തുടർന്ന് കോടിക്കണക്കിന് ഡോളറാണ് പിഴയായി അടയ്ക്കേണ്ടിവന്നത്. മെറ്റായുടെ സാമ്പത്തിക നിലയെ വളരെ പ്രതികൂലമായാണ് ഇതൊക്കെ ബാധിച്ചത്.
ഇത്തരത്തിൽ നിരവധി പ്രതികൂല സാഹചര്യത്തിലൂടെയാണ് മാർക്ക് സക്കർഭർഗ് വൻനഷ്ടം വരിച്ചത്. സൈബർ ലോകത്തിന്റെ ഏറിയ പങ്കും നിയന്ത്രിച്ചിരുന്ന ഇദ്ദേഹത്തിന്റെ സാമ്പത്തിക നില തകിടം മറിഞ്ഞിരിക്കുകയാണ്.
മെറ്റാ കമ്പനിയിൽ നിന്ന് വാട്സ്ആപ്പും ഇൻസ്റ്റഗ്രാമും വിറ്റഴിക്കാനുള്ള ശ്രമവും എഫ്ടിസി നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകളും കാണുന്നുണ്ട്. പലവിധ മാറ്റങ്ങൾ നിമിഷങ്ങൾക്കകം സംഭവിക്കുന്ന മേഖലയാണ് ടെക്നോളജി. അതുകൊണ്ട് ഏതൊക്കെ മാറ്റങ്ങളാണ് വരാൻ പോകുന്നതെന്ന് സങ്കൽപ്പിക്കുക വയ്യ.