സാമൂഹ്യ മാധ്യമങ്ങളെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ‘മോൺസ്റ്റർ’. ആദ്യപ്രദർശനം കഴിഞ്ഞപ്പോൾ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ പ്രതികരണങ്ങളാണ് മോൺസ്റ്റർ നേടിയെടുത്തിരിക്കുന്നത്.
മലയാള സിനിമ ലോകത്ത് ഇതുവരെ ഒരു സംവിധായകനും തിരഞ്ഞെടുക്കാത്ത ഒരു വിഷയ പശ്ചാത്തലമാണ് മോൺസ്റ്റർ ഒരുക്കിയിരിക്കുന്നത്. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച സിനിമയിൽ മോഹൻലാലാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
കഥാപ്രമേയത്തെ മാറ്റിക്കുറിക്കുന്നതാണ് സിനിമയുടെ ക്ലൈമാക്സ്. അത് തന്നെയാണ് സിനിമയുടെ വിജയവും.
മോഹൻലാലിന്റെ നീണ്ട സിനിമാ ജീവിതത്തിൽ നിന്ന് വളരെ വ്യത്യസ്തമായതും ഇനി ഒരു പക്ഷേ ആവർത്തിക്കാൻ ഇടയില്ലാത്തതുമായ കഥാപാത്രമാണ് മോൺസ്റ്ററിൽ കാഴ്ച വയ്ക്കുന്നത്. ലക്കി സിങ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ലക്കി സിങ് എന്ന പേരുകൊണ്ട് തന്നെ കഥാപാത്രത്തിൽ ഒളിഞ്ഞിരിക്കുന്ന ദുരൂഹതയെ കൂടി വ്യക്തമാക്കുന്നുണ്ട്.
ലക്കി എന്ന പേരിലെ ഭാഗ്യം പലരുടെ ജീവിതത്തിലും നിർഭാഗ്യമാകുന്നു. എല്ലാവരുടെയും ജീവിതത്തിൽ ദുരൂഹത നിലനിർത്തി കടന്നു പോവുകയും സ്വജീവിതം കൊണ്ട് തന്നെ ദുരൂഹമാവുകയും ചെയ്യുന്ന ഒരു കഥാപാത്രമാണ് ലക്കി സിങ് .
സിനിമയെക്കുറിച്ചുള്ള അഭിമുഖത്തിൽ ഒട്ടേറെ സർപ്രൈസുകൾ പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ടെന്ന് മോഹൻലാൽ പറഞ്ഞതാണ് ഇപ്പോൾ ഓർമ്മവരുന്നത്. ലാലേട്ടൻ പറഞ്ഞ വാക്ക് സത്യമാണെന്ന പ്രതികരണമാണ് സിനിമ കണ്ട് ഇറങ്ങിയവരിൽ നിന്ന് ലഭിച്ചത്.
പുലിമുരുകനിലൂടെ താരത്തിന് വ്യത്യസ്ത പാടവം തീർത്ത വൈശാഖാണ് സംവിധാനം.ഉദയകൃഷ്ണയാണ് സ്ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്, ഗണേഷ് കുമാര്, ലെന എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സിനിമയുടെ രണ്ടു പകുതിയും ട്വിസ്റ്റുകളുടെ കൊട്ടാരമാണ്. ആദ്യപകുതി കുറച്ച് ബോറടിപ്പിക്കും എങ്കിലും രണ്ടാം പകുതി അത് മാറ്റി കുറിക്കുന്നു. ലോകത്തിലേക്ക് മികച്ചൊരു സന്ദേശമാണ് ക്ലൈമാക്സിലൂടെ നൽകിയിരിക്കുന്നത്.
ദീപാവലി ദിനത്തിൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ബോക്സ് ഓഫീസ് തകർക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകഹൃദയങ്ങൾ. മലയാള സിനിമ ലോകത്ത് ഏറെ വ്യത്യസ്ത അനുഭവങ്ങൾ കാഴ്ചവയ്ക്കുന്ന ഒരു സസ്പെൻസ് ത്രില്ലർ കൂടിയാണ് മോൺസ്റ്റർ.