സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ഏറ്റവുമധികം ഇഷ്ട്ടപ്പെടുന്ന ആപ്പാണ് വാട്സ്ആപ്പ്. നമ്മുക്ക് പരിചയമുള്ളവരുമായി സന്ദേശങ്ങളും, ശബ്ദ സന്ദേശങ്ങളും, ചിത്രങ്ങൾ, വീഡിയോസ് എന്നിവ കൈമാറാനും, വിളിച്ചും പരസ്പരം കണ്ടും സംസാരിക്കാനും വാട്സ്ആപ്പ് സഹായിക്കുന്നുണ്ട്. നമ്മൾ അനുഭവിക്കുന്ന സങ്കടം, സന്തോഷം, ദേഷ്യം എന്നീ വികാരങ്ങളും, നമ്മുടെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളും മറ്റുള്ളവരെ അറിയിക്കാനും വാട്സ്ആപ്പ് ഉപയോഗിക്കാവുന്നതാണ്.
പുതിയ വേർഷനുകളിൽ ഉപയോക്താകൾക്ക് സഹായകമാകുന്ന കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്താനും വാട്സ്ആപ്പ് നിർമ്മാതാക്കൾ ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ നമുക്കേറെ പ്രയോജനപ്പെടുന്ന ഒരു സേവനമായാണ് “ഡിലീറ്റ് ഫോർ എവെരിവൺ ” എന്ന ഓപ്ഷൻ. എന്നാൽ ഈ മെസ്സേജ് ലഭിക്കുന്ന ആളിൽ ഇതുണ്ടാക്കുന്ന ആശയക്കുഴപ്പങ്ങൾ അനവധിയാണ്.
വാട്സ്ആപ്പ് കുറച്ച് കാലം മുൻപ് പരിചയപ്പെടുത്തിയ “ഡിലീറ്റ് ഫോർ എവെരിവൺ ” എന്ന ഓപ്ഷൻ, അറിയാതെ അയച്ചു പോയ സന്ദേശങ്ങളോ, അയച്ചതിനു ശേഷം അബദ്ധമായതായി തോന്നിയ സന്ദേശങ്ങളോ, തെറ്റായ സന്ദേശങ്ങളോ, മാറി അയച്ച സന്ദേശങ്ങളോ, അങ്ങനെ അനാവശ്യമായ ഏതൊരു സന്ദേശവും,അയച്ചയാൾക്ക്, തന്റെ ഫോണിൽ നിന്നും,സന്ദേശം സ്വീകരിച്ച വ്യക്തികളുടെ ഫോണിൽ നിന്നും മായ്ച്ചു കളയാനുള്ള അവസരം നൽകുന്നുണ്ട്.
സന്ദേശം അയച്ച് 1 മണിക്കൂറിനുള്ളിലാണ് ഈ ഓപ്ഷൻ ഉപയോഗിക്കാൻ കഴിയുക. എന്നാൽ സന്ദേശം സ്വീകരിക്കുന്നവർക്ക് ഇത് വലിയ തലവേദനയാണ്. ഡിലീറ്റ് ചെയ്ത സന്ദേശം ഇല്ലാതാകുമെങ്കിലും “ദിസ് മെസ്സേജ് വാസ് ഡിലീറ്റ്ഡ് ” എന്ന ഒരു ലേബൽ സന്ദേശം സ്വീകരിക്കുന്നവർക്ക് ലഭിക്കുന്നു. അയച്ച്, ഡിലീറ്റ് ചെയ്ത ആ സന്ദേശം എന്താണെന്നോർത്ത് പലരുടെയും ഉറക്കം പോകുന്നു.
എന്നാൽ ഇതിന് ഇപ്പോൾ ഒരു പ്രതിവിധിയുണ്ട്. ഗൂഗിൾ പ്ളേയിൽ ലഭ്യമായിട്ടുള്ള ” ഗെറ്റ് ഡിലീറ്റഡ് മെസ്സേജസ് ” എന്ന തേർഡ് പാർട്ടി ആപ്പ് ആണ്, ഇതിന് സഹായിക്കുന്നത്. ഗൂഗിൾ പ്ളേയിൽ നിന്നും നേരിട്ട് ഫോണിലേക്ക് ഇൻസ്റ്റാൾ ചെയ്യാൻ പറ്റുന്ന ഈ ആപ്പ്, നിങ്ങളുടെ ഫോൺ സ്റ്റോറേജ്, നോട്ടിഫിക്കേഷൻ എന്നിവയിലേക്ക് ബന്ധപ്പെടാനുള്ള അനുവാദം നൽകുന്ന പക്ഷം, നിങ്ങളുടെ വാട്സാപ്പിന്റെ അപരനായി പ്രവർത്തിച്ചു തുടങ്ങുന്നു.
നിങ്ങളുടെ വാട്സാപ്പിൽ ‘ഡിലീറ്റ്ഡ് ഫോർ എവെരിവൺ ‘ ആയി വരുന്ന സന്ദേശങ്ങൾ ഇതിൽ ദൃശ്യമായിരിക്കും. എന്നാൽ നിങ്ങളുടെ വാട്സ്ആപ്പ് ചാറ്റുകളിലേക്ക് നേരിട്ട് അക്സസ്സ് ലഭിക്കുന്ന ഇത്തരം ആപ്പുകൾ, നിങ്ങളുടെ സ്വകാര്യതക്ക് വലിയ ഭീഷണിയായേക്കാം. അതിനാൽ വ്യക്തമായ അന്വേഷണത്തിന് ശേഷം മാത്രം ഇത്തരം റിസ്ക്കുകൾ എടുക്കുക.