തുടർച്ചയായി 36 കളികളിൽ തോൽവി അറിഞ്ഞിട്ടില്ലെന്ന അർജന്റീന ടീമിന്റെയും ആരാധകരുടെയും അഹങ്കാരത്തിന് മേൽ കിട്ടിയ വെള്ളിടിയായിരുന്നു, 2022 ഖത്തർ ലോകകപ്പിലെ ആദ്യ കളിയിലെ അർജന്റീനയുടെ പരാജയം. വലിയ നിരാശയാണിത് ടീമിനും ആരാധകർക്കും നൽകിയിട്ടുള്ളത്. മെസ്സി ഗോൾ നേടിയെന്നത് മാത്രമാണ് അർജന്റീന – സൗദി മാച്ചിനെ കുറിച്ച് ആരാധകർക്കുള്ള ഏക നല്ല ഓർമ്മ.
പെനാൽറ്റിയിൽ തന്റെ ഒറ്റയാൾ പോരാട്ടത്തിലൂടെ മെസ്സി അടിച്ചെടുത്ത ഗോൾ വലിയ പ്രതീക്ഷയാണ് അർജന്റീനയ്ക്ക് കൊടുത്തത്. എന്നാൽ പിന്നീട് ഓഫ്സൈഡ് ശ്രദ്ധിക്കുന്നതിൽ വന്ന പാളിച്ച കളിയെ, അർജെന്റീനയുടെ നിയന്ത്രണത്തിൽ നിന്നും ഗതിമാറ്റി. രണ്ടാം പകുതിയിൽ മെസ്സി നേടിയ ഗോളും, ലൗട്ടരോ മാർട്ടിനസ് നേടിയ ഗോളും ഓഫ്സൈഡ് ആയി. അർജന്റീനയുടെ ഈ ദൗർബല്യത്തെ മുതലെടുത്ത സൗദി 2-1 നു ചരിത്ര വിജയം നേടുകയും ചെയ്തു.
“ഒഴിവുകഴിവുകൾ ഒന്നും തന്നെ പറയാനില്ല, ഞങ്ങൾ മുൻപ് എപ്പോൾ ഉണ്ടായിരുന്നതിലും കൂടുതൽ ഐക്യപ്പെടും. ഈ ഗ്രൂപ്പ് വളരെ ശക്തമാണ്, ഞങ്ങളത് തെളിയിച്ചിട്ടുമുണ്ട്. ഒരുപാട് കാലമായി ഞങ്ങൾ നേരിടാത്ത ഒരു സാഹചര്യത്തിലൂടെയാണ് ഇപ്പോൾ കടന്ന് പോകുന്നത്. യഥാർത്ഥത്തിൽ ഞങ്ങളുടെ ടീം എന്തെന്ന് തെളിയിക്കാനുള്ള സമയം ആയിരിക്കുന്നു. “മത്സര ശേഷം മെസ്സി പ്രതികരിച്ചു.
ഫിഫയുടെ വേൾഡ് കപ്പ് റാങ്കിങ്ങിൽ 3 സ്ഥാനത്താണ് അർജന്റീന. അവസാനത്തെതിന് തൊട്ടുമുമ്പുള്ള റാങ്കായ 53 ആം സ്ഥാനത്തുള്ള സൗദി അർജന്റീനയെ തോൽപ്പിച്ചത് വലിയ ആട്ടിമറിയായാണ് കായികലോകം നോക്കിക്കാണുന്നത്. ‘ഇത് കനത്ത തിരിച്ചടിയാണ്. ഞങ്ങളിങ്ങനെ ഒരു തുടക്കമല്ല പ്രതീക്ഷിച്ചത്.’ മെസ്സി പറഞ്ഞു.
മെക്സിക്കോയും, പോളണ്ടുമായുള്ള അടുത്ത രണ്ട് മാച്ചിലും അർജന്റീനയ്ക്ക് ജയം അനിവാര്യമാണ്. ഇനി ഒരു തോൽവി, ടീമിനെ വേൾഡ് കപ്പിൽ നിന്നും പുറത്താക്കും. സമനില പോലും, മറ്റ് ഗ്രൂപ്പിലെ ടീമുകളുടെ പ്രകടനത്തിനനുസരിച്ച് മാത്രമേ അർജന്റീനയെ രക്ഷിക്കുകയുള്ളു.
അർജന്റീന അവസാനമായി നോക്ക്ഔട്ട് ഘട്ടത്തിൽ എത്താതിരുന്നിട്ടുള്ളത് 2002 ഇൽ മെസ്സി ടീമിലെത്തുന്നതിനു മുൻപാണ്. വേൾഡ് കപ്പ് ഫൈനലിലേക്കും, കോപ്പ അമേരിക്ക കപ്പിലേക്കും അർജന്റീന ടീമിനെ നയിച്ചിട്ടുള്ള, ലോകത്തെ തന്നെ ഏറ്റവും മികച്ച കളിക്കാരന്റെ കരിയറിലെ ലോ പോയിന്റായാണ് ഇപ്പോഴത്തെ അവസ്ഥയെ പലരും വിലയിരുത്തുന്നത്.