സച്ചിയുടെ ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയിലെ ‘കലക്കാത്ത’ എന്ന പാട്ടിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ഗായികയാണ് നഞ്ചിയമ്മ. തുടർന്ന് രാജ്യത്തെ മികച്ച ഗായിക്കയ്ക്കുള്ള പുരസ്കാരവും ഈ അനുഗ്രഹീത കലാകാരിയെ തേടി എത്തിയിരുന്നു. സച്ചി കണ്ടെടുത്ത നഞ്ചിയമ്മ ഇപ്പോൾ അഭിനയത്തിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാൻ ഒരുങ്ങുകയാണ്.
അയ്യപ്പനും കോശിയിലും, അയ്യപ്പന്റെ ഭാര്യമാതാവായി ചെറിയ വേഷത്തിൽ നഞ്ചിയമ്മ എത്തിയിരുന്നു. എന്നാലിപ്പോൾ മലയാളത്തിലെ തന്നെ ആദ്യത്തെ ടൈം ട്രാവൽ ചിത്രമെന്നവകാശപ്പെടുന്ന 3മൂർത്തി എന്ന ചിത്രത്തിൽ സുപ്രധാനമായ വേഷം കൈകാര്യം ചെയ്യാനൊരുങ്ങുകയാണ് നഞ്ചിയമ്മ.
കെബിഎം സിനിമാസിന്റെ ബാനറിൽ നവാഗതനായ ശരത് ലാൽ നെമിബുവൻ ആണ് ഈ ക്യാമ്പസ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഒക്ടോബർ 31 ന് പ്രൊഡക്ഷൻ കമ്പനിയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തിറക്കിയിരുന്നു.
21 പാട്ടുകളുമായി ഒരുങ്ങുന്ന ചിത്രത്തിൽ നഞ്ചിയമ്മയും ഗാനങ്ങൾ ആലപിക്കുന്നുണ്ട്. സംവിധായാകനായ ശരത് ലാൽ തന്നെയാണ് സംഗീത സംവിധാനവും നിർവഹിക്കുന്നത്. 50 ലേറെ പുതുമുഖ ഗായകരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിരവധി പുതുമുഖങ്ങളെ അണിനിരത്തി നിർമിക്കുന്ന ചിത്രത്തിന്റെ കഥ വന്ദന ശ്രീലേഷും തിരക്കഥ,അമേഷ് രമേഷും,മഹേഷ് മോഹനുമാണ് കൈകാര്യം ചെയ്യുന്നത്.
ക്യാമ്പസ് പശ്ചാത്തലത്തിൽ നർമ്മം കൂട്ടിയിണക്കി ടൈം ട്രാവൽ കഥയായിരിക്കും ചിത്രം പറയുന്നത്. ഓഡിഷനിലൂടെയാണ് അഭിനേതാക്കളെ തിരഞ്ഞെടുത്തത്. ഇൻസ്റ്റാഗ്രാം റീൽസിൽ നിന്നും മികച്ച പ്രതിഭകളെയും സിനിമയിൽ ഉൾപെടുത്തിയിട്ടുണ്ട്.