മെക്സിക്കോക്ക് എതിരെയുള്ള 2-0 വിജയത്തിന് ശേഷം, ഈ കളി തങ്ങൾക്ക് ഫൈനൽ പോലെ ആയിരുന്നുവെന്നും, രണ്ട് ദിവസത്തിനകം മറ്റൊരു ഫൈനൽ ഉണ്ടെന്നും അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി. സൗദി അറേബ്യയോടേറ്റ പരാജയത്തോടെ വലിയ പരിഹാസത്തിനാണ് സോഷ്യൽ മീഡിയയിൽ മെസ്സിയും അർജന്റീന ടീമും ഇരയായത്.
എന്നാൽ മേക്സിക്കോക്കെതിരെയുള്ള ജയം വലിയ ആത്മവിശ്വാസത്തിലേക്കാണ് ടീമിനെ നയിച്ചിട്ടുള്ളത്. ഇതിനെ തുടർന്നായിരുന്നു തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ മെസ്സി ആരാധകർക്ക് വേണ്ടി സന്ദേശം പങ്കുവെച്ചത്.
“ഞങ്ങൾക്കിന്ന് ജയിക്കണമായിരുന്നു, അത് ചെയ്യാനും ഞങ്ങൾക്കായി.ബുധനാഴ്ച മറ്റൊരു ഫൈനൽ കൂടെ വരുന്നുണ്ട്, ഇതിന് വേണ്ടി ഞങ്ങൾ ഒരുമിച്ച് പോരാടുക തന്നെ വേണം. അർജന്റീന… വരു നമ്മുക്ക് മുന്നോട്ട് പോകാം!” മെസ്സി കുറിച്ചു. മാച്ചിന് ശേഷമുള്ള പ്രെസ്സ് കോൺഫറൻസിൽ തുടർന്നുള്ള എല്ലാ കളികളും ടീമിന് ഫൈനലുകളാണെന്ന് മെസ്സി പറഞ്ഞിരുന്നു.
“ഇനി ഞങ്ങളുടെ പ്രതിരോധം തകരുന്നത് അനുവദിക്കാൻ ഞങ്ങൾകാകില്ല. എല്ലാ കളികളും ഇനി ഫൈനലിന് സമാനമാണ്. കാര്യങ്ങൾ കുഴപ്പിക്കാൻ ഞങ്ങൾക്കാകില്ല. “മെക്സിക്കോയ്ക്കെതുരെയുള്ള ജയത്തിനെ തുടർന്ന് മെസ്സി റിപ്പോർട്ടർമാരോട് പറഞ്ഞു.
“കഴിഞ്ഞ കളിയിലെ പരാജയത്തിനു ശേഷം ഞങ്ങൾ ആസ്വസ്ഥരായിരുന്നു. അത് ഞങ്ങളുടെ മനസ്സിൽ തന്നെ ഉണ്ടായിരുന്നു. 1-2 നു സൗദിയോട് തോറ്റതിന് ശേഷമുള്ള ദിനങ്ങൾ വളരെ നീണ്ടതായി തോന്നി. ഈ അവസ്ഥ മാറ്റാനുള്ള അവസരത്തിന് വേണ്ടി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു, ഭാഗ്യം കൊണ്ട് ഈ കളിയിൽ ഞങ്ങൾ ജയിച്ചു.” മെസ്സി പറഞ്ഞു.
അർജന്റീനയുടെ തന്നെ എക്കാലത്തെയും മികച്ച കളിക്കാരനായ മറഡോണയോട് എപ്പോഴും താരതമ്യപ്പെടുത്താറുള്ള മെസ്സിക്ക് ഇതുവരെ ഒരു ലോകകപ്പ് നേടാനാവാത്തത് ആരാധകർക്ക് വലിയ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. ഇത് മെസ്സിയുടെ അവസാന ലോകകപ്പാവാൻ സാധ്യതയുള്ളതിനാലും ഇത്തവണ വിജയം അർജന്റീനയ്ക്ക് കൂടിയേ തീരു.
പ്രീ -ക്വാർട്ടർ ഉറപ്പിക്കുന്നതിനു വേണ്ടി ബുധനാഴ്ച്ച നടക്കാനിരിക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ പോളണ്ടിനെ തോല്പിക്കേണ്ടത് അർജന്റീനയ്ക്ക് അനിവാര്യമാണ്. മേക്സികോക്കെതിരെയുള്ള മെസ്സിയുടെ ഗോൾ, ലോകകപ്പിലെ അദ്ദേഹത്തിന്റെ 9 ആമത്തെ ഗോളാണ്. ഇതോടെ ഇന്റർനാഷണൽ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്നവരുടെ പട്ടികയിൽ 92 ഗോളോടെ മെസ്സി മൂന്നാം സ്ഥാനത്താണ് .118 ഗോളോടെ റൊണാൾഡോയാണ് ഒന്നാം സ്ഥാനത്ത്.