ഗ്രൗണ്ടിലെ മുറിവുകളും പരിക്കുകളും എന്നത്തേയും സ്ഥിരം കാഴ്ചയാണ്. എന്നാൽ ശരിയായ ചികിത്സയുടെ അഭാവം ഭാവി ജീവിതത്തെ തന്നെ താറുമാറാക്കുന്നു. അത്തരം ഒരു അവസ്ഥ ഇനിയും ആവർത്തിക്കാതിരിക്കാൻ ശരിയായ ചികിത്സ വിധികളും അതെങ്ങനെ പ്രതിരോധിക്കണമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.
ഓട്ടവും ചാട്ടവും വേഗതയേറുമ്പോൾ കാൽ മുട്ടിനു പലവിധത്തിലുള്ള പരിക്കുകൾ സംഭവിക്കുന്നു. ധാരാളം പേശികളുടെയും ലിഗമെന്റുകളുടെയും കൂട്ടായ പ്രവര്‍ത്തനമാണ് ശരീരഭാരവും വഹിച്ച് കുഴ തെറ്റാതെ പ്രവർത്തിക്കാൻ കാൽമുട്ടിന് പ്രാപ്തമാക്കുന്നത്. വളരെ സങ്കുചിതമായ സന്ധിയാണ് കാൽമുട്ട്. അനവധി ലിഗ്മെന്റുകളുടെ സഹായത്തോടെയാണ് ഇവ നില്‍ക്കുന്നത്.
പ്രധാനപ്പെട്ട ലിഗമെന്റുകൾ – ഭാഗങ്ങളും അവയുടെ പ്രവർത്തനവും
- മുട്ടിന്റെ ഇരുവശങ്ങളിലായി കൊളാറ്ററല്‍ (MCL/LCL) ലിഗമെന്റുകള്‍– മുട്ടിനെ വശങ്ങളിലേക്ക് തെറ്റുന്നത് തടയുന്നു.
- ക്രൂശിയറ്റ് ലിഗമെന്റുകള്‍ – മുട്ടിന്റെ എല്ലുകള്‍ മുന്പിലേക്കും പിറകിലേക്കും തെറ്റി പോകുന്നത് തടയുന്നു.
- മെനിസ്കസ് – കാല്‍മുട്ടിലെ പ്രതലങ്ങള്‍ തമ്മില്‍ ഉരസുന്നതും തമ്മില്‍ തെറ്റി പോകുന്നതും തടയുന്നു.
- MPFL ലിഗമെന്റ് – കാല്‍മുട്ടിലെ ചിരട്ടയെ തുടയെല്ലിനോട് ചേര്‍ക്കുന്നതാണ് ഇത്. ഇത് പൊട്ടിയാൽ ഇടയ്ക്ക് ഇടയ്ക്ക് ചിരട്ട തെറ്റും.
ലക്ഷണം
- മുട്ടിനുള്ളില്‍ നീരും കാല് അനക്കുമ്പോള്‍ അതിശക്തമായ വേദന.
- ക്രൂശിയറ്റ്, കൊളാറ്ററല്‍ എന്നീ ലിഗമെന്റുകൾക്കാണ് പരുക്കെങ്കിൽ അപ്പോഴുണ്ടാകുന്ന വേദനയും നീരും ഒക്കെ നാലാഴ്ച കൊണ്ട് തന്നെ മാറുന്നു. പിന്നീട് നടക്കുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് അറിയുക. ചെറിയതോതിൽ വേദന അനുഭവപ്പെടുകയും മുട്ട് തെന്നി മാറുന്നതായും തോന്നുന്നു.
- പടികൾ കയറി ഇറങ്ങുമ്പോഴാണ് ഈ ബുദ്ധിമുട്ട് നന്നായി തിരിച്ചറിയാൻ സാധിക്കുക.
- മെനിസ്കസിനാണ് പരിക്ക് സംഭവിക്കുന്നതെങ്കിൽ നീര് മാറിയതിനു ശേഷവും വേദനയും മുട്ട് അനക്കുമ്പോള്‍ കൊളത്തിപിടിക്കുന്ന വേദനയും അനുഭവപ്പെടുന്നു.
ചികിത്സ രീതി
- ആദ്യമേ തന്നെ എക്സ്-റേ , എംആർഐ, സിടി എന്നിവ ഡോക്ടറുടെ നിർദ്ദേശപ്രകാരം എടുക്കുക.
- മെനിസ്കസിനുണ്ടാകുന്ന പരുക്കിന്റെ സ്ഥാനം, ആഴം, പാറ്റേണ്‍, കാലാവധി എന്നിവയെ ആസ്പദമാക്കിയാവും ചികിത്സ.
- ലിഗ്മെന്റുകൾ പൊട്ടിയാൽ അവർ തുന്നി ചേർക്കുന്നത് ഉചിതമല്ല . അതൊരു കാലയളവിന് ശേഷമാണെങ്കിൽ ഒട്ടും പ്രായോഗികവും അല്ല എന്നും മനസ്സിലാക്കുക.
- തുന്നി ചേർക്കാൻ പറ്റുന്നതാണെങ്കിൽ മെനിസ്ക്കൽ ബാലൻസിങ്ങിലൂടെ അത് പരിഹരിക്കുന്നു.
- ശരിയായ വിശ്രമം എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ശരിയായ ചികിത്സ ലഭിക്കാത്തത് നമ്മളെ നിത്യരോഗി ആക്കുന്നു. അതുകൊണ്ടുതന്നെ ശരിയായ വ്യായാമവും പരിക്കുകൾ ഇല്ലാതിരിക്കാൻ ശ്രദ്ധ ചെലുത്തേണ്ടതാണ്. ശരീരഭാരം ശരിയായ രീതിയിൽ കൊണ്ടുനടക്കുക,ശരിയായ പാദരക്ഷകൾ ഉപയോഗിക്കുക, കാൽമുട്ടിലെ പേശികൾക്ക് ബലം കൂട്ടുക, നേരിട്ട് കളിയിൽ ഏർപ്പെടാതെ വാമപ്പ് ചെയ്യാൻ ശ്രദ്ധിക്കുക.
ശരിയായ ചികിത്സ ലഭിക്കാത്തതും മൂലമാണ് സന്ധികളിൽ തേയ്മാനം സംഭവിക്കുന്നത്. അതുകൊണ്ട് മേൽപ്പറഞ്ഞ കാര്യങ്ങൾ ചിട്ടയോടെ ശ്രദ്ധിച്ച് കൊണ്ട് നടക്കണം. ശരിയായ ആരോഗ്യത്തിന് വ്യായാമം അത്യാവശ്യമാണ്. പക്ഷേ അത് ശരീരത്തെ അറിഞ്ഞുവേണം ചെയ്യാൻ.
ഗ്രൗണ്ടിൽ സംഭവിക്കുന്ന പരിക്കുകളൊക്കെ വേഗതയേറുന്നതിലൂടെയാണ്. അതിനനുസരിച്ച് കാൽമുട്ടിലെ പേശികൾക്ക് ബലം കൊടുക്കാനും ശ്രമിക്കണം. ശരിയായ ചികിത്സ ശരിയായ സമയത്ത് തന്നെ എടുക്കുക. അതിലൊരു വിട്ടുവീഴ്ചയും പാടില്ല.