പുതിയ പുതിയ ഇറക്കുമതിയുടെ ഒരു ലോകം തന്നെയാണ് ജിയോ. മുൻനിര ടെലികോം കമ്പനിയായ ജിയോയുടെ ആദ്യത്തെ ലാപ്ടോപ്പ് സാക്ഷാത്കരിച്ചിരിക്കുന്നു. ‘ജിയോബുക്ക്’ എന്നാണ് ലാപ്ടോപ്പിന് പേരിട്ടിരിക്കുന്നത്. 15,799 രൂപയാണ് ഇതിന്റെ വില.
ആദ്യഘട്ട വിൽപ്പനയിൽ 5000 രൂപവരെ ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. ക്രെഡിറ്റ് കാർഡുകളോ ഡെബിറ്റ് കാർഡുകളോ ഉപയോഗിച്ച് വാങ്ങുമ്പോഴാണ് ഈ ഡിസ്കൗണ്ട് ലഭിക്കുക.
പേരിലെ ലാപ്ടോപ്പ് എന്നുള്ളത് കൊണ്ട് പൂർണ്ണമായും ഒരു ലാപ്ടോപ്പ് ആണ് ഇതെന്ന് ഉറപ്പിക്കരുത്. കാരണം ലാപ്ടോപ്പുകളിൽ ലഭ്യമാകുന്ന പല സാധ്യതകളും ജിയോബുക്കിൽ ലഭ്യമല്ല. പക്ഷേ സ്മാർട്ട് ഫോണിനേക്കാൾ മികച്ച ഒരു അനുഭവമായിരിക്കും ജിയോബുക്ക് എന്നുകൂടി ഓർക്കുക. സ്മാർട്ട് ഫോണിന്റെ സ്ക്രീനിന്റെ വലിപ്പം പോരാ എന്നുള്ള പരാതി ജിയോ ബുക്കിലൂടെ അവസാനിക്കും.
ജിയോബുക്കിന്റെ സ്ക്രീനിന് 11.6-ഇഞ്ച് മാത്രം വലുപ്പമാണ് കമ്പനി അനുവദിക്കുന്നത്. എച്ഡിയാണ് (1366×768 പിക്സല്‍സ്) സ്ക്രീന്‍ റെസലൂഷന്‍, സ്നാപ്ഡ്രാഗണ്‍ 665 പ്രോസസർ, 2ജിബി റാം, 32ജിബി സ്റ്റോറേജ്, എന്നിവയാണ് ജിയോബുക്കിൽ ഉള്ളത്.സ്റ്റോറേജ് 128 ജിബിയുള്ള കാർഡും ഉപയോഗിക്കാവുന്നതാണ്.
ജിയോഒഎസ് (JioOS) എന്ന സംവിധാനത്തിലൂടെയാണ് ജിയോബുക്ക് പ്രവർത്തിക്കുന്നത്. ആൻഡ്രോയ്ഡ് കേന്ദ്രീതമാണിത്. മാത്രവുമല്ല , ഇത് വളരെ വേഗമേറിയതാണെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.
എന്നാൽ മറ്റൊരു കാര്യം ഓർത്തിരിക്കേണ്ടത് അത്യാവശ്യമാണ്. അതായത്, മൈക്രോസോഫ്റ്റ് വിൻഡോസിൽ പ്രവർത്തിക്കുന്ന ആപ്പുകൾ ഒന്നും ജിയോഓഎസിൽ പ്രവർത്തിക്കില്ല. ലാപ്ടോപ്പ് വാങ്ങുന്നവർ ഇത് ശ്രദ്ധിക്കേണ്ടതാണ്.
യഥാർത്ഥത്തിൽ ഒരു മുഴുനീള ലാപ്ടോപ്പിന്റെ എല്ലാ സൗകര്യങ്ങളും ജിയോബുക്കിലൂടെ ലഭിക്കുകയില്ല.
ഫോർജി കണക്ടിവിറ്റിയുള്ള ജിയോ ബുക്കിൽ ഇസിം അഥവാ എംബെഡഡ് സിം ആണ് ഉപയോഗിക്കേണ്ടത്. ലാപ്ടോപ്പ് വാങ്ങുന്ന ബോക്സിൽ തന്നെയുള്ള ഐസിസി ഐഡി നമ്പർ ഉപയോഗിച്ച് ജിയോ സ്റ്റോറിൽ ചെന്ന് സിം ആക്ടിവേറ്റ് ചെയ്യണം.
ബ്ലൂടൂത് 5, എച്ഡിഎംഐ മിനി പോര്‍ട്ട്, രണ്ടു യുഎസ്ബി പോര്‍ട്ട് വൈ-ഫൈ 802.11 എസി, 3.5എംഎം ഓഡിയോ ജാക്,ഇരട്ട സ്റ്റീരിയോ സ്പീക്കര്‍, 2 എംപി വെബ്ക്യാം എന്നിവയും ജിയോബുക്ക് പ്രൊവൈഡ് ചെയ്യുന്നുണ്ട്. 8 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫും ജിയോബുക്കിലുണ്ട്.
ചുരുക്കി പറഞ്ഞാൽ നമ്മുടെ കയ്യിലുള്ളതിനേക്കാൾ കുറച്ചുകൂടി വലിയ സ്മാർട്ട്ഫോൺ എന്ന രീതിയിൽ മാത്രമേ ജിയോബുക്കിനെ കാണാവൂ. അതായത്, ഇമെയില്‍ അയക്കുക, എന്തെങ്കലും ടെക്സ്റ്റ് ടൈപ്പു ചെയ്യുക തുടങ്ങി ചില ജോലികള്‍ക്ക് ജിയോബുക്ക് വളരെ മികച്ചതാണ്. പക്ഷേ,സ്കൂൾ വിദ്യാർത്ഥികൾക്ക് ജിയോബുക്ക് അധികം ഉപയോഗപ്രദമല്ല.
2022ൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ ആണ് ജിയോബുക്കിനെ കുറിച്ചുള്ള കാര്യങ്ങൾ പങ്കുവെച്ചിരുന്നത്. ജിയോ കമ്പനിയുടെ ഇകൊമേഴ്സ് വെബ്സൈറ്റായ റിലയന്‍സ് ഡിജിറ്റലില്‍ നിന്ന് ജിയോബുക്കിനെ ഇപ്പോൾ തന്നെ ഓർഡർ ചെയ്യാവുന്നതാണ്.