ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് വിരാട് കോഹ്ലി. യുവജനതയുടെ ചോരത്തിളപ്പാക്കാൻ സാധിച്ച ക്രിക്കറ്റ് പ്ലയെറാണ് അദ്ദേഹം.
ഇന്ത്യൻ ടീമിന്റെ സൂപ്പർ ക്യാപ്റ്റനായും തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചു.
എന്നാൽ കുറച്ചു നാളുകളായി വിരാട് കോഹ്ലി അത്ര നല്ല ഫോമിൽ അല്ല കളിക്കളത്തിൽ ഉള്ളത്. ഏറെ വിമർശനങ്ങളും അദ്ദേഹം ഇതിനോടകം ഏറ്റു വാങ്ങിയിട്ടുണ്ട്. ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുകയാണ് കോലി.
തന്റെ ക്രിക്കറ്റ് കരിയറിലുടനീളം മാനസിക സമ്മർദ്ദം നേരിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കോഹ്ലി ഇപ്പോൾ.
അദ്ദേഹത്തിന്റെ വാക്കുകളിലൂടെ “എന്നെ സ്നേഹിക്കുന്ന, പിന്തുണക്കുന്ന ഒരുപാട് പേർ ഉണ്ടെന്നറിയാം എന്നാലും ചില സാഹചര്യങ്ങളിൽ ഞാൻ ഒറ്റക്കായിട്ടുണ്ട്”.
പലരും ഈ കടുത്ത സാഹചര്യങ്ങളിലൂടെ കടന്നു പോയവരാകാം. എന്നാൽ ഞാൻ എത്ര മാത്രം ശക്തനാകാൻ ശ്രെമിക്കുന്നുവോ അത്രയും ഞാൻ സങ്കടപ്പെടേണ്ടി വന്നിട്ടുണ്ട്.
ഒരു കായിക താരത്തെ സംബന്ധിച്ച് സമ്മർദ്ദം സർവ്വസാധാരണമാണെന്നും എന്നാൽ അതിൽ നിന്ന് മോചനം നേടാൻ വിശ്രമം അത്യാവശ്യമാണെന്നും കോഹ്ലി അഭിപ്രായപ്പെടുന്നു.
2014 ലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ താൻ വിഷാദരോഗത്തിന് കീഴ്പ്പെട്ടിരുന്നു എന്നും ഇന്ത്യയുടെ സൂപ്പർ ക്യാപ്റ്റൻ വെളിപ്പെടുത്തി.
“രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഇന്ന് റൺസ് എടുക്കാൻ ആകില്ല എന്ന തോന്നലോടെയാകും എഴുന്നേൽക്കുക, ഈ ലോകത്ത് ഒറ്റപ്പെട്ടിരിക്കുന്നത് ഞാൻ മാത്രമാണെന്ന് വരെ ഞാൻ വിചാരിച്ചിരുന്നു”.
എന്നാൽ ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം തിരിച്ചെത്തിയ കോഹ്ലി ബാറ്റ് കൊണ്ട് വിസ്മയം തീർത്തിരുന്നു.
നിലവിൽ ഏഷ്യാ കപ്പിനായുള്ള പരിശീലനത്തിലാണ് കോഹ്ലി. ആദ്യ മത്സരത്തിൽ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി.